'നമ്പര്‍ 956', ജയിലിലേക്ക് മണി ഓര്‍ഡര്‍ 4500 രൂപ ; ആര്യനുമായി വീഡിയോ കോളിലൂടെ സംസാരിച്ച് ഷാറൂഖും ഗൗരിയും

ആര്യന്‍ ഖാനെയും മറ്റ് അഞ്ചു പ്രതികളെയും ക്വാറന്റീന്‍ ബാരക്കില്‍ നിന്നും ജനറല്‍ സെല്ലിലേക്ക് മാറ്റി
ആര്യൻ ഖാൻ / പിടിഐ ചിത്രം
ആര്യൻ ഖാൻ / പിടിഐ ചിത്രം

മുംബൈ : ആഡംബരക്കപ്പലിലെ ലഹരിപ്പാര്‍ട്ടിയില്‍ അറസ്റ്റിലായ ബോളിവുഡ് താരം ഷാറൂഖ് ഖാന്റെ മകന്‍ ആര്യന്‍ ഖാന്‍ മാതാപിതാക്കളുമായി സംസാരിച്ചു.  മുംബൈ ആര്‍തര്‍ റോഡ് ജയിലിലുള്ള ആര്യന്‍ ഖാന്‍ വീഡിയോ കോളിലൂടെയാണ് സംസാരിച്ചത്. ജയിലിലായ ശേഷം ഇതാദ്യമായാണ്  ആര്യന്‍ മാതാപിതാക്കളുമായി സംസാരിക്കുന്നത്. 

കോവിഡ് പ്രോട്ടോക്കോള്‍ മൂലം സന്ദര്‍ശകരെ അനുവദിക്കാത്ത സാഹചര്യത്തില്‍, തടവുകാര്‍ക്ക് ആഴ്ചയില്‍ രണ്ടു തവണ വീഡിയോ കോള്‍ വഴി വീട്ടുകാരുമായി സംസാരിക്കാന്‍ അനുവദിക്കുന്നുണ്ട്. ഇതനുസരിച്ചാണ് ആര്യന്‍ ഖാനും മാതാപിതാക്കളുമായി സംസാരിച്ചത്. 

ജയിലിലെ സാഹചര്യങ്ങളും അവസ്ഥയുമെല്ലാം ഷാറൂഖ് ഖാനും ഗൗരി ഖാനും വിശദമായി ചോദിച്ചറിഞ്ഞു. കോവിഡ് പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന റിപ്പോര്‍ട്ട് ലഭിച്ചതോടെ, ഐസൊലേഷന്‍ പിരിയഡ് അവസാനിപ്പിച്ച് ആര്യന്‍ ഖാനെയും മറ്റ് അഞ്ചു പ്രതികളെയും ക്വാറന്റീന്‍ ബാരക്കില്‍ നിന്നും ജനറല്‍ സെല്ലിലേക്ക് മാറ്റി. 

ആര്യന്‍ ഖാന്‍ - നമ്പര്‍ 956 

ജനറല്‍ സെല്ലിലേക്ക് മാറ്റിയതോടെ ആര്യന്‍ ഖാന് തടവുകാരുടെ നമ്പറും നല്‍കി. ആര്യന്‍ ഖാന്‍  'നമ്പര്‍ 956' ആണ് ജയിലിലെ വിലാസം. ജയിലില്‍ ഇത്തരം നമ്പറുകളിലൂടെയാണ് തടവുകാരെ അറിയപ്പെടുന്നത്. 

അതേസമയം ആര്യന്‍ ഖാന് ജയിലിലെ ക്യാന്റീന്‍ ചെലവുകള്‍ക്കായി വീട്ടുകാര്‍ 4500 രൂപ അയച്ചു നല്‍കിയതായി ജയില്‍ സൂപ്രണ്ട് നിതിന്‍ െൈവച്ചാല്‍ വ്യക്തമാക്കി. ഒക്ടോബര്‍ 11 നാണ് ആര്യന്റെ മാതാപിതാക്കള്‍ മണി ഓര്‍ഡര്‍ അയച്ചു നല്‍കിയത്. ജയില്‍ നിയമപ്രകാരം, ഒരു തടവുകാരന്, ഒരു മാസം 4500 രൂപയേ വീട്ടുകാര്‍ക്ക് ജയിലിലേക്ക് ചെലവിനായി അയച്ചുകൊടുക്കാന്‍ പാടുള്ളൂ. 

പുറത്തിറങ്ങുമോ ?; 20 ന് അറിയാം

ജയിലില്‍ ആര്യന്‍ ഖാന്‍ തികഞ്ഞ മ്ലാനതയിലാണെന്ന് റിപ്പോര്‍ട്ടുകളുണ്ട്. സുരക്ഷ മുന്‍നിര്‍ത്തി ലഹരിക്കേസിലെ കൂട്ടു പ്രതികളെയെല്ലാം വ്യത്യസ്ത സെല്ലുകളിലാണ് പാര്‍പ്പിച്ചിട്ടുള്ളത്. ആര്യന്‍ ഖാന്റെ ജാമ്യാപേക്ഷയില്‍ കോടതി ഈ മാസം 20 ന് വിധി പറയാന്‍ മാറ്റിയിരിക്കുകയാണ്. 
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com