'ഇത് പാകിസ്ഥാന്‍ ഇന്ത്യയോട് യുദ്ധം പ്രഖ്യാപിച്ചതുപോലെ'; കേന്ദ്രത്തിന് എതിരെ പൊട്ടിത്തെറിച്ച് കെജരിവാള്‍

കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അതിന്റേതായ ഉത്തരവാദിത്തങ്ങളുണ്ട്
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം
ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഡല്‍ഹിക്ക് കോവിഡ് വാക്‌സിന്‍ നല്‍കാന്‍ തയ്യാറാണെന്ന് സ്പുടിന്ക് ഫൈവ് അറിയിച്ചതായി മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍. എന്നാല്‍ എത്ര ഡോസ് വാക്‌സിനാണ് ലഭ്യമാകുന്നത് എന്നതിനെ കുറിച്ച് ധാരണയിലെത്തിയിട്ടില്ല. 'സ്പുട്‌നിക് ഫൈവ് വാക്‌സിന്‍ നിര്‍മ്മാതാക്കളുമായി ചര്‍ച്ചയിലാണ്. നമുക്ക് വാക്‌സിന്‍ തരാമെന്ന് അവര്‍ സമ്മതിച്ചിട്ടുണ്ട്. കമ്പനി പ്രതിനിധികളും സര്‍ക്കാര്‍ ഉദ്യോഗസ്ഥരും ചൊവ്വാഴ്ച ചര്‍ച്ച നടത്തിയിരുന്നു'-കെജരിവാള്‍ പറഞ്ഞു. 

കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ പ്രതികരണമാണ് മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം നടത്തിയത്. അന്താരാഷ്ട്ര വിപണിയില്‍ നിന്ന് വാക്‌സിനുകള്‍ വാങ്ങാന്‍ കേന്ദ്രം സംസ്ഥാനങ്ങളോട് ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഒരു സംസ്ഥാന സര്‍ക്കാരിനും ഇതുവരെ ഒരുഡോസുപോലും വാങ്ങാന്‍ കഴിഞ്ഞിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

എല്ലാ സംസ്ഥാനങ്ങളും പരമാവധി ശ്രമിച്ചുനോക്കി. എല്ലാ സ്ഥാപനങ്ങളും തങ്ങളോട് സംസാരിക്കാന്‍ വിസമ്മതിച്ചു.അടിയന്തര സാഹചര്യത്തെക്കുറിച്ച് കേന്ദ്രം മനസ്സിലാക്കണമെന്നും യുദ്ധകാലാടിസ്ഥാനത്തില്‍ വാക്‌സിന്‍ എത്തിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

നമ്മള്‍ കോവിഡിന് എതിരായ യുദ്ധത്തിലാണ്. കേന്ദ്രത്തിനും സംസ്ഥാനങ്ങള്‍ക്കും അതിന്റേതായ ഉത്തരവാദിത്തങ്ങളുണ്ട്. കേന്ദ്രത്തിന് അതിന്റെ ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനും സ്വയം പ്രതിരോധിക്കാന്‍ സംസ്ഥാനങ്ങളോട് ആവശ്യപ്പെടാനും കഴിയില്ല. അത് തെറ്റാണ്, അദ്ദേഹം പറഞ്ഞു.

ഇത് പാകിസ്ഥാന്‍ ഇന്ത്യയോട് യുദ്ധം പ്രഖ്യാപിച്ചതുപോലെയാണ്. എന്നിട്ട് ഡല്‍ഹി ആണവ ബോംബ് നിര്‍മ്മിച്ചിട്ടുണ്ടോ, ഉത്തര്‍പ്രദേശ് ടാങ്ക് വാങ്ങിയോ എന്നും ചോദിക്കുന്നതുപോലെയാണ്. വാക്‌സിന്‍ നല്‍കാതിരുന്നാല്‍ സംസ്ഥാന സര്‍ക്കാരിന് വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ തുറക്കാന്‍ സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കോവിഡിന് എതിരെ വാക്‌സിന്‍ നിര്‍മ്മിച്ച ആദ്യ രാജ്യങ്ങളുടെ പട്ടികയിലാണ് ഇന്ത്യ. എന്നാല്‍ വാക്‌സിനേഷന്റെ കാര്യത്തില്‍ ആറു മാസത്തോളം പിന്നിലാണ്. വാക്‌സിനേഷന്‍ ഉത്പാദനം വര്‍ധിപ്പിക്കല്‍, വിതരണം എന്നിവയെക്കുറിച്ച് കേന്ദ്രസര്‍ക്കാരിന് ഒരു പ്ലാനും ഇല്ലായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 

കഴിഞ്ഞ കാര്യങ്ങള്‍ മറക്കാം, എന്നാല്‍ ഇപ്പോള്‍പ്പോലും സാഹചര്യത്തെക്കുറിച്ച് ബോധമില്ല. അന്താരാഷ്ട്ര വിപണിയില്‍ ലഭ്യമായ എല്ലാ വാക്്‌സിനുകള്‍ക്കും 24 മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ ഉപയോഗിക്കാന്‍ അനുമതി നല്‍കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com