പുതിയ സിബിഐ ഡയറക്ടറെ ഇന്നറിയാം; അന്തിമപട്ടികയിൽ ലോക്‌നാഥ് ബെഹ്‌റയും
By സമകാലിക മലയാളം ഡെസ്ക് | Published: 24th May 2021 08:12 AM |
Last Updated: 24th May 2021 08:12 AM | A+A A- |

പ്രതീകാത്മക ചിത്രം
ന്യൂഡൽഹി: പുതിയ സിബിഐ ഡയറക്ടറെ തീരുമാനിക്കാൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ഉന്നതാധികാരസമിതി ഇന്ന് യോഗംചേരും. വൈകിട്ട് ഏഴ് മണിക്ക് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് യോഗം. സുപ്രീംകോടതി ചീഫ് ജസ്റ്റിസ്, ലോക്‌സഭയിലെ പ്രതിപക്ഷനേതാവ് എന്നിവരാണ് സമിതിയിലെ മറ്റംഗങ്ങൾ.
സിബിഐ ഡയറക്ടർ ആർ കെ ശുക്ല ഫെബ്രുവരി മൂന്നിനു വിരമിച്ചതിനാൽ താത്കാലിക ചുമതല പ്രവീൺ സിൻഹയ്ക്കാണ്. 1985-86 ബാച്ച് ഐപിഎസ്. ഉദ്യോഗസ്ഥരെയാണ് ഡയറക്ടർ സ്ഥാനത്തേക്ക് പരിഗണിക്കുന്നത്. 1985 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥനായ കേരള പൊലീസ് ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ പേരും അന്തിമപട്ടികയിലുണ്ട്. വൈ സി മോദി, രാകേഷ് അസ്താന, എം എ ഗണപതി, ഹിതേഷ്ചന്ദ്ര അശ്വതി എന്നിവരാണ് പട്ടികയിലുള്ള മറ്റുപ്രമുഖർ.
കേന്ദ്ര അന്വേഷണ ഏജൻസികളിൽ മുൻപരിചയമുള്ള മൂന്ന് മുതിർന്ന ഐപിഎസ്. ഉദ്യോഗസ്ഥരെ പഴ്സണൽ ആൻഡ് ട്രെയ്നിങ് വകുപ്പ് തീരുമാനിക്കും. ഇവരിലൊരാളെ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിലുള്ള ഉന്നതാധികാര സമിതി തിരഞ്ഞെടുക്കുന്നതാണ് പ്രക്രിയ.