20 വര്‍ഷമായി മാസ ശമ്പളം 450 രൂപ; അടിമപ്പണി തന്നെയെന്ന് കോടതി, നടപടി

നാനൂറ്റി അന്‍പതു രൂപ മാസ ശമ്പളത്തിന് ഒരാളെക്കൊണ്ടു ജോലി ചെയ്യിക്കുന്നത് അടിമപ്പണി തന്നെയെന്ന് അലഹാബാദ് ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പ്രയാഗ്‌രാജ്: നാനൂറ്റി അന്‍പതു രൂപ മാസ ശമ്പളത്തിന് ഒരാളെക്കൊണ്ടു ജോലി ചെയ്യിക്കുന്നത് അടിമപ്പണി തന്നെയെന്ന് അലഹാബാദ് ഹൈക്കോടതി. ഇതു ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശത്തിന്റെ ലംഘനമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. 

2001 മുതല്‍ ജോലി ചെയ്യുന്ന തനിക്ക് ഇപ്പോഴും 450 രൂപയാണ് മാസ ശമ്പളമായി നല്‍കുന്നതെന്നു ചൂണ്ടിക്കാട്ടി പ്രയാഗ്‌രാജ് ഐ ഹോസ്പിറ്റലിലെ ക്ലാസ് ഫോര്‍ ജീവനക്കാരന്‍ തുഫൈല്‍ അഹമ്മദ് അന്‍സാരി നല്‍കിയ ഹര്‍ജിയിലാണ് ഹൈക്കോടതി നിരീക്ഷണം. എല്ലാ തരം ചൂഷണത്തില്‍നിന്നും ഭരണഘടനയുടെ 23ാം അനുച്ഛേദം പൗരന് ഉറപ്പുനല്‍കുന്നുണ്ടെന്ന് കോടതി ചൂണ്ടിക്കാട്ടി. അടിമപ്പണി ഈ അവകാശത്തെ ലംഘിക്കുന്നതാണെന്ന് കോടതി പറഞ്ഞു.

നിയമന തീയതി മുതല്‍ ഇതുവരെയുള്ള കാലാവധി കണക്കാക്കി അന്‍സാരിക്ക് നിയമപ്രകാരമുള്ള മിനിമം വേതനം നല്‍കാന്‍ കോടതി ഉത്തരവിട്ടു. 2001 ഡിസംബര്‍ 31ന് മുമ്പ് ജോലിക്കു കയറിയ ആളാണ് അന്‍സാരി. അതുകൊണ്ടുതന്നെ 2016ലെ നിയമപ്രകാരം സ്ഥിരപ്പെടുത്തലിന് അര്‍ഹതയുണ്ടെന്നും കോടതി വ്യക്തമാക്കി. നാലു മാസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ കോടതി അധികൃതര്‍ക്കു നിര്‍ദേശം നല്‍കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com