രാജ്യത്ത് ആദ്യമായി സ്ത്രീകളുടെ എണ്ണം പുരുഷന്‍മാരെ മറികടന്നു 

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 25th November 2021 03:42 PM  |  

Last Updated: 25th November 2021 03:42 PM  |   A+A-   |  

India’s fertility rate

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്ത് ആദ്യമായി പുരുഷന്‍മാരെ മറികടന്ന് സത്രീകളുടെ എണ്ണത്തില്‍ വര്‍ധന. 1000 പുരുഷന്‍മാര്‍ക്ക് 1020 സ്ത്രീകള്‍ എന്നതാണു പുതിയ നിരക്ക്. കേന്ദ്ര ആരോഗ്യ മന്ത്രാലയം പുറത്തുവിട്ട സര്‍വെയിലാണ് പുതിയ കണ്ടെത്തല്‍ 

ഇന്ത്യയില്‍ ഒരു സ്ത്രീക്കു ജനിക്കുന്ന കുട്ടികളുടെ ശരാശരി എണ്ണം (ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ്) രണ്ടായി കുറഞ്ഞതായും റിപ്പോര്‍ട്ടില്‍ പറയുന്നു. 2015-16 കാലയളവിലെ ദേശീയ പ്രത്യുല്‍പാദന നിരക്ക് 2.2 ആയിരുന്നു. സര്‍വേ നടത്തിയ സംസ്ഥാനത്തിലെ 67 ശതമാനം ആളുകള്‍ കുടുംബാസൂത്രണ മാര്‍ഗങ്ങള്‍ അവലംബിക്കുന്നതായും റിപ്പോര്‍ട്ടിലുണ്ട്. നേരത്തെ ഇത് 57 ശതമാനം ആയിരുന്നു. 

യുഎന്‍ ജനസംഖ്യാവിഭാഗത്തിന്റെ കണക്കുകള്‍ പ്രകാരം ടോട്ടല്‍ ഫെര്‍ട്ടിലിറ്റി റേറ്റ്  2.1ല്‍ താഴെയുള്ള രാജ്യങ്ങളില്‍ പ്രത്യുല്‍പാദന നിരക്കു കുറവായാണു കണക്കാക്കപ്പെടുന്നത്. 2019-21 വര്‍ഷത്തില്‍ നടത്തിയ സര്‍വേ പ്രകാരം ഗ്രാമങ്ങളില്‍ 1.6ഉം നഗരങ്ങളില്‍ 2.1ഉമാണു പ്രത്യുല്‍പാദന നിരക്ക്. രാജ്യത്തെ ജനസംഘ്യ ദീര്‍ഘകാല അടിസ്ഥാനത്തില്‍ സ്ഥിരത കൈവരിക്കുന്നതിന്റെ വ്യക്തമായ സൂചനയാണ് ഇതെന്നും ഇന്റര്‍നാഷനല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് പോപ്പുലേഷന്‍ സയന്‍സസ് ഡയറക്ടര്‍ ഡോ. കെ.എസ്. ജയിസ് പറഞ്ഞു.

കണക്കുകള്‍ പ്രകാരം ഒരു അച്ഛനും അമ്മയ്ക്കും പകരമായി 2 കുട്ടികള്‍ വരും. പ്രത്യുല്‍പാദന നിരക്ക് 2.1ല്‍ എത്തുന്നതാണു രാജ്യത്തിനു ഗുണകരം. അതുകൊണ്ടുതന്നെ അമ്മമാരുടെയും കുട്ടികളുടെയും ആരോഗ്യത്തില്‍ കൂടുതല്‍ ശ്രദ്ധ പതിപ്പിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

പ്രത്യുല്‍പാദനനിരക്ക് രണ്ടിന് മുകളിലുള്ള സംസ്ഥാനങ്ങള്‍ ബിഹാര്‍, മേഘാലയ, ഉത്തര്‍ പ്രദേശ്, ജാര്‍ഘണ്ഡ്, മണിപ്പുര്‍ എന്നിവയാണ്.  മധ്യപ്രദേശിലും രാജസ്ഥാനിലും ടിഎഫ്ആര്‍ ദേശീയ ശരാശരിയായി 2 ആണ്. ബംഗാള്‍, മഹാരാഷ്ട്ര (1.6 വീതം), കര്‍ണാടക, ആന്ധ്രാ പ്രദേശ്, ഹിമാചല്‍ പ്രദേശ്, നാഗാലാന്‍ഡ്, ത്രിപുര (1.7), കേരളം, തമിഴ്‌നാട്, തെലങ്കാന, അരുണാചല്‍ പ്രദേശ്, ഛത്തീസ്ഗഡ്, ഒഡിഷ (1.8), ഹരിയാന, അസം, ഗുജറാത്ത്, ഉത്തരാഖണ്ഡ്, മിസോറം (1.9) എന്നിങ്ങനെയാണു മറ്റു സംസ്ഥാനങ്ങളിലെ പ്രത്യുല്‍പാദന നിരക്ക്.