'മംഗല്യദോഷം' മൂലം വിവാഹം നടക്കുന്നില്ല, 13 കാരനായ വിദ്യാര്‍ത്ഥിയെ 'വിവാഹം' കഴിച്ച് അധ്യാപിക, ഒരാഴ്ച തടങ്കലിലാക്കിയെന്ന് പരാതി

ട്യൂഷനായി വിദ്യാര്‍ത്ഥിയെ ഒരാഴ്ച വീട്ടില്‍ താമസിപ്പിക്കണമെന്ന് അധ്യാപിക കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ജലന്ധര്‍ : മംഗല്യദോഷം മാറാന്‍ അധ്യാപിക 13കാരനായ വിദ്യാര്‍ത്ഥിയെ വിവാഹം കഴിച്ചു. പഞ്ചാബിലെ ജലന്ധര്‍ ബസ്തി ബവാഖേലിലാണ് സംഭവം. പുരോഹിതന്റെ നിര്‍ദേശപ്രകാരം ജാതകത്തിലെ മംഗല്യദോഷം മാറാനാണ് പ്രതീകാത്മക വിവാഹം നടത്തിയതെന്ന് യുവതിയുടെ കുടുംബം പൊലീസിനോട് പറഞ്ഞു. 

മംഗല്യദോഷം കാരണം വിവാഹം നടക്കാത്തതില്‍ അധ്യാപികയായ യുവതിയും കുടുംബം ഏറെ വിഷമത്തിലായിരുന്നു. ഇതിനിടെ ദോഷം മാറാന്‍ പ്രായപൂര്‍ത്തിയാകാത്ത ആണ്‍കുട്ടിയുമായി പ്രതീകാത്മക വിവാഹം നടത്താന്‍ പുരോഹിതന്‍ നിര്‍ദേശിച്ചു. ഇതേത്തുടര്‍ന്ന് ട്യൂഷന്‍ ക്ലാസിലെ വിദ്യാര്‍ത്ഥിയായ 13കാരനെ അധ്യാപിക വരനായി തെരഞ്ഞെടുക്കുകയായിരുന്നു.

ട്യൂഷനായി വിദ്യാര്‍ത്ഥിയെ ഒരാഴ്ച വീട്ടില്‍ താമസിപ്പിക്കണമെന്ന് അധ്യാപിക കുട്ടിയുടെ വീട്ടുകാരോട് പറഞ്ഞു. ഇതനുസരിച്ച് വിദ്യാര്‍ത്ഥി യുവതിയുടെ വീട്ടില്‍ താമസിച്ചു. ഇതിനിടെയാണ് വിവാഹവും മറ്റു ചടങ്ങുകളും നടന്നത്. വിവാഹചടങ്ങുകള്‍ക്ക് ശേഷം അധ്യാപിക വളകള്‍ ഉടച്ച് സ്വയം വിധവയായി പ്രഖ്യാപിച്ചു. പിന്നാലെ പ്രതീകാത്മകമായി ആചാര ചടങ്ങുകളും നടത്തി.

ഒരാഴ്ച കഴിഞ്ഞ് ആണ്‍കുട്ടി സ്വന്തം വീട്ടിലെത്തിയപ്പോഴാണ് നടന്ന സംഭവങ്ങള്‍  മാതാപിതാക്കളോട് വെളിപ്പെടുത്തിയത്. തുടര്‍ന്ന് ഇവര്‍ പരാതിയുമായി പൊലീസിനെ സമീപിച്ചു. തടവിലാക്കി വിവാഹം നടത്തിയതിന് പുറമെ വീട്ടുജോലികളും കുട്ടിയെക്കൊണ്ട് ചെയ്യിച്ചതായി പരാതിയില്‍ പറയുന്നു. 

സംഭവത്തില്‍ വിദ്യാര്‍ത്ഥിയുടെ കുടുംബം പൊലീസില്‍ പരാതി നല്‍കിയെങ്കിലും അധ്യാപികയുടെ സമ്മര്‍ദത്തെ തുടര്‍ന്ന് പരാതി പിന്‍വലിച്ചു. എന്നാല്‍ വിവരം അറിഞ്ഞ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ തടങ്കലില്‍ വെച്ചത് ഗുരുതരമായ കുറ്റമാണെന്ന് ജലന്ധര്‍ എസ്പി പറഞ്ഞു. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com