വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ നയത്തില്‍ മാറ്റം; വിദേശ വാക്‌സിനുകള്‍ക്ക് പരീക്ഷണമില്ലാതെ അനുമതി

കോവിഡ് അതിതീവ്രവ്യാപനം നേരിടുന്ന രാജ്യത്ത് വാക്‌സിന്‍ ലഭ്യത വേഗത്തിലാക്കാന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: കോവിഡ് അതിതീവ്രവ്യാപനം നേരിടുന്ന രാജ്യത്ത് വാക്‌സിന്‍ ലഭ്യത വേഗത്തിലാക്കാന്‍ നയത്തില്‍ മാറ്റം വരുത്തി കേന്ദ്രസര്‍ക്കാര്‍. വിദേശരാജ്യങ്ങളില്‍ കൂടുതല്‍ ഫലപ്രാപ്തിയുള്ളതും വ്യാപകമായി ഉപയോഗിക്കുന്നതുമായ വാക്‌സിനുകളെ രാജ്യത്തെ പരീക്ഷണത്തില്‍ നിന്ന് ഒഴിവാക്കി ഇറക്കുമതി വേഗത്തിലാക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചു.

നിലവില്‍ രാജ്യത്ത് കോവിഡ് വ്യാപനം രൂക്ഷമായി തുടരുകയാണ്. പ്രതിദിനം രണ്ടുലക്ഷത്തിന് മുകളിലാണ് രോഗബാധിതര്‍. മരണസംഖ്യ ഉയരുന്നത് ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്. വ്യാപനം തടയാന്‍ ഏറ്റവും നല്ല മാര്‍ഗം വാക്‌സിനേഷനാണ്. എന്നാല്‍ വാക്‌സിനേഷന് ആവശ്യമായ വാക്‌സിനുകളുടെ ലഭ്യത പ്രശ്‌നം സൃഷ്ടിക്കുന്നുണ്ട്. കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ പേര്‍ക്ക് വാക്‌സിന്‍ നല്‍കിയാല്‍ മാത്രമേ വാക്‌സിനേഷന്‍ കൊണ്ട് വിചാരിച്ച പ്രയോജനം ലഭിക്കുകയുള്ളൂ. നിലവിലെ രീതിയില്‍ മുന്നോട്ടുപോയാല്‍ വാക്‌സിനേഷന്‍ പൂര്‍ത്തിയാകാന്‍ ഒരു വര്‍ഷത്തിന് മുകളില്‍ എടുക്കും. ഈ പശ്ചാത്തലത്തിലാണ് വാക്‌സിന്‍ നയത്തില്‍ മാറ്റം വരുത്താന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്.

നിലവില്‍ വാക്‌സിന്‍ പരീക്ഷണം നടത്തിയ ശേഷമാണ് അടിയന്തര ഉപയോഗത്തിന് അനുമതി നല്‍കുന്നത്. പകരം വിദേശരാജ്യങ്ങളില്‍ വ്യാപകമായി ഉപയോഗിക്കുന്നതും മികച്ച ഫലപ്രാപ്തിയാണ് നല്‍കുന്നതെന്ന ട്രാക്ക് റെക്കോര്‍ഡുമുള്ള വാക്‌സിനുകളെ തദ്ദേശീയമായ പരീക്ഷണങ്ങളില്‍ നിന്ന് ഒഴിവാക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചത്. ഇതിലൂടെ കൂടുതല്‍ വാക്‌സിന്‍ ഇറക്കുമതി ചെയ്ത് ലഭ്യത വര്‍ധിപ്പിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ ആലോചിക്കുന്നത്.

സ്പുട്‌നിക്കാണ് അടിയന്തര ഉപയോഗത്തിന് അനുമതി ലഭിച്ച ആദ്യ വിദേശ വാക്‌സിന്‍. കോവാക്‌സിന്‍ ഇന്ത്യന്‍ നിര്‍മ്മിതമാണ്. കോവിഷീല്‍ഡ് ഇന്ത്യയില്‍ നിര്‍മ്മിക്കുന്നത് സിറം ഇന്‍സ്റ്റിറ്റ്യൂട്ടാണ്. തങ്ങളുടെ വാക്‌സിന്‍ വിതരണം രാജ്യത്ത് ഉറപ്പാക്കാന്‍ അമേരിക്കന്‍ മരുന്ന് കമ്പനിയായ ഫൈസര്‍ കേന്ദ്രസര്‍ക്കാരുമായി തിരക്കിട്ട ചര്‍ച്ചകള്‍ നടത്തിവരികയാണ്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com