ദീപാവലിയെ ജഷ്ന്‍-ഇ-റിവാസ് ആക്കി;  ബഹിഷ്‌കരിക്കാന്‍ ആഹ്വാനം ട്രന്‍ഡിങ്; ട്വീറ്റുകള്‍ പിന്‍വലിച്ച് ഫാബ് ഇന്ത്യ

ജഷ്ന്‍-ഇ-റിവാസ് എന്ന പേരിലും ഹാഷ്ടാഗിലും ഉള്ള എല്ലാ ട്വീറ്റുകളും ഫാബ് ഇന്ത്യ ഡിലീറ്റ് ചെയ്തു.
ദീപാവലിയോട് അനുബന്ധിച്ച് ഫാബ്ഇന്ത്യ പുറത്തിറക്കിയ പരസ്യം
ദീപാവലിയോട് അനുബന്ധിച്ച് ഫാബ്ഇന്ത്യ പുറത്തിറക്കിയ പരസ്യം


ന്യഡല്‍ഹി: ദീപാവലിയെ ജഷ്ന്‍ ഇ റിവാസ് ആക്കി മാറ്റിയെന്ന് ആരോപിച്ച് പ്രമുഖ ഫാഷന്‍ ബ്രാന്‍ഡായ ഫാബ് ഇന്ത്യ ബഹിഷ്‌കരിക്കാന്‍ ആഹ്വാനം. ബോയ്‌കോട്ട് ഫാബ് ഇന്ത്യ എന്ന ഹാഷ് ടാഗ് ട്വിറ്ററില്‍ ട്രെന്‍ഡിങാണ്. ദീപാവലിയോടനുബന്ധിച്ച് ഫാബ് ഇന്ത്യ ഇറക്കിയ പരസ്യമാണ് വിവാദമായത്. പ്രധാനമായും സംഘപരിവാര്‍ അനുകൂല ട്വിറ്റര്‍ ഹാന്‍ഡിലുകളാണ് ഫാബ് ഇന്ത്യ ബഹിഷ്‌കരണ പ്രചരണവുമായി രംഗത്തുള്ളത്.

തിന്മയ്ക്ക് മേല്‍ നന്മ വിജയം നേടിയ ഹൈന്ദവാഘോഷത്തെ ഇത്തരത്തില്‍ പേര് മാറ്റി സംബോധന ചെയ്തത് എന്തിന്റെ പേരിലാണെന്ന ചോദ്യമാണ് ഇക്കൂട്ടര്‍ ഉന്നയിക്കുന്നത്. ഹിന്ദു ഉത്സവങ്ങളെ ഇസ്ലാമികവല്‍ക്കരിക്കാനാണ് ശ്രമിക്കുന്നതെന്നും ചിലര്‍ പറയുന്നു.

ദീപാവലി ജഷ്ന്‍-ഇ-റിവാസ് അല്ല. പരമ്പരാഗത ഹിന്ദു വേഷങ്ങളില്ലാതെ മോഡലുകളെ ചിത്രീകരിക്കുന്നതിനെ വിമര്‍ശിച്ച് യുവമോര്‍ച്ച നേതാവ് തേജസ്വി സൂര്യയും ട്വീറ്റ് ചെയ്തു. പാരമ്പര്യ ഹിന്ദു വേഷങ്ങളിലല്ലാതെ മോഡലുകളെ ചിത്രീകരിക്കുക വഴി അബ്രഹാമവത്കരണത്തിനുള്ള ആസൂത്രിതമായ ശ്രമമാണ് നടക്കുന്നതെന്ന് യുവമോര്‍ച്ച അഖിലേന്ത്യാ അധ്യക്ഷന്‍ തേജസ്വി സൂര്യ ട്വീറ്റ് ചെയ്തു.

അതേ സമയം ബ്രാന്‍ഡ് ബഹിഷ്‌കരിക്കാന്‍ ആഹ്വാനവുമായി നിരവധി പേര്‍ രംഗത്ത് വന്നതോടെ ജഷ്ന്‍-ഇ-റിവാസ് എന്ന പേരിലും ഹാഷ്ടാഗിലും ഉള്ള എല്ലാ ട്വീറ്റുകളും ഫാബ് ഇന്ത്യ ഡിലീറ്റ് ചെയ്തു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com