കുടിലില്‍നിന്നു വന്നു, കോടീശ്വരനെ വീഴ്ത്തി; ഇങ്ങനെയും ചില ഭംഗികളുണ്ട് ജനാധിപത്യത്തിന് 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 05th May 2021 11:58 AM  |  

Last Updated: 05th May 2021 11:58 AM  |   A+A-   |  

Marimuthu

കെ മാരിമുത്തു/ട്വിറ്റര്‍

 

ഗോലിയാത്തിനെ വീഴ്ത്തിയ ദാവീദാണ്, ഇപ്പോള്‍ മാരിമുത്തു. കുടിലില്‍നിന്നു വന്നു കോടീശ്വരനെ തോല്‍പ്പിച്ച പോരാളി. 

തിരുത്തുറൈപോണ്ടിയിലെ സിപിഐ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചപ്പോള്‍ തന്നെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു കെ മാരിമുത്തു. ഇങ്ങനെയും ഒരു രാഷ്ട്രീയ നേതാവോ എന്ന് അതിശയപ്പെടും വിധമാണ് മാരിമുത്തുവിന്റെ ജീവിതം. 

വര്‍ഷങ്ങളായി പൊതുപ്രവര്‍ത്തന രംഗത്ത് സജീവമാണ് മാരിമുത്തു. പക്ഷേ ഇപ്പോഴും ഓലമേഞ്ഞ മണ്‍കൂരയ്ക്ക് കീഴിലാണ് താമസം. ആ വീട്ടിലാണെങ്കിലോ, ഗജ ചുഴലിക്കാറ്റ് ആഞ്ഞുവീശിയപ്പോള്‍ മേല്‍ക്കൂര പറന്നുംപോയി. 

കടുവക്കുടി ഗ്രാമത്തിലാണ് 49കാരനായ മാരിമുത്തു താമസിക്കുന്നത്. രണ്ടു വര്‍ഷം മുന്‍പ്, ചുഴലിക്കാറ്റില്‍ തകര്‍ന്ന വീട് നേരെയാക്കാനായി പണം സമ്പാദിക്കാനുള്ള അലച്ചിലിലാണ് ഇപ്പോഴും മാരിമുത്തു. 

ടാര്‍പോളിന്‍ ഷീറ്റ് കൊണ്ട് തത്ക്കാലത്തേക്ക് മേല്‍ക്കൂര മറച്ചു. മാരിയുടെ ഭാര്യ ജയസുധയും അമ്മയും കര്‍ഷക തൊഴിലാളികളാണ്. വീട് നന്നാക്കാനായി ഒരു എന്‍ജിഒ 50,000രൂപ നല്‍കിയിരുന്നതായി മാരിമുത്തു പറയുന്നു. എന്നാല്‍ ഈ പണം ഗ്രാമത്തില്‍ പൂര്‍ണമായി തകര്‍ന്ന വീട് ശരിയാക്കാനായി നല്‍കുകയായിരുന്നു. ഭാവിയില്‍ താന്‍ നല്ലൊരു വീട് വയ്ക്കുമെന്നും മാരിമുത്തു കൂട്ടിച്ചേര്‍ത്തു. 

ഡിഎംകെയുടെ നേതൃത്വത്തിലുള്ള സഖ്യത്തിലാണ് മാരിമുത്തു മത്സരിച്ചത്. അണ്ണാ ഡിഎംകെയുടെ സുരേഷ് കുമാര്‍ ആയിരുന്നു എതിരാളി, കോടീശ്വരന്‍. ഇല്ലായ്മ പണത്തിന്റെ കാര്യത്തില്‍ മാത്രമാണെന്നും ജനപിന്തുണയില്‍ താനാണ് സമ്പന്നന്‍ എന്നും തെളിയിച്ചു, ഫലം വന്നപ്പോള്‍ മാരിമുത്തു-29,102 വോട്ടിന്റെ ഭൂരിപക്ഷം. 

മേഖലയിലെ ഭൂരഹിതരുടെയും തൊഴിലില്ലാത്തവരുടെയും പ്രശ്‌നങ്ങള്‍ക്കു പരിഹാരം കാണാന്‍ പരമാവധി ശ്രമിക്കുമെന്ന് മാരിമുത്തു പറഞ്ഞു.