ജാതകം ചേരില്ലെന്ന കാരണം പറഞ്ഞ് വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറാനാവില്ല: ഹൈക്കോടതി

ഗ്രഹനില ചേരില്ലെന്ന കാരണം പറഞ്ഞ് വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്‍മാറാനാവില്ല: ഹൈക്കോടതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ജാതകപ്രകാരം ഗ്രഹനില ചേരില്ലെന്ന കാരണം പറഞ്ഞ് വിവാഹ വാഗ്ദാനത്തില്‍നിന്നു പിന്നോട്ടുപോവുന്നത് അംഗീകരിക്കാനാവില്ലന്ന് ബോംബെ ഹൈക്കോടതി. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ച ശേഷം ബന്ധത്തില്‍നിന്നു പിന്മാറിയ ആള്‍ക്കെതിരായ ബലാത്സംഗ കേസ് പിന്‍വലിക്കാനാവില്ലൈന്ന് ജസ്റ്റിസ് എസ്‌കെ ഷിന്‍ഡെ വ്യക്തമാക്കി.

തനിക്കെതിരെ ചുമത്തിയ ബലാത്സംഗ, വഞ്ചനാ കേസുകള്‍ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് അവിനാശ് മിത്ര എന്ന 32കാരനാണ് കോടതിയെ സമീപിച്ചത്. വിവാഹ വാഗ്ദാനം നല്‍കി ലൈംഗികമായി ഉപയോഗിച്ച ശേഷം വഞ്ചിച്ചെന്ന് ആരോപിച്ച് യുവതി നല്‍കിയ പരാതിയില്‍ ബോറിവ്‌ലി പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്.

ഗ്രഹനില ചേരാത്തതുകൊണ്ടാണ് മിത്ര വിവാഹത്തില്‍നിന്നു പിന്‍മാറിയത് എന്നാണ് അഭിഭാഷകന്‍ കോടതിയില്‍ വാദിച്ചത്. ഇത് ബലാത്സംഗ കേസോ വഞ്ചനാ കേസോ അല്ല, വാഗ്ദാന ലംഘനം മാത്രമാണ് നടന്നിട്ടുള്ളതെന്ന് മിത്രയുടെ അഭിഭാഷകന്‍ വാദിച്ചു.

പ്രതിക്കു പരാതിക്കാരിയെ വിവാഹം ചെയ്യാനുള്ള ഉദ്ദേശ്യം ഇല്ലായിരുന്നുവെന്നാണ് വ്യക്തമാക്കുന്നതെന്ന്, വാദങ്ങള്‍ തള്ളിക്കൊണ്ട് കോടതി അഭിപ്രായപ്പെട്ടു. ലൈംഗിക ബന്ധത്തിനായി യുവതിയുടെ സമ്മതം കൃത്രിമമായി ഉണ്ടാക്കുകയായിരുന്നുവെന്നാണ് മനസ്സിലാക്കേണ്ടതെന്ന് കോടതി പറഞ്ഞു.

2012 മുതല്‍ പഞ്ചനക്ഷത്ര ഹോട്ടലില്‍ ജോലി ചെയ്തിരുന്ന ഇരുവരും അടുപ്പത്തിലായിരുന്നു. പലതവണ ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ടെന്നാണ് പരാതിയില്‍ പറയുന്നത്. ഗര്‍ഭിണിയായപ്പോള്‍ വിവാഹം കഴിക്കാന്‍ ഇയാളോട് ആവശ്യപ്പെടുകയായിരുന്നു. അന്നു പ്രായമായില്ലെന്നു പറഞ്ഞ് ഇയാള്‍ ഗര്‍ഭഛിദ്രത്തിനു പ്രേരിപ്പിക്കുകയാണ് ചെയ്തത്. പിന്നെ തന്നെ അവഗണിച്ചപ്പോള്‍ പൊലീസിനെ സമീപിച്ചു. പൊലീസ് വിളിപ്പിച്ചപ്പോള്‍ വിവാഹത്തിനു സമ്മതമാണെന്ന് അറിയിച്ച മിത്ര പിന്നീട് ഗ്രഹനിലയുടെ പേരു പറഞ്ഞ് ഒഴിവാകുകയായിരുന്നു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com