ബ്ലാക്ക് ഫംഗസ് മരുന്ന് ക്ഷാമത്തിന് പരിഹാരം, ഉല്‍പ്പാദനത്തിന് അഞ്ചു കമ്പനികള്‍ക്ക് കൂടി അംഗീകാരം; ഗിലെഡില്‍ നിന്ന് 10ലക്ഷം ഡോസ് കൂടി 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 27th May 2021 12:14 PM  |  

Last Updated: 27th May 2021 12:14 PM  |   A+A-   |  

Black fungus in india

കോവിഡ് പരിശോധന/ എപി ചിത്രം

 

ന്യൂഡല്‍ഹി: ബ്ലാക്ക് ഫംഗസ് ബാധയുടെ ചികിത്സയ്ക്ക് ഉപയോഗിക്കുന്ന മരുന്നിന്റെ ക്ഷാമം പരിഹരിക്കുന്നതിന് നടപടിയുമായി കേന്ദ്രസര്‍ക്കാര്‍. മരുന്നിന്റെ ലഭ്യത രാജ്യത്ത് ഉറപ്പുവരുത്താന്‍ ഉല്‍പ്പാദനത്തിന് അഞ്ചു കമ്പനികള്‍ക്ക് കൂടി കേന്ദ്രസര്‍ക്കാര്‍ ലൈസന്‍സ് നല്‍കി. 

ബ്ലാക്ക് ഫംഗസ് ബാധയ്ക്ക് ലിപോസോമല്‍ ആംഫോടെറിസിന്‍ ബി എന്ന മരുന്നാണ് വ്യാപകമായി നല്‍കുന്നത്. ബ്ലാക്ക് ഫംഗസ് ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതിന് അനുസരിച്ച് മരുന്ന് ലഭ്യമല്ലാത്തത് പ്രതിരോധ പ്രവര്‍ത്തനങ്ങളെ ബാധിച്ചിരുന്നു. നിരവധി സംസ്ഥാനങ്ങളാണ് മരുന്ന് ക്ഷാമം ചൂണ്ടിക്കാട്ടി കേന്ദ്രസര്‍ക്കാരിനെ സമീപിച്ചത്. ഇതിന്റെ അടിസ്ഥാനത്തിലാണ് മരുന്നിന്റെ ലഭ്യത ഉറപ്പുവരുത്താന്‍ ഉല്‍പ്പാദനത്തിന് കൂടുതല്‍ കമ്പനികള്‍ക്ക് അനുമതി നല്‍കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

ലോകത്ത് ലഭ്യമായ ഇടങ്ങളില്‍ നിന്നെല്ലാം മരുന്ന് സംഭരിക്കാന്‍ പ്രധാനമന്ത്രി നിര്‍ദേശം നല്‍കി. മരുന്ന് വിതരണം തടസമില്ലാതെ മുന്നോട്ടു കൊണ്ടുപോകുക എന്നതാണ് ലക്ഷ്യം. അമേരിക്കയിലെ ഗിലെഡ് സയന്‍സിന്റെ സഹായത്തോടെ ഇതില്‍ നേട്ടം ഉണ്ടാക്കാന്‍ സാധിച്ചതായും കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍ അറിയിച്ചു. ഗിലെഡ്് നിലവില്‍ 1,21000 കുപ്പ് മരുന്ന് വിതരണം ചെയ്തിട്ടുണ്ട്. ഇതിന് പുറമേ 85,000 കുപ്പി മരുന്നിന് കൂടി ഓര്‍ഡര്‍ നല്‍കിയിട്ടുണ്ട്. 10ലക്ഷം ഡോസ് മരുന്ന് കൂടി എത്തിക്കുകയാണ് ലക്ഷ്യമെന്നും സര്‍ക്കാര്‍ അറിയിച്ചു.