വണ്‍പ്ലസ് നോര്‍ഡ് 2 5ജി വീണ്ടും പൊട്ടിത്തെറിച്ചു; യുവാവിന് സാരമായി പൊള്ളലേറ്റു

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 10th November 2021 10:58 AM  |  

Last Updated: 10th November 2021 10:58 AM  |   A+A-   |  

OnePlus Nord 2 5G

ട്വിറ്ററില്‍ പങ്കുവെച്ച പൊള്ളലേറ്റ ചിത്രം, image credit: Suhit Sharma @suhitrulz


പ്രമുഖ സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മ്മാതാക്കളായ വണ്‍പ്ലസ് നോര്‍ഡ് 2 5ജി പൊട്ടിത്തെറിച്ച് ഉപയോക്താവിന് സാരമായി പൊള്ളലേറ്റു.പൊള്ളലേറ്റ ഭാഗത്തിന്റെ ചിത്രങ്ങള്‍ ട്വിറ്ററിലൂടെ പങ്കുവെച്ചതോടെയാണ് വാര്‍ത്ത പുറത്തറിഞ്ഞത്. സാരമായി പൊള്ളലേറ്റിട്ടുണ്ടെന്നാണ് ചിത്രങ്ങള്‍ വ്യക്തമാക്കുന്നത്.  സംഭവത്തില്‍ വണ്‍പ്ലസ് ഇതുവരെ പ്രതികരിച്ചിട്ടില്ല. 

മഹാരാഷ്ട്ര സ്വദേശിയായ സുഹിത് ശര്‍മ എന്നയാളാണ് പൊട്ടിത്തെറിച്ച ഫോണിന്റേയും പൊള്ളലേറ്റ ഭാഗവും വ്യക്തമാക്കുന്ന ചിത്രങ്ങള്‍ ട്വിറ്ററില്‍ പങ്കുവെച്ചത്. 'വണ്‍പ്ലസില്‍ നിന്നും ഇത് തീരെ പ്രതീക്ഷിച്ചില്ല. നിങ്ങളുടെ ഉല്‍പ്പന്നം എന്താണ് ചെയ്ത് വെച്ചിരിക്കുന്നതെന്ന് കണ്ടുനോക്കൂ  ഇതിന്റെ അനന്തരഫലം അനുഭവിക്കാന്‍ തയ്യാറായിക്കോളൂ, ജനങ്ങളുടെ ജീവന്‍ വെച്ചുകളിക്കരുത്. പരിക്കേറ്റയാള്‍ ഏറെ ബുദ്ധിമുട്ടിലാണ്' -സുഹിത് ശര്‍മ ട്വീറ്റില്‍ കുറിച്ച വരികളാണിവ. നവംബര്‍ മൂന്നിന് പങ്കുവെച്ച ട്വീറ്റ് കഴിഞ്ഞ ദിവസമാണ് വാര്‍ത്തകളില്‍ ഇടം പിടിച്ചത്.  സംഭവത്തെ ഗൗരവത്തോടെയാണ് കാണുന്നത് എന്ന് പറഞ്ഞ കമ്പനി, എന്താണ് സംഭവിച്ചത് എന്ന് മനസിലാക്കാന്‍ ശ്രമം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

വണ്‍പ്ലസ് നോര്‍ഡ് 2 5ജി പൊട്ടിത്തെറിച്ചു

വണ്‍പ്ലസ് നോര്‍ഡ് എന്ന ഫോണിന്റെ പിന്‍ഗാമിയായി ജൂലായിലാണ് വണ്‍പ്ലസ് 2 5ജി പുറത്തിറക്കിയത്. ഓഗസ്റ്റില്‍ തന്നെ വണ്‍പ്ലസ് നോര്‍ഡ് 2 5ജി പൊട്ടിത്തെറിച്ചതായി റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. അന്ന് ബംഗളുരുവിലെ ഒരു യുവതിയുടെ ഫോണ്‍ ആണ് പൊട്ടിത്തെറിച്ചത്.