മകന് ബര്‍ഗറുമായി ഗൗരി ഖാന്‍ ; നല്‍കാനാവില്ലെന്ന് എന്‍സിബി ; ആര്യന് ഭക്ഷണം തട്ടുകടയിലെ പൂരിയും ബജിയും

ഷാറൂഖിനെ കണ്ടയുടന്‍ ആര്യന്‍ പൊട്ടിക്കരഞ്ഞതായി എന്‍സിബി വൃത്തങ്ങള്‍ സൂചിപ്പിച്ചു
ആര്യന്‍ ഖാന്‍ എന്‍സിബി കസ്റ്റഡിയില്‍ / പിടിഐ ചിത്രം
ആര്യന്‍ ഖാന്‍ എന്‍സിബി കസ്റ്റഡിയില്‍ / പിടിഐ ചിത്രം


മുംബൈ : ആഡംബരക്കപ്പല്‍ ലഹരിപ്പാര്‍ട്ടിയില്‍ അറസ്റ്റിലായ ആര്യന്‍ ഖാന് കഴിക്കാന്‍ ഭക്ഷണവുമായി അമ്മ ഗൗരി ഖാന്‍  നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ ഓഫീസിലെത്തി. ഏതാനും പായ്ക്കറ്റ് മക്‌ഡൊണാള്‍ഡ് ബര്‍ഗറുമായാണ് ഗൗരി കാറില്‍ എന്‍സിബി ഓഫീസിലെത്തിയത്. എന്നാല്‍ സുരക്ഷാ കാരണങ്ങളാല്‍  ഉദ്യോഗസ്ഥര്‍ ആര്യനെ കാണാന്‍ സമ്മതിച്ചില്ല. 

പ്രത്യേക ഭക്ഷണം നല്‍കാനും എന്‍സിബി ഉദ്യോഗസ്ഥര്‍ അനുവദിച്ചില്ല. ആര്യനൊപ്പം അറസ്റ്റിലായ മറ്റു പ്രതികള്‍ക്കും ലോക്കപ്പില്‍ വീട്ടില്‍ നിന്നുള്ള ഭക്ഷണം കഴിക്കാന്‍ അനുവാദം നല്‍കിയിട്ടില്ല. ആഡംബര ഹോട്ടലുകളില്‍  നിന്നും മുന്തിയ ഭക്ഷണം കഴിച്ചിരുന്ന പ്രതികള്‍ക്ക്, തട്ടുകടിയില്‍ നിന്നും പൂരി- ബജി, ദാല്‍- ചാവല്‍, സബ്‌സി പറാത്ത തുടങ്ങിയ സാധാരണ ഭക്ഷണങ്ങളാണ് നല്‍കുന്നത്. 

കൂടാതെ, അടുത്ത റസ്റ്റോറന്റില്‍ നിന്നും ബിരിയാണി, പുലാവ് തുടങ്ങിയ ഭക്ഷണങ്ങളും പ്രതികള്‍ക്ക് എന്‍സിബി ഉദ്യോഗസ്ഥര്‍ നല്‍കി. ഡിസൈനര്‍ വസ്ത്രം ധരിച്ചിരുന്ന ആര്യന്‍ അടക്കമുള്ളവര്‍ കഴിഞ്ഞ മൂന്നുദിവസമായി ആഡംബരങ്ങളൊന്നുമില്ലാതെയാണ് ലോക്കപ്പില്‍ കഴിയുന്നത്.

കഴിഞ്ഞദിവസം ആര്യന്‍ഖാനെ പിതാവ് ഷാറൂഖ് ഖാന്‍ എന്‍സിബി ലോക്കപ്പില്‍ വെച്ച് കണ്ടിരുന്നു. ഷാറൂഖിനെ കണ്ടയുടന്‍ ആര്യന്‍ പൊട്ടിക്കരഞ്ഞതായി എന്‍സിബി വൃത്തങ്ങള്‍ സൂചിപ്പിച്ചു. ഞായറാഴ്ചയാണ് ആര്യന്‍ അടക്കം എട്ടുപേരെ എന്‍സിബി അറസ്റ്റു ചെയ്തത്. മുംബൈയില്‍നിന്നു ഗോവയിലേക്കു പുറപ്പെട്ട കോര്‍ഡിലിയ എന്ന കപ്പലിലായിരുന്നു ലഹരിവേട്ട.

കപ്പലിലെ ലഹരിവിരുന്നിൽ പങ്കെടുത്ത കേസിൽ ആര്യന്റെ ജാമ്യാപേക്ഷ കോടതി തള്ളി. അറസ്റ്റിലായ 8 പേരെയും വ്യാഴാഴ്ച വരെ എൻസിബി കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. ആര്യനും സുഹൃത്തുക്കള്‍ക്കും ലഹരിമരുന്ന് ഇടപാടുകാരുമായി അടുത്ത ബന്ധമുണ്ടെന്ന് എന്‍സിബി കോടതിയില്‍ പറഞ്ഞു. മൊബൈല്‍ ചാറ്റുകള്‍, ചിത്രങ്ങള്‍, സാമ്പത്തിക ഇടപാടുകള്‍ എന്നിങ്ങനെ ഒട്ടേറെ രേഖകള്‍ കണ്ടെത്തിയതായും എന്‍സിബി വ്യക്തമാക്കിയിട്ടുണ്ട്. 

അതേസമയം എൻസിബി വാദങ്ങളെ ആര്യൻ ഖാന്റെ അഭിഭാഷകൻ എതിർത്തു. ആര്യൻ കപ്പലിൽ ലഹരിമരുന്ന് വിൽപ്പന നടത്തിയെന്നത് പറയുന്നത് ശുദ്ധകളവാണെന്നും, വേണമെങ്കിൽ ഈ കപ്പൽ വാങ്ങാനുള്ള ശേഷിയുള്ള ആളാണെന്നും അഭിബാഷകൻ സതീഷ് മാനെ ഷിൻഡെ പറഞ്ഞു. ആഡംബരക്കപ്പല്‍ ലഹരിപ്പാര്‍ട്ടിയുമായി ബന്ധപ്പെട്ട് 11 പേരെയാണ് എൻസിബി അറസ്റ്റ് ചെയ്തിട്ടുള്ളത്. ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് കപ്പൽ ഉടമയ്ക്ക് എൻസിബി വീണ്ടും നോട്ടീസ് അയച്ചിട്ടുണ്ട്.  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com