ഭക്ഷണം വിളമ്പുന്നവര്‍ കാവി വേഷം ധരിക്കേണ്ട; രാമായണ്‍ എക്‌സ്പ്രസ് തടയുമെന്ന് സന്യാസിമാര്‍

രാമായണ്‍ എക്‌സ്പ്രസിലെ വെയിറ്റര്‍മാരുടെ കാവി ഡ്രെസ് കോഡ് മാറ്റിയില്ലെങ്കില്‍ ട്രെയിന്‍ തടയുമെന്ന് ഉജ്ജയിനിലെ സന്യാസിമാര്‍
ചിത്രം: പിടിഐ
ചിത്രം: പിടിഐ


ഉജ്ജയിന്‍: രാമായണ്‍ എക്‌സ്പ്രസിലെ വെയിറ്റര്‍മാരുടെ കാവി ഡ്രെസ് കോഡ് മാറ്റിയില്ലെങ്കില്‍ ട്രെയിന്‍ തടയുമെന്ന് ഉജ്ജയിനിലെ സന്യാസിമാര്‍. വെയ്റ്റര്‍മാര്‍ കാവി വസ്ത്രം അണിഞ്ഞ് വരുന്നത് ഹിന്ദു സമൂഹത്തെ അപമാനിക്കുന്നതാണെന്നും ഇവര്‍ പറഞ്ഞു. ഈ ഡ്രെസ് കോഡ് മാറ്റിയില്ലെങ്കില്‍ ഡിസംബര്‍ 12ന് ഡല്‍ഹിയില്‍ ട്രെയിന്‍ തടയുമെന്നും ഇവര്‍ പറഞ്ഞു. 

രാമയണ്‍ എക്‌സ്പ്രസില്‍ കാവി വസ്ത്രം ധരിച്ച വെയ്റ്റര്‍മാര്‍ ഭക്ഷണം വിതരണം ചെയ്യുന്നതില്‍ പ്രതിഷേധം അറിയിച്ച് ഇവര്‍ റെയില്‍വെ മന്ത്രിയ്ക്ക് കത്തയച്ചിരുന്നു. തലപ്പാവും മാലയും ധരിച്ച് കാവി വസ്ത്രമിട്ട വെയ്റ്റര്‍മാരുടെ വേഷമാണ് സന്യാസികളെ ചൊടിപ്പിച്ചിരിക്കുന്നത്. 

ഈ വേഷം പിന്‍വലിച്ചില്ലെങ്കില്‍ ഡല്‍ഹി സഫ്ദര്‍ജംഗ് റെയില്‍വെ സ്റ്റേഷനില്‍വെച്ച് ട്രെയിന്‍ തടയുമെന്നാണ് ഇവരുടെ പ്രഖ്യാപനം. ഹിന്ദു സമൂഹത്തെ സംരക്ഷിക്കാന്‍ ഇത്തരം നിലപാടുകള്‍ ആവശ്യമാണെന്നും ഇവര്‍ പറഞ്ഞു. 

നവംബര്‍ ഏഴിനാണ് രാമയണ്‍ എക്‌സ്പ്രസ് യാത്ര ആരംഭിച്ചത്. രാമയണവുമായി ബന്ധപ്പെട്ട 15 സ്ഥലങ്ങളിലൂടെ യാത്ര ചെയ്യുന്ന ട്രെയിന്‍, 7,500 കിലോമീറ്ററാണ് താണ്ടുന്നത്. അയോധ്യ, പ്രയാഗ്, നന്ദിഗ്രാം, ജനക്പുര്‍, ചിത്രകൂട്, സീതാമാര്‍ഹി, നാസിക്, ഹംപി, രാമേശ്വരം എന്നിവിടങ്ങളിലൂടെയാണ് ട്രെയിന്‍ കടന്നുപോകുന്നത്. ഫസ്റ്റ് ക്ലാസ് റസ്റ്ററന്റുകളും ലൈബ്രറിയും ട്രെയിനില്‍ സജ്ജീകരിച്ചിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com