ബംഗളൂരു നഗരത്തെയും ആശങ്കയിലാഴ്ത്തി ബ്ലാക്ക് ഫംഗസ്, പ്രതിദിനം 25 കേസുകള്‍; രോഗം ഗുരുതരമാകുന്നതായി ഡോക്ടര്‍മാര്‍

മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും പിന്നാലെ കര്‍ണാടകയിലും ബ്ലാക്ക് ഫംഗസ് ബാധ പടരുന്നതില്‍ ആശങ്ക
കോവിഡ് പരിശോധന/ എപി ചിത്രം
കോവിഡ് പരിശോധന/ എപി ചിത്രം

ബംഗളൂരു: മഹാരാഷ്ട്രയ്ക്കും ഗുജറാത്തിനും പിന്നാലെ കര്‍ണാടകയിലും ബ്ലാക്ക് ഫംഗസ് ബാധ പടരുന്നതില്‍ ആശങ്ക. ബംഗളൂരു നഗരത്തില്‍ പ്രതിദിനം 25 രോഗികള്‍ ചികിത്സ തേടി എത്തുന്നതായാണ് റിപ്പോര്‍ട്ടുകള്‍. 

കോവിഡിന് പിന്നാലെയാണ് മ്യൂക്കര്‍മൈക്കോസിസ് രോഗം പിടിപെടുന്നത്. രക്തത്തില്‍ പഞ്ചസാരയുടെ അളവ് കൂടുതല്‍ ഉള്ളവരിലാണ് ഇത് കൂടുതലായി കണ്ടുവരുന്നത്. മഹാരാഷ്ട്രയില്‍ മാത്രം 1500ലധികം പേര്‍ക്ക് ഫംഗസ് ബാധ സ്ഥിരീകരിച്ചിട്ടുണ്ട്. ഈ രോഗം ബാധിച്ച് 52 പേര്‍ മരിച്ചതായി മഹാരാഷ്ട്ര സര്‍ക്കാര്‍ സ്ഥിരീകരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് കര്‍ണാടകയെയും ആശങ്കയിലാഴ്ത്തി ഫംഗസ് ബാധ പടരുന്നത്.

നിരവധി രോഗികള്‍ ഫംഗസ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായതായി ബംഗളൂരുവിലെ ഡോക്ടര്‍മാര്‍ പറയുന്നു. ബംഗളൂരുവില്‍ സ്ഥിതിഗതികള്‍ രൂക്ഷമാണെന്ന് ഫോര്‍ട്ടിസ് ആശുപത്രിയിലെ പ്രശസ്ത ഇഎന്‍ടി വിദഗ്ധന്‍ ഡോ. സുശീന്‍ ദത്ത് പറയുന്നു. ഓരോ ദിവസം കഴിയുന്തോറും രോഗികളുടെ എണ്ണം ഉയരുകയാണ്. ശരാശരി 25 രോഗികളാണ് ചികിത്സ തേടി എത്തുന്നതെന്നും സുഷീന്‍ ദത്ത് പറയുന്നു.

ബ്ലാക്ക് ഫംഗസ് രോഗികളെ ചികിത്സിക്കുന്നതിന് പ്രത്യേക സംവിധാനം ഒരുക്കിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി കെ സുധാകര്‍ പറഞ്ഞു. സ്റ്റിറോയിഡിന്റെ അമിത ഉപയോഗവും അനിയന്ത്രിതമായ പ്രമേഹവുമാണ് ഫംഗസ് ബാധയ്ക്ക് കാരണം. ബ്ലാക്ക് ഫംഗസ് രോഗത്തിന് ചികിത്സ ചെലവ് കൂടുതലാണ്. ഏഴാഴ്ചയോളം ചികിത്സയില്‍ തുടരേണ്ടി വരുന്നതിനാല്‍ വലിയ തുക ചെലവഴിക്കേണ്ടി വരുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com