തട്ടം മാറ്റില്ല എന്ന് നവവധു, നാട്ടുകാരോട് മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടു; കോവിഡ് പരിശോധനയ്ക്ക് എത്തിയ ആരോഗ്യപ്രവര്‍ത്തകരെ വളഞ്ഞിട്ട് ആക്രമിച്ച് നാട്ടുകാര്‍ 

കോവിഡ് പരിശോധനയ്ക്ക് വധു സ്ഥലത്ത് എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കോവിഡ് പരിശോധനയ്ക്ക് എത്തിയ യുവതിക്ക് വേണ്ടി കുറച്ചുനേരം മാറിനില്‍ക്കാന്‍ ആവശ്യപ്പെട്ടതിനെ ചൊല്ലിയുള്ള തര്‍ക്കത്തിന് ഒടുവില്‍ ആരോഗ്യപ്രവര്‍ത്തകരെ ഒരു വിഭാഗം നാട്ടുകാര്‍ ചേര്‍ന്ന് മര്‍ദ്ദിച്ചതായി പരാതി. കോവിഡ് പരിശോധനയ്ക്ക് തട്ടം മാറ്റാന്‍ നവവധുവായ യുവതിയോട് ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ നാട്ടുകാരുടെ മുന്നില്‍ തട്ടം മാറ്റാന്‍ സാധിക്കില്ല എന്ന് നവവധു ആവര്‍ത്തിച്ച് പറഞ്ഞു. ഇതിന് പിന്നാലെ കോവിഡ് പരിശോധനയ്ക്ക് സൗകര്യം ഒരുക്കുന്നതിന് അവിടെ കൂടി നിന്ന നാട്ടുകാരോട് യുവതിക്ക് വേണ്ടി ഒതുങ്ങി നില്‍ക്കാന്‍ ആവശ്യപ്പെട്ടതാണ് പ്രകോപനത്തിന് കാരണം.

അലിഗഡിലെ സാഹാ നഗര്‍ സരൗള ഗ്രാമത്തിലാണ് സംഭവം. ഗ്രാമവാസികളുടെ സാമ്പിളുകള്‍ എടുക്കുന്നതിനാണ് ആരോഗ്യപ്രവര്‍ത്തകര്‍ സ്ഥലത്ത് എത്തിയത്. തുടക്കത്തില്‍ ഗ്രാമവാസികള്‍ ആന്റിജന്‍ ടെസ്റ്റ് നടത്തുന്നതിന് സഹകരിച്ചിരുന്നു. കോവിഡ് പരിശോധനയ്ക്ക് വധു സ്ഥലത്ത് എത്തിയതോടെയാണ് സംഭവങ്ങളുടെ തുടക്കം.

അടുത്തിടെ വിവാഹം ചെയ്ത യുവതിയോട് കോവിഡ് പരിശോധനയ്ക്കായി തട്ടം മാറ്റാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. എന്നാല്‍ പരിശോധനയ്ക്ക് എത്തിയ നാട്ടുകാരുടെ മുന്നില്‍ വച്ച് തട്ടം മാറ്റാന്‍ സാധിക്കില്ല എന്ന് വധു നിലപാട് അറിയിച്ചു. ആവര്‍ത്തിച്ച് ആവശ്യപ്പെട്ടിട്ടും തട്ടം മാറ്റാന്‍ കൂട്ടാക്കാതെ വന്നതോടെ, നാട്ടുകാരോട് കുറച്ച് നേരം മാറിനില്‍ക്കാന്‍ ആരോഗ്യപ്രവര്‍ത്തകര്‍ ആവശ്യപ്പെട്ടു. ഇതില്‍ പ്രകോപിതരായ നാട്ടുകാരില്‍ ചിലര്‍ ആരോഗ്യപ്രവര്‍ത്തകരെ മര്‍ദ്ദിക്കുകയായിരുന്നു. രണ്ട് ആരോഗ്യപ്രവര്‍ത്തകര്‍ക്ക് ഗുരുതരമായി പരിക്കേറ്റതായാണ് റിപ്പോര്‍ട്ടുകള്‍. 

യുവാക്കള്‍ അടക്കമുള്ള നാട്ടുകാരാണ് ആരോഗ്യപ്രവര്‍ത്തകരെ കൂട്ടം ചേര്‍ന്ന് മര്‍ദ്ദിച്ചത്. കൂടാതെ ഔദ്യോഗിക രേഖകളും പരിശോധനയ്ക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങളും നശിപ്പിച്ചതായും  റിപ്പോര്‍ട്ടുകളുണ്ട്. സംഭവത്തില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com