ടയറുകള്‍ കൂട്ടിയിട്ടു കത്തിച്ച് ശവസംസ്‌കാരം, കാഴ്ചക്കാരായി പൊലീസുകാര്‍; ഗംഗാതീരത്ത് നിന്ന് വീണ്ടും നടുക്കുന്ന ദൃശ്യം

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 18th May 2021 04:01 PM  |  

Last Updated: 18th May 2021 04:01 PM  |   A+A-   |  

CREAMATION IN UP

ടയറുകള്‍ കൂട്ടത്തോടെയിട്ട് കത്തിച്ച് ശവസംസ്‌കാരം

 

ലക്‌നൗ: കോവിഡ് വ്യാപനം അതിരൂക്ഷമായി തുടരുന്നതിനിടെ, ഉത്തര്‍പ്രദേശില്‍ ഗംഗയില്‍ ഒന്നിന് പിറകേ ഒന്നായി മൃതദേഹങ്ങള്‍ പൊന്തികിടക്കുന്നതിന്റെ ദൃശ്യങ്ങള്‍ വേദനയോടെയാണ് രാജ്യം കണ്ടത്. ഇപ്പോള്‍ മൃതദേഹം ടയറുകള്‍ ഉപയോഗിച്ച് പെട്രോള്‍ ഒഴിച്ച് കത്തിക്കുന്നതിന്റെ വീഡിയോയാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നത്.

ബലിയയില്‍ നിന്നുള്ള ദൃശ്യങ്ങളാണ് നൊമ്പരപ്പെടുത്തുന്നത്. പൊലീസ് ഉദ്യോഗസ്ഥര്‍ കാഴ്ചക്കാരെ പോലെ നോക്കിനില്‍ക്കുമ്പോഴാണ് നിയമവിരുദ്ധമായ സംസ്‌കാരം. ഒരാള്‍ ടയറുകള്‍ ഉപയോഗിച്ച് പെട്രോള്‍ ഒഴിച്ച് മൃതദേഹം അതിവേഗത്തില്‍ കത്തിക്കുന്നതാണ് ദൃശ്യങ്ങളില്‍ വ്യക്തമാകുന്നത്. ഗംഗാ നദിയുടെ തീരത്താണ് സംഭവം നടന്നത്. 

മൃതദേഹങ്ങള്‍ പുഴയില്‍ തള്ളുന്നത് വര്‍ധിച്ചതോടെ, നിരീക്ഷണം ശക്തമാക്കാന്‍ കഴിഞ്ഞദിവസം മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഉത്തരവിട്ടിരുന്നു. ഗംഗയുടെ ഉള്‍പ്പെടെ നദീതീരങ്ങളില്‍ മൃതദേഹം അലക്ഷ്യമായി പുഴയില്‍ വലിച്ചെറിയുന്നില്ല ഉറപ്പുവരുത്താനാണ് നിര്‍ദേശം. അതിനിടെയാണ് ബലിയയില്‍ ടയറുകള്‍ ഉപയോഗിച്ച് പെട്രോള്‍ ഒഴിച്ച് മൃതദേഹം കത്തിക്കുന്ന വീഡിയോ പുറത്തുവന്നത്. സംഭവത്തില്‍ അഞ്ചു പൊലീസ് ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡ് ചെയ്യുകയും അന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തു.