പത്ത് ദിവസത്തിനിടെ മരിച്ചത് 40 കുട്ടികള്‍ അടക്കം 50പേര്‍; യുപിയില്‍ പടരുന്നത് 'ഡെങ്കു ഹെമറാജിക് പനി', വിദഗ്ധ സംഘത്തെ അയച്ച് കേന്ദ്രം

പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ പടരുന്നത് ഡെങ്കു ഹെമറാജിക് പനിയെന്ന് സ്ഥിരീകരണം
ചിത്രം: പിടിഐ
ചിത്രം: പിടിഐ


ഫിറോസാബാദ്: പടിഞ്ഞാറന്‍ ഉത്തര്‍പ്രദേശില്‍ പടരുന്നത് ഡെങ്കു ഹെമറാജിക് പനിയെന്ന് സ്ഥിരീകരണം. രോഗം ബാധിച്ച് ഇതിനോടകം നാല്‍പ്പത് കുട്ടികള്‍ ഉള്‍പ്പെടെ 50പേര്‍ മരിച്ചു. ഫിറോസാബാദ് ജില്ലയിലാണ് രോഗം ഏറ്റവും കൂടുതല്‍ ബാധിച്ചിട്ടുള്ളത്. ഡെങ്കു പനിയുടെ ശക്തിപ്രാപിച്ച വകഭേദമാണ് ഇതെന്നാണ് വിശദീകരണം. 

മഥുരയിലും ആഗ്രയിലും രോഗം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഡെങ്കുപ്പനിയുടെ ഏറ്റവും അപകടരമായ വകഭേദമാണ് ഇതെന്ന് ലോകാരാഗ്യ സംഘടന വ്യക്തമാക്കിയതായി ഫിറോസാബാദ് ജില്ലാ കലക്ടര്‍ ചന്ദ്ര വിജയ് സിങ് പറഞ്ഞു. കുട്ടികളിലെ പ്ലേറ്റ്‌ലറ്റ് കൗണ്ടുകള്‍ പെട്ടെന്ന് ക്രമാതീതമായി കുറയുകയും രക്തസ്രാവം ഉണ്ടാവുകയും ചെയ്യുന്നതാണ് രോഗമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

രോഗം പകരുന്ന മേഖലയിലെ സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്യാനും കേന്ദ്ര ആരോഗ്യമന്ത്രാലയം വിദഗ്ധ സംഘത്തെ അയച്ചു. മഥുരയിലെ ഒരു ഗ്രാമത്തില്‍ മാത്രം പതിനഞ്ച് ദിവസത്തിനുള്ളില്‍ പനിയും നിര്‍ജ്ജലീകരണവും കാരണം പതിനൊന്ന് കുട്ടികള്‍ മരിച്ചു. 

ആശുപത്രികളില്‍ അസുഖം ബാധിച്ച കുട്ടികളെകൊണ്ട് നിറഞ്ഞതിന്റെ ദൃശ്യങ്ങളും കഴിഞ്ഞദിവസങ്ങളില്‍ പുറത്തുവന്നിരുന്നു. സംഭവത്തില്‍ യുപി സര്‍ക്കാരിന് എതിരെ രൂക്ഷ വിമര്‍ശനവുമായി  കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി രംഗത്തെത്തി. സംസ്ഥാമൊട്ടാകെ നൂറില്‍ക്കൂടുതല്‍ പേര്‍ മരിച്ചിട്ടുണ്ടെന്ന് പ്രിയങ്ക ആരോപിച്ചു. ഏതാനും ദിവസം മുന്‍പ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ഫിറോസാബാദ് സന്ദര്‍ശിച്ചിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com