കുട്ടികള്‍ക്കുള്ള വാക്‌സിന്‍: കോവാക്‌സിന്റെ അടുത്ത ഘട്ട പരീക്ഷണത്തിന് ഡ്രഗ്‌സ് കണ്‍ട്രോളറുടെ അനുമതി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 13th May 2021 11:01 AM  |  

Last Updated: 13th May 2021 11:01 AM  |   A+A-   |  

VACCINATION IN INDIA

ഫയല്‍ ചിത്രം

 

ന്യൂഡല്‍ഹി: കുട്ടികള്‍ക്കുള്ള വാക്സിന്‍ ഉടന്‍ തന്നെ തയ്യാറാവുമെന്ന പ്രതീക്ഷ നല്‍കി, പ്രമുഖ മരുന്ന് കമ്പനിയായ ഭാരത് ബയോടെക്കിന്റെ കോവാക്സിന്റെ കുട്ടികള്‍ക്കുള്ള വാക്സിന്‍ പരീക്ഷണത്തിന്റെ അടുത്ത ഘട്ടങ്ങള്‍ക്ക് ഡ്രഗ്രസ് കണ്‍ട്രോളറുടെ അനുമതി. വാക്സിന്‍ പരീക്ഷണത്തിന്റെ അടുത്ത ഘട്ടങ്ങള്‍ക്ക് അനുമതി നല്‍കാന്‍ വിദഗ്ധ സമിതി ശുപാര്‍ശ നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് രണ്ടു മുതല്‍ 18 വയസ് വരെയുള്ള കുട്ടികള്‍ക്ക് ഇടയില്‍ അടുത്ത ഘട്ട വാക്‌സിന്‍ പരീക്ഷണം നടത്താന്‍ ഡ്രഗ്‌സ് കണ്‍ട്രോളര്‍ അനുമതി നല്‍കിയത്.

വിവിധ സ്ഥലങ്ങളിലായി 525 പേരിലാണ് പരീക്ഷണം നടത്തുക. എയിംസ് ഉള്‍പ്പെടെ പ്രമുഖ ആശുപത്രികളിലാണ് പരീക്ഷണം. ഡ്രഗ്സ് കണ്‍ട്രോളറിന്റെ കീഴിലുള്ള വിദഗ്ധ സമിതിയാണ് കോവാക്സിന്‍ പരീക്ഷണവുമായി മുന്നോട്ടുപോകാന്‍ ശുപാര്‍ശ നല്‍കിയത്.

കോവിഡ് മൂന്നാം തരംഗത്തില്‍ കുട്ടികള്‍ക്ക് രോഗം പകരാന്‍ സാധ്യത കൂടുതലാണെന്ന് മുന്നറിയിപ്പുകള്‍ വന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ കുട്ടികള്‍ക്ക് ഇടയിലുള്ള വാക്സിന്‍ പരീക്ഷണം വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ നടപടികള്‍ ശക്തമാക്കിയതായാണ് റിപ്പോര്‍ട്ടുകള്‍. കഴിഞ്ഞദിവസം അമേരിക്കയില്‍ കുട്ടികള്‍ക്ക് ഇടയില്‍ ഫൈസര്‍ വാക്സിന്‍ നല്‍കാന്‍ അനുമതി നല്‍കിയിരുന്നു.