ബിഹാറില്‍ ലോക്ക്ഡൗണ്‍ നീട്ടി; നിയന്ത്രണങ്ങള്‍ ഈ മാസം 25 വരെ തുടരും

By സമകാലിക മലയാളം ഡെസ്ക്  |   Published: 13th May 2021 07:04 PM  |  

Last Updated: 13th May 2021 07:04 PM  |   A+A-   |  

Lockdown Extended In Bihar

ഫോട്ടോ: ‌ട്വിറ്റർ

 

പട്‌ന: കോവിഡ് വ്യാപനം കുറയാത്ത സാഹചര്യത്തില്‍ ബിഹാറില്‍ ലോക്ക്ഡൗണ്‍ നീട്ടി. ഈ മാസം 25 വരെയാണ് അടച്ചുപൂട്ടല്‍ നീട്ടിയിരിക്കുന്നത്. മുഖ്യമന്ത്രി നിതീഷ് കുമാറാണ് ലോക്ക്ഡൗണ്‍ നീട്ടിയതായി പ്രഖ്യാപിച്ചത്. 

നേരത്തെ ഈ മാസം അഞ്ച് മുതല്‍ 15 വരെയായിരുന്നു ലോക്ക്ഡൗണ്‍ പ്രഖ്യാപിച്ചത്. മരണ സംഖ്യ ഉയരുന്ന സാഹചര്യം കൂടി കണക്കിലെടുത്താണ് ഇപ്പോള്‍ പത്ത് ദിവസത്തേക്ക് കൂടി സംസ്ഥാനം അടച്ചിടാന്‍ തീരുമാനിച്ചിരിക്കുന്നത്. ഒന്നാം ഘട്ടം 15ന് അവസാനിക്കും. പിന്നാലെ 16 മുതല്‍ 25 വരെയാണ് രണ്ടാം ഘട്ട ലോക്ക്ഡൗണ്‍. 

സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ മുഖ്യമന്ത്രി ഇന്ന് മന്ത്രിമാരും ഉദ്യോഗസ്ഥരുമടങ്ങുന്ന ഉന്നതരുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് ലോക്ക്ഡൗണ്‍ നീട്ടുന്നതായി അദ്ദേഹം പ്രഖ്യാപിച്ചത്. 

സംസ്ഥാനത്തെ രോഗികളുടെ എണ്ണം ക്രമാതീതമായാണ് ഏപ്രില്‍ മാസത്തെ അപേക്ഷിച്ച് ഉയര്‍ന്നത്. നിലവില്‍ ആറ് ലക്ഷത്തിന് മുകളിലാണ് ബിഹാറില്‍ രോഗികളുടെ എണ്ണം. മരണ സംഖ്യ 3,500ന് മുകളില്‍ എത്തുകയും ചെയ്തു.