ശൈത്യകാല സമ്മേളനത്തില്‍ പ്രതിഷേധച്ചൂടേറും; 29ന് പാര്‍ലമെന്റ് മാര്‍ച്ച് പ്രഖ്യാപിച്ച് കര്‍ഷകര്‍

കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പാര്‍ലമെന്റിലേക്ക് വീണ്ടും മാര്‍ച്ച് പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച.
ഗാസിപ്പൂരില്‍ തുടരുന്ന കര്‍ഷക സമരത്തില്‍ നിന്ന്/ പിടിഐ
ഗാസിപ്പൂരില്‍ തുടരുന്ന കര്‍ഷക സമരത്തില്‍ നിന്ന്/ പിടിഐ

ന്യൂഡല്‍ഹി: കേന്ദ്രസര്‍ക്കാരിന്റെ കാര്‍ഷിക നിയമങ്ങള്‍ക്ക് എതിരെ പാര്‍ലമെന്റിലേക്ക് വീണ്ടും മാര്‍ച്ച് പ്രഖ്യാപിച്ച് സംയുക്ത കിസാന്‍ മോര്‍ച്ച. ശൈത്യകാല സമ്മേളനം ആരംഭിക്കുന്ന ഈമാസം 29ന് കര്‍ഷകര്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. ഇന്ന് ചേര്‍ന്ന സംയുക്ത കിസാന്‍ മോര്‍ച്ചയുടെ യോഗത്തിലാണ് മാര്‍ച്ച് നടത്താന്‍ തീരുമാനിച്ചത്. 

ഗാസിപൂര്‍,തിക്രി ബോര്‍ഡറുകളില്‍ സമരം ചെയ്യുന്ന കര്‍ഷകര്‍ ട്രാക്ടറുകളില്‍ പാര്‍ലമെന്റിലേക്ക് മാര്‍ച്ച് നടത്തും. എവിടെവെച്ചാണോ പൊലീസ് തടയുന്നത്, അവിടെ കുത്തിയിരുന്ന് പ്രതിഷേധിക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. നവംബര്‍ 26ന് മുന്‍പ് നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍, സമരം ശക്തമാക്കുമെന്നും കര്‍ഷകര്‍ വ്യക്തമാക്കി. 

നിയമങ്ങള്‍ പിന്‍വലിച്ചില്ലെങ്കില്‍, 27മുതല്‍ ഗ്രാമങ്ങളില്‍ നിന്ന് കൂടുതല്‍ കര്‍ഷകര്‍ സമര വേദികളിലേക്കെത്തുമെന്ന് കര്‍ഷക നേതാവ് രാകേഷ് ടികായത് പറഞ്ഞു. സര്‍ക്കാരിന് അഞ്ചുവര്‍ഷം ഭരിക്കാമെങ്കില്‍ കര്‍ഷകര്‍ക്കും അഞ്ചുവര്‍ഷം സമരം ചെയ്യാനാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

മണ്‍സൂണ്‍ സമ്മേളനത്തിലെ പ്രതിഷേധം

പാര്‍ലമെന്റിന്റെ മണ്‍സൂണ്‍ സെഷന്‍ ആരംഭിച്ച ജൂലൈ മുതല്‍ കര്‍ഷകര്‍ പാര്‍ലമെന്റിന് മുന്നില്‍ സമരം നടത്തിയിരുന്നു. ഓരോദിവസവും 200കര്‍ഷകര്‍ വീതമാണ് അന്ന് സമരം നടത്തിയത്. കോണ്‍ഗ്രസും മറ്റു പ്രതിപക്ഷ പാര്‍ട്ടികളും സമരത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് എത്തിയിരുന്നു. പാര്‍ലമെന്റിന് അകത്തും കര്‍ഷക സമരം ഉയര്‍ത്തി പ്രതിപക്ഷം വലിയ തോതിലുള്ള പ്രതിഷേധം ഉയര്‍ത്തിയിരുന്നു. 

ലഖിംപൂര്‍ ഖേരി മുതല്‍ കശ്മീര്‍ വരെ, സര്‍ക്കാരിനെ പ്രതിരോധത്തിലാക്കാന്‍ പ്രതിപക്ഷം 

നവംബര്‍ 29 മുതല്‍ ഡിസംബര്‍ 23 വരെയാണ് പാര്‍ലമെന്റ് സമ്മേളനം. തിങ്കളാഴ്ച യോഗം ചേര്‍ന്ന പാര്‍ലമെന്ററികാര്യ കമ്മിറ്റി തിയതികള്‍ അംഗീകരിച്ച് രാഷ്ട്രപതിയുടെ ശുപാര്‍ശയ്ക്കായി അയച്ചു. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചായിരിക്കും സമ്മേളനം. 25 ദിവസം നീണ്ടുനില്‍ക്കുന്നതാണ് ശൈത്യകാല സമ്മേളനം. 19 സിറ്റിങുകളാണ് സമ്മേളനത്തില്‍ ഉണ്ടാകുക. 

കര്‍ഷക സമരം, ലഖിംപുര്‍ ഖേരിയില്‍ കര്‍ഷകരെ വണ്ടിയിടിച്ച് കൊന്നത്, പണപ്പെരുപ്പം, ഇന്ധന വില വര്‍ധന, കശ്മീരില്‍ തീവ്രവാദ ആക്രമണത്തില്‍ സാധരണക്കാര്‍ തുടര്‍ച്ചയായി മരിക്കുന്നത്, പെഗാസസിലെ സുപ്രീം കോടതിയുടെ പുതിയ നിരീക്ഷണങ്ങള്‍ തുടങ്ങി സര്‍ക്കാരിനെ പ്രതിരോധത്തിലാക്കുന്ന നിരവധി വിഷയങ്ങള്‍ ചര്‍ച്ചയാകും.

പെഗാസസ് ഫോണ്‍ ചോര്‍ത്തലുമായി ബന്ധപ്പെട്ട് മണ്‍സൂണ്‍ സെക്ഷന്‍ പ്രതിപക്ഷ പ്രതിഷേധത്താല്‍ കലുഷിതമായിരുന്നു. സമാനമായ രീതിയില്‍ തന്നെയാകും ശൈത്യകാല സമ്മേളനത്തിലും പ്രതിപക്ഷം നിലപാട് സ്വീകരിക്കുക.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com