12 അടിയോളം താഴ്ചയുള്ള സ്വര്‍ണഖനിയില്‍ അകപ്പെട്ട് കുട്ടിയാന; രക്ഷകരായി വനംവകുപ്പ്, ആനക്കൂട്ടവുമായി ഒന്നിച്ചു, ഹൃദ്യം- വീഡിയോ

തമിഴ്‌നാട്ടില്‍ കാട്ടില്‍ 12 അടിയോളം താഴ്ചയുള്ള ഉപേക്ഷിക്കപ്പെട്ട സ്വര്‍ണഖനിയില്‍ അകപ്പെട്ട കുട്ടിയാനയെ വനംവകുപ്പ് രക്ഷപ്പെടുത്തി
കുഴിയില്‍ അകപ്പെട്ട കുട്ടിയാനയെ വനപാലകര്‍ രക്ഷപ്പെടുത്തുന്നു
കുഴിയില്‍ അകപ്പെട്ട കുട്ടിയാനയെ വനപാലകര്‍ രക്ഷപ്പെടുത്തുന്നു

ചെന്നൈ: തമിഴ്‌നാട്ടില്‍ കാട്ടില്‍ 12 അടിയോളം താഴ്ചയുള്ള ഉപേക്ഷിക്കപ്പെട്ട സ്വര്‍ണഖനിയില്‍ അകപ്പെട്ട കുട്ടിയാനയെ വനംവകുപ്പ് രക്ഷപ്പെടുത്തി. ഒരുമാസം പ്രായമുള്ള ആനയാണ് വലിയ കുഴിയില്‍ അകപ്പെട്ടത്. തുടര്‍ച്ചയായി ആനക്കൂട്ടത്തിന്റെ ചിന്നംവിളി കേട്ടതിനെ തുടര്‍ന്ന് ഗ്രാമവാസികളാണ് വനപാലകരെ വിവരമറിയിച്ചത്. ഐഎഎസ് ഉദ്യോഗസ്ഥയായ സുപ്രിയ സാഹു വനപാലകരെ അഭിനന്ദിച്ച് ആനക്കുട്ടിയുടെ ദൃശ്യം ട്വിറ്ററില്‍ പങ്കുവെച്ചു.

തമിഴ്‌നാട്ടിലെ മുതുമലയിലാണ് സംഭവം നടന്നത്. വനപാലകരെത്തി പരിശോധിച്ചപ്പോഴാണ് വര്‍ഷങ്ങള്‍ക്ക് മുന്‍പ് സ്വര്‍ണ ഖനനം നടത്തിയിരുന്ന കുഴിയില്‍ ആനക്കുട്ടി അകപ്പെട്ടതായി കണ്ടെത്തിയത്. ആനക്കൂട്ടത്തിനൊപ്പം തീറ്റതേടി നടക്കുമ്പോഴാകാം കുട്ടിയാന കുഴിയില്‍ വീണതെന്നാണ് നിഗമനം. വനപാലകരെത്തിയപ്പോഴേക്കും ആനക്കുട്ടിയെ ഉപേക്ഷിച്ച് ആനക്കൂട്ടം സംഭവസ്ഥലത്തു നിന്നു മടങ്ങിയിരുന്നു.

വലിയ കുഴിയുടെ അരികിലെ മണ്ണിടിച്ച് കളഞ്ഞാണ് വനപാലകര്‍ കുട്ടിയാനയെ പുറത്തെത്തിച്ചത്. പുറത്തുവന്ന ആനക്കുട്ടിക്ക് ക്ഷീണമകറ്റാനായി ഗ്ലൂക്കോസും വെള്ളവും നല്‍കി. ഏറെ നേരത്തെ അന്വേഷണത്തിനു ശേഷമാണ് വനപാലകര്‍ 7 ആനകളടങ്ങിയ ആനക്കൂട്ടത്തെ സമീപപ്രദേശത്തുനിന്നു കണ്ടെത്തിയത്. 

പിന്നീട് ആനക്കുട്ടിയെ ആനക്കൂട്ടത്തിനു സമീപമെത്തിച്ചു. ആനക്കൂട്ടത്തെ തിരിച്ചറിഞ്ഞ ആനക്കുട്ടി സംഘത്തിനൊപ്പം ചേര്‍ന്നതിനു ശേഷമാണ് വനപാലകര്‍ മടങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com