കലക്ടര്‍ക്കു പിന്നാലെ യുവാവിന്റെ മുഖത്തടിച്ച് വനിതാ ഡെപ്യൂട്ടി കലക്ടര്‍ ; വിവാദം; വീഡിയോ പുറത്ത്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th May 2021 11:20 AM  |  

Last Updated: 24th May 2021 12:32 PM  |   A+A-   |  

covid violation

യുവാവിന്റെ മുഖത്തടിക്കുന്ന ഡെപ്യൂട്ടി കളക്ടര്‍ മഞജുഷ വിക്രാന്ത് റായ്

 

ഭോപ്പാല്‍:  ലോക്ക്ഡൗണ്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ ലംഘിച്ചെന്നാരോപിച്ച്  യുവാവിനെ ജില്ല കലക്ടര്‍ മുഖത്തടിച്ച സംഭവത്തിന് പിന്നാലെ സമാനമായ മറ്റൊരു സംഭവം കൂടി. മധ്യപ്രദേശിലെ ഷാജാപ്പൂര്‍ ജില്ലയിലെ ഡെപ്യൂട്ടി കലക്ടര്‍ മഞജുഷ വിക്രാന്ത് റായ് യുവാവിന്റെ മുഖത്തടിക്കുന്ന വീഡിയോയാണ് പുറത്തുവന്നത്.  ലോക്ക്ഡൗണ്‍ കാലയളവില്‍ ചെരുപ്പ് കട തുറന്നതിനാണ് മര്‍ദ്ദനം. മര്‍ദ്ദിക്കുന്നതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചിരുന്നു. ഡെപ്യൂട്ടി കലക്ടര്‍ക്കെതിരെ നടപടി വേണമെന്നാണ് സമൂഹമാധ്യമങ്ങളില്‍ ഒരു വിഭാഗം ആവശ്യപ്പെടുന്നത്. 

ഛത്തീസ്ഗഢിലെ സുരാജ്പുര്‍ ജില്ലയില്‍ യുവാവിനെ മര്‍ദ്ദിച്ച സംഭവത്തില്‍ ജില്ലാ കലക്ടര്‍ മാപ്പുപറഞ്ഞിരുന്നു. ജില്ലാകളക്ടര്‍ രണ്‍ബീര്‍ ശര്‍മ്മയാണ് യുവാവിന്റെ മുഖത്തടിയ്ക്കുകയും ഫോണ്‍ വലിച്ചെറിഞ്ഞ് നശിപ്പിക്കുകയും ചെയ്തത്. ഈ ദൃശ്യങ്ങള്‍സാമൂഹികമാധ്യമങ്ങളില്‍ വൈറലായതോടെയാണ് ജില്ലാ കലക്ടര്‍ ക്ഷമാപണവുമായെത്തിയത്. 

വീഡിയോ വ്യാപകമായി പ്രചരിക്കപ്പെട്ടതോടെ കലക്ടര്‍ക്കെതിരെ വ്യാപകവിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.യുവാവിന്റെ കയ്യിലുള്ള ഫോണ്‍ കലക്ടര്‍ വാങ്ങി പരിശോധിക്കുകയും ശേഷം നിലത്തേക്ക് വലിച്ചെറിഞ്ഞ് യുവാവിന്റെ മുഖത്ത് അടിയ്ക്കുകയുമായിരുന്നു. സംഭവ സ്ഥലത്തുണ്ടായിരുന്ന  ഉദ്യോഗസ്ഥര്‍ ലാത്തി ഉപയോഗിച്ച് യുവാവിനെ മര്‍ദ്ദിക്കുകയും ചെയ്തു.