എല്ലാ തലങ്ങളിലും സ്ത്രീകള്‍ മാത്രം, ലോകത്തെ ഏറ്റവും വലിയ വനിത ഫാക്ടറിയുമായി ഒല; പതിനായിരം പേരെ നിയമിക്കും- വീഡിയോ

സ്ത്രീ ശാക്തീകരണ രംഗത്ത് പുത്തന്‍ അധ്യായം കുറിക്കാന്‍ ഒരുങ്ങി പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല
ഒലയുടെ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന വനിതകള്‍, ട്വിറ്റര്‍ ദൃശ്യം
ഒലയുടെ ഫാക്ടറിയില്‍ ജോലി ചെയ്യുന്ന വനിതകള്‍, ട്വിറ്റര്‍ ദൃശ്യം

ന്യൂഡല്‍ഹി: സ്ത്രീ ശാക്തീകരണ രംഗത്ത് പുത്തന്‍ അധ്യായം കുറിക്കാന്‍ ഒരുങ്ങി പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ നിര്‍മ്മാതാക്കളായ ഒല. ഒലയുടെ പുതിയ ഫ്യൂച്ചര്‍ ഫാക്ടറി പൂര്‍ണമായി വനിതകളായിരിക്കും കൈകാര്യം ചെയ്യുക എന്ന് സിഇഒ ഭവിഷ് അഗര്‍വാള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി പതിനായിരം വനിതകളെ നിയമിക്കും. ഇത് യാഥാര്‍ഥ്യമായാല്‍ വനിതകള്‍ മാത്രം ജോലി ചെയ്യുന്ന ഏറ്റവും വലിയ ഫാക്ടറിയായി ഇത് മാറുമെന്നും അദ്ദേഹം പ്രതീക്ഷ പ്രകടിപ്പിച്ചു.

തൊഴിലിടങ്ങളില്‍ വനിതകള്‍ക്ക് കൂടുതല്‍ അവസരം ലഭിക്കുന്നതിന് ഒല ചെയ്യാന്‍ ഉദ്ദേശിക്കുന്ന നിരവധി പദ്ധതികളില്‍ ഒന്നുമാത്രമാണിതെന്നും ഭവിഷ് അഗര്‍വാള്‍ പറഞ്ഞു. വനിതകള്‍ക്ക് സാമ്പത്തികരംഗത്ത് കൂടുതല്‍ അവസരങ്ങള്‍ സൃഷ്ടിക്കുകയാണ് കമ്പനിയുടെ ലക്ഷ്യം. അടുത്തിടെ ഇലക്ട്രിക് സ്‌കൂട്ടറിന്റെ ഓണ്‍ലൈന്‍ വില്‍പ്പനയ്ക്ക് ഒല തുടക്കമിട്ടിരുന്നു. എസ് വണ്‍ മോഡല്‍ ഇലക്ട്രിക് സ്‌കൂട്ടറിന്റെ വില്‍പ്പന ത്വരിതപ്പെടുത്താനാണ് ഓണ്‍ലൈന്‍ വില്‍പ്പന ആരംഭിച്ചത്. എന്നാല്‍ വെബ്‌സൈറ്റില്‍ ചില സാങ്കേതിക പ്രശ്‌നങ്ങള്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ഓണ്‍ലൈന്‍ വില്‍പ്പന സെപ്റ്റംബര്‍ 15ലേക്ക് മാറ്റിവെച്ചു. 

ഒക്ടോബറില്‍ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉപഭോക്താക്കളുടെ കൈകളില്‍ എത്തിക്കാനാണ് കമ്പനി പദ്ധതിയിടുന്നത്. ഡല്‍ഹിയില്‍ ഇലക്ട്രിക് വാഹനങ്ങള്‍ക്ക് സബ്‌സിഡി ഉള്ളതിനാല്‍ ഒല എസ് വണിന് 85000 രൂപയാണ് വില. ഗുജറാത്തില്‍ മറ്റു സംസ്ഥാനങ്ങളെ അപേക്ഷിച്ച് 79,000 രൂപ മാത്രമായിരിക്കും  ചില്ലറവില്‍പ്പന വില എന്നാണ് റിപ്പോര്‍ട്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com