ഷാരൂഖിന്റെ  മകന്‍ ആര്യന്‍ ഖാന്‍ ഒക്ടോബര്‍ 7വരെ എന്‍സിബി കസ്റ്റഡിയില്‍

ആഢംബരക്കപ്പലിലെ ലഹരിവിരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ മൂന്ന് ദിവസത്തെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു
ആര്യന്‍ ഖാന്‍ എന്‍സിബി കസ്റ്റഡിയില്‍ / എഎന്‍ഐ ചിത്രം
ആര്യന്‍ ഖാന്‍ എന്‍സിബി കസ്റ്റഡിയില്‍ / എഎന്‍ഐ ചിത്രം

മുംബൈ: ആഢംബരക്കപ്പലിലെ ലഹരിവിരുന്ന് കേസില്‍ അറസ്റ്റിലായ ഷാരൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാനെ മുംബൈ കോടതി മൂന്ന് ദിവസത്തെ എന്‍സിബി കസ്റ്റഡിയില്‍ വിട്ടു. അടുത്ത തിങ്കളാഴ്ച വരെ കസ്റ്റഡിയില്‍ വേണമെന്ന് ആവശ്യപ്പെട്ടെങ്കിലും മൂന്ന് ദിവസത്തെ കസ്റ്റഡി മാത്രമാണ് കോടതി അനുവദിച്ചത്. അന്വേഷണത്തിന്റെ പ്രാധാന്യം കണക്കിലെടുത്താണ് കസ്റ്റഡിയില്‍ വിടുന്നതെന്ന് കോടതി വ്യക്തമാക്കി.

അന്വേഷണം പ്രാഥമിക ഘട്ടത്തിലാണ്. ഈ സാഹചര്യത്തില്‍ പ്രതികളുടെ കസ്റ്റഡി അന്വേഷണ സംഘത്തിന് ആവശ്യമാണെന്നും കോടതി വ്യക്തമാക്കി. ആര്യനെതിരെ വലിയ ആരോപണങ്ങളാണ് എന്‍സിബി കോടതിയില്‍ ചൂണ്ടിക്കാട്ടിയത്. രാജ്യാന്തര ലഹരി മാഫിയയുമായി ആര്യനു ബന്ധമുണ്ടെന്നു തെളിയിക്കുന്ന രേഖകള്‍ ഫോണില്‍നിന്നു ലഭിച്ചുവെന്നും കൂടുതല്‍ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും റിമാന്‍ഡ് റിപ്പോര്‍ട്ടില്‍ എന്‍സിബി വ്യക്തമാക്കി. സംഘാടകര്‍ തന്നെ അതിഥിയായി ക്ഷണിച്ചതാണെന്ന വാദമാണ് ആര്യന്‍ കോടതിയില്‍ ഉന്നയിച്ചത്.

'ഉപയോക്താവിനോട് അന്വേഷിച്ചില്ലെങ്കില്‍ ലഹരി എത്തിച്ചത് ആരാണെന്ന് എങ്ങനെ അറിയാനാകും? ആരാണ് ഇതിനായി പണം മുടക്കിയതെന്നും അറിയേണ്ടതുണ്ട്. രാജ്യാന്തര ലഹരിമാഫിയയുമായി ഈ സംഭവത്തിനു ബന്ധമുണ്ടെന്നാണു സൂചന. വിതരണം ചെയ്യാന്‍ കൂടിയ അളവില്‍ ലഹരിമരുന്ന് സംഭരിച്ചിരുന്നു.'- എന്‍സിബി ചൂണ്ടിക്കാട്ടി. ജാമ്യമില്ലാത്ത കുറ്റങ്ങളാണ് പ്രതികള്‍ക്കുമേല്‍ ചുമത്തിയിട്ടുള്ളതെന്നു കേസ് പരിഗണിച്ച ബോംബെ ഹൈക്കോടതി വ്യക്തമാക്കി. ലഹരി ഇടപാടുമായി യാതൊരു ബന്ധവുമില്ലെന്ന് ആര്യന്റെ അഭിഭാഷകന്‍ കോടതിയില്‍ അറിയിച്ചു.

'രാജ്യാന്തര ലഹരിവ്യാപാരവുമായി ബന്ധപ്പെടുത്താവുന്ന ഫോണ്‍ സംഭാഷണം ലഭിച്ചുവെന്നാണ് എന്‍സിബി ആരോപിക്കുന്നത്. കപ്പലില്‍ ഉണ്ടായിരുന്ന സമയത്ത് ഒരു ലഹരിയും ഉപയോഗിച്ചിട്ടില്ല. പ്രത്യേക അതിഥിയായാണു കപ്പലിലേക്കു ക്ഷണിച്ചത്. ആര്യന്റെ ബാഗിലും സുഹൃത്ത് അര്‍ബാസിന്റെ ബാഗിലും ഉദ്യോഗസ്ഥര്‍ തിരച്ചില്‍ നടത്തിയിരുന്നു. അര്‍ബാസില്‍നിന്നു പിടിച്ചെടുത്ത ആറു ഗ്രാം ലഹരിമരുന്ന് ചെറിയ അളവാണ്. മറ്റു ലഹരിവസ്തുക്കള്‍ പിടിച്ചെടുത്തവരുമായി ആര്യനു ബന്ധമില്ലെന്നും അഭിഭാഷകന്‍ സതീഷ് മാന്‍ഷിന്‍ഡെ പറഞ്ഞു.

കപ്പലിലും പുറത്തുമായി നടത്തിയ തുടര്‍ റെയ്ഡുകളില്‍, വാണിജ്യാടിസ്ഥാനത്തില്‍ സൂക്ഷിച്ചിരുന്ന ലഹരിമരുന്നു ശേഖരം കണ്ടെത്തിയെന്ന് എന്‍സിബി വ്യക്തമാക്കി. ഫോണ്‍ ചാറ്റില്‍ കോഡ് ഭാഷയാണ് ഉപയോഗിച്ചിട്ടുള്ളത്. ബാങ്ക്, പണമിടപാടുകളുടെ കാര്യങ്ങളിലും വ്യക്തത വേണമെന്നും എന്‍സിബി അറിയിച്ചു. ലഹരിമരുന്നു വിതരണം ചെയ്ത ശ്രേയസ് നായരെ എന്‍സിബി അറസ്റ്റ് ചെയ്തിരുന്നു. ഞായറാഴ്ചയാണ് ആര്യന്‍ അടക്കം എട്ടുപേരെ അറസ്റ്റു ചെയ്തത്. മുംബൈയില്‍നിന്നു ഗോവയിലേക്കു പുറപ്പെട്ട കോര്‍ഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com