ഏറ്റുമുട്ടല്‍ വിദഗ്ധരില്‍ പ്രമുഖന്‍, 69 ഗുണ്ടകളെ വെടിവെച്ചു വീഴ്ത്തി, ഇന്ന് വിവാദ നായകന്‍; സച്ചിന്‍ വാസയ്ക്ക് വീണ്ടും സസ്‌പെന്‍ഷന്‍

17 വര്‍ഷത്തെ സര്‍വീസിനിടെ ഇത് രണ്ടാം തവണയാണ് സച്ചിന്‍ വാസേ സസ്‌പെന്‍ഷനിലാവുന്നത്
സച്ചിന്‍ വാസേയെ എന്‍ഐഎ കോടതിയിലേക്ക് കൊണ്ടുപോകുന്നു/ പിടിഐ ചിത്രം
സച്ചിന്‍ വാസേയെ എന്‍ഐഎ കോടതിയിലേക്ക് കൊണ്ടുപോകുന്നു/ പിടിഐ ചിത്രം

മുംബൈ: വ്യവസായി മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍ നിറച്ച വാഹനം കണ്ടെത്തിയ സംഭവത്തില്‍ അറസ്റ്റിലായ മുംബൈ പൊലീസിലെ അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ സച്ചിന്‍ വാസേയ്ക്ക് വീണ്ടും സസ്‌പെന്‍ഷന്‍. 17 വര്‍ഷത്തെ സര്‍വീസിനിടെ ഇത് രണ്ടാം തവണയാണ് സച്ചിന്‍ വാസേ സസ്‌പെന്‍ഷനിലാവുന്നത്.

മാര്‍ച്ച് 25വരെ എന്‍ഐഎ കസ്റ്റഡിയില്‍ വിട്ട സച്ചിന്‍ വാസേയെ സസ്‌പെന്‍ഡ് ചെയ്ത് കൊണ്ടുള്ള ഉത്തരവ് മുംബൈ പൊലീസാണ് പുറപ്പെടുവിച്ചത്. ഫെബ്രുവരി 25ന് അംബാനിയുടെ വീടിന് സമീപത്ത് നിന്ന് 20 ജലാസ്റ്റിന്‍ സ്റ്റിക് നിറച്ച എസ്‌യുവി കണ്ടെത്തിയ സംഭവത്തില്‍ ദേശീയ അന്വേഷണ ഏജന്‍സിയും മഹാരാഷ്ട്ര ഭീകരവാദ വിരുദ്ധ സേനയും സച്ചിന്‍ വാസേയുടെ പങ്ക് അന്വേഷിച്ച് വരികയാണ്. എസ്‌യുവിയുടെ ഉടമ മന്‍സുഖ് ഹിരേനെ ദുരൂഹസാഹചര്യത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തിയതോടെയാണ് കേസന്വേഷണം എന്‍ഐഎയ്ക്ക് വിട്ടത്. സച്ചിന്‍ വാസേയെ മണിക്കൂറുകളോളം ചോദ്യം ചെയ്ത ശേഷമാണ് അറസ്റ്റ് രേഖപ്പെടുത്തിയത്.

1990 ബാച്ച് പൊലീസ് ഉദ്യോഗസ്ഥനായ സച്ചിന്‍ വാസേ, 2002ലെ ഘാഡ്‌ക്കോപ്പര്‍ ബോംബ് സ്‌ഫോടന കേസിലെ പ്രതിയായ ക്വാജ യൂനുസിന്റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ടാണ് ആദ്യമായി സസ്‌പെന്‍ഷനിലായത്. കഴിഞ്ഞവര്‍ഷമാണ് ഇദ്ദേഹത്തെ പൊലീസ് സേനയിലേക്ക് തിരിച്ചെടുത്തത്. അസിസ്റ്റന്റ് പൊലീസ് ഇന്‍സ്‌പെക്ടറായിട്ടായിരുന്നു നിയമനമെങ്കിലും ആദ്യം ക്രൈംബ്രാഞ്ചിലും പിന്നീട് ക്രൈം ഇന്റലിജന്‍സ് യൂണിറ്റിലേക്കും ചുമതലപ്പെടുത്തി. പല പ്രധാന കേസുകളുടെയും അന്വേഷണം അദ്ദേഹം ഏറ്റെടുത്തു. അതിനിടയിലാണ് വീണ്ടും സസ്‌പെന്‍ഷനിലായത്. മുംബൈ പൊലീസില്‍ ഇത് പതിവല്ല എന്നാണ് അധികൃതര്‍ അറിയിച്ചു.

നഗരത്തിലെ ഏറ്റുമുട്ടല്‍ വിദഗ്ധരില്‍ ഒരാളായ സച്ചിന്‍ വാസേ അറസ്റ്റിന് ദിവസങ്ങള്‍ക്ക് മുന്‍പ് ഇട്ട വാട്‌സ്ആപ്പ് സ്റ്റാറ്റസ് വലിയ വിവാദങ്ങള്‍ക്കാണ് തിരികൊളുത്തിയത്.  '2004ല്‍ തന്നെ വ്യാജ കേസില്‍ അറസ്റ്റ് ചെയ്തതിന് സമാനമായി ഈ കേസിലും കുടുക്കാന്‍ ശ്രമിക്കുന്നു. എന്റെ ജീവിതം അവസാനിക്കാന്‍ പോകുന്നു. ചരിത്രം വീണ്ടും ആവര്‍ത്തിക്കുകയാണ്. സഹപ്രവര്‍ത്തകര്‍ എന്നെ കുടുക്കാന്‍ ശ്രമിക്കുകയാണ്. ഒരു ചെറിയ വ്യത്യാസം ഉണ്ടെന്ന് മാത്രം. നീണ്ട പതിനേഴ് വര്‍ഷത്തെ പ്രതീക്ഷയ്ക്കും സഹനശേഷിക്കും ശേഷം എന്നുമാത്രം.' - സച്ചിന്‍ വാസേയുടെ വാക്കുകള്‍ ഇങ്ങനെ. 69 ഗുണ്ടകളെയും അക്രമികളെയും വെടിവെച്ചു വീഴ്ത്തിയാണ് സച്ചിന്‍ വാസേ ഏറ്റുമുട്ടല്‍ വിദഗ്ധന്‍ എന്ന നിലയില്‍ പ്രശസ്തനായത്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com