അപമാനിച്ച് ഇറക്കിവിട്ടു; നിയമസഭ കക്ഷിയോഗം പോലും അറിയിച്ചില്ല; അതൃപ്തി പരസ്യമാക്കി അമരീന്ദര്‍

കോണ്‍ഗ്രസില്‍ താന്‍ അപമാനിക്കപ്പെട്ടെന്ന് രാജിവച്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്.
രാജിസമര്‍പ്പിച്ച ശേഷം മാധ്യമങ്ങളെ കാണുന്ന അമരീന്ദര്‍ സിങ്/ എഎന്‍ഐ
രാജിസമര്‍പ്പിച്ച ശേഷം മാധ്യമങ്ങളെ കാണുന്ന അമരീന്ദര്‍ സിങ്/ എഎന്‍ഐ

ഛണ്ഡീഗഢ്: കോണ്‍ഗ്രസില്‍ താന്‍ അപമാനിക്കപ്പെട്ടെന്ന് രാജിവച്ച പഞ്ചാബ് മുഖ്യമന്ത്രി ക്യാപ്റ്റന്‍ അമരീന്ദര്‍ സിങ്. ഇന്ന് വൈകുന്നേരം ചേരാന്‍ പോകുന്ന കോണ്‍ഗ്രസ് നിയമസഭ കക്ഷി യോഗം തന്നെ അറിയിച്ചില്ല. മൂന്നുതവണ എംഎല്‍എമാരുടെ യോഗം ചേര്‍ന്നത് തന്നെ അപമാനിക്കാനാണെന്നും അദ്ദേഹം പറഞ്ഞു. രാജ്ഭവനിലെത്തി ഗവര്‍ണര്‍ ബന്‍വാരിലാല്‍ പുരോഹിതിന് രാജിക്കത്ത് സമര്‍പ്പിച്ചതിന് ശേഷം മാധ്യമങ്ങളോട് പ്രതികരിക്കവെയാണ് കോണ്‍ഗ്രസ് നേതൃത്വത്തിന് എതിരെ അദ്ദേഹം രൂക്ഷ പ്രതികരണം നടത്തിയത്. 

സര്‍ക്കാരിനെ നയിക്കാനുള്ള തന്റെ കഴിവിനെ ചോദ്യം ചെയ്തു. രാഷ്ട്രീയത്തില്‍ എപ്പോഴും നിരവധി അവസരങ്ങളണ്ട്. നിലവില്‍ താന്‍ കോണ്‍ഗ്രസിലാണ്. ഭാവി പരിപാടി തന്നെ പിന്തുണയ്ക്കുന്നവരുമായി കൂടിയാലോചിച്ച ശേഷം തീരുമാനിക്കും. 

ഇന്ന് രാവിലെയും കോണ്‍ഗ്രസ് അധ്യക്ഷയോട് സംസാരിച്ചിരുന്നു. ഇന്ന് രാജിവയ്ക്കുമെന്ന് ഹൈക്കമാന്‍ഡിനോട് പറഞ്ഞിരുന്നു. ഇത് മൂന്നാമത്തെ തവണയാണ് എംഎല്‍എമാരുടെ യോഗം വിളിക്കുന്നത്. അതുകൊണ്ടാണ് രാജിവയ്ക്കാന്‍ തീരുമാനിച്ചത്-അദ്ദേഹം പറഞ്ഞു. ആരെയാണോ ഹൈക്കമാന്‍ഡിന് വിശ്വാസമുള്ളത് അവരെ പഞ്ചാബിന്റെ മുഖ്യമന്ത്രിയാക്കമെന്നും അദ്ദേഹം പറഞ്ഞു. 

അടുത്തവര്‍ഷം ആദ്യം നിയമസഭ തെരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പഞ്ചാബില്‍ സുപ്രധാന മാറ്റം. അമരീന്ദര്‍ സിങ്ങിന്റെയും നവജ്യോത് സിങ് സിദ്ദുവിന്റെയും നേതൃത്വത്തില്‍ ഏറെനാളായി നടക്കുന്ന അധികാര വടംവലിക്കൊടുവിലാണ്, ക്യാപ്റ്റന്റെ പുറത്തുപോക്ക്. 

117 അംഗ പഞ്ചാബ് നിയമസഭയില്‍ നാല്‍പ്പത് കോണ്‍ഗ്രസ് എംഎല്‍എമാര്‍ സിദ്ദുവിനൊപ്പം ഉണ്ടെന്നാണ് സൂചന. കഴിഞ്ഞ മാസം രണ്ട് മന്ത്രിമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അമരിന്ദറിനെതിരെ കലാപക്കൊടി ഉയര്‍ത്തിയെങ്കിലും ഹൈക്കമാന്‍ഡ് ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയായിരുന്നു. എന്നാല്‍ അമരീന്ദറും സിദ്ദുവും തമ്മിലുള്ള പോര് തുടരുന്ന സാഹചര്യത്തില്‍ കടുത്ത തീരുമാനത്തിലേക്ക് ഹൈക്കമാന്‍ഡ് എത്തുകയായിരുന്നു. ഇനിയും ഗ്രൂപ്പു പോരു തുടര്‍ന്നാല്‍ തെരഞ്ഞെടുപ്പില്‍ അതു പാര്‍ട്ടിക്കു തിരിച്ചടിയാവുമെന്നാണ് നേതാക്കള്‍ വിലയിരുത്തുന്നത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com