ഡ്രൈവര്‍മാര്‍ ഉറക്കം തൂങ്ങുന്നുണ്ടോ?, അറിയാന്‍ സെന്‍സര്‍ വേണം; ജോലി സമയം കുറയ്ക്കണം, സംസ്ഥാനങ്ങള്‍ക്ക് നിതിന്‍ ഗഡ്കരിയുടെ കത്ത്

വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് പുതിയ നിര്‍ദേശം മുന്നോട്ട് വച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി
നിതിന്‍ ഗഡ്കരി, പിടിഐ/ ഫയല്‍
നിതിന്‍ ഗഡ്കരി, പിടിഐ/ ഫയല്‍

ന്യൂഡല്‍ഹി: വാഹനാപകടങ്ങള്‍ കുറയ്ക്കുന്നതിന് പുതിയ നിര്‍ദേശം മുന്നോട്ട് വച്ച് കേന്ദ്ര ഉപരിതല ഗതാഗതമന്ത്രി നിതിന്‍ ഗഡ്കരി. ട്രക്ക് ഡ്രൈവര്‍മാരുടെ ഡ്രൈവിങ് സമയം നിജപ്പെടുത്തണമെന്നതാണ് നിര്‍ദേശത്തിന്റെ ഉള്ളടക്കം.  ഉറക്കം വരുന്നുണ്ടോ എന്ന് തിരിച്ചറിയുന്നതിന് വാഹനത്തിന് അകത്ത് പ്രത്യേക സെന്‍സര്‍ ഘടിപ്പിക്കുന്നതിന്റെ സാധ്യത പരിശോധിക്കാന്‍ നിതിന്‍ ഗഡ്കരി ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കി.

രാത്രികാലങ്ങളില്‍ വാഹനാപകടം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് മന്ത്രിയുടെ പരിഹാരനിര്‍ദേശം. പലപ്പോഴും വിശ്രമിക്കാതെ വാഹനം ഓടിക്കുന്നതും ക്ഷീണം കൊണ്ട് ഉറങ്ങിപ്പോകുന്നതും മറ്റുമാണ് വാഹനാപകടങ്ങള്‍ക്ക് മുഖ്യ കാരണമാകുന്നത്. ഈ പശ്ചാത്തലത്തിലാണ് വാഹനാപകടങ്ങളില്‍ ഒട്ടുമിക്കതിനും കാരണമാകുന്ന ട്രക്ക് വാഹനങ്ങളുടെ ഡ്രൈവര്‍മാരുടെ ഡ്രൈവിങ് സമയം നിജപ്പെടുത്തണമെന്ന് നിതിന്‍ ഗഡ്കരി നിര്‍ദേശിച്ചത്. നിലവില്‍ വിമാനത്തിലെ പൈലറ്റുമാര്‍ക്ക് ജോലി സമയം നിജപ്പെടുത്തിയിട്ടുണ്ട്. സമാനമായ നിലയില്‍ ട്രക്ക് ഡ്രൈവര്‍മാരുടെ ഡ്രൈവിങ് സമയവും നിജപ്പെടുത്തണമെന്നാണ് നിതിന്‍ ഗഡ്കരി നിര്‍ദേശിച്ചത്.

ഇതുമായി ബന്ധപ്പെട്ട് നയത്തിന് രൂപം നല്‍കാന്‍ ഉദ്യോഗസ്ഥര്‍ക്ക് ട്വിറ്ററിലൂടെ മന്ത്രി നിര്‍ദേശം നല്‍കി. ഉറക്കക്ഷീണം മൂലം അപകടം ഉണ്ടാവുന്നത് തടയുന്നതിന് വാഹനങ്ങളില്‍ പ്രത്യേക സെന്‍സറുകള്‍ ഘടിപ്പിക്കണം. ഉറക്കം വരുന്നുണ്ടോ എന്ന് തിരിച്ചറിയുന്നതിന് സഹായകമായ സെന്‍സറാണ് ക്രമീകരിക്കേണ്ടത്. യൂറോപ്യന്‍ ഗുണനിലവാരത്തോട് കിടപിടിക്കുന്ന സെന്‍സറുകളാണ് ഘടിപ്പിക്കേണ്ടതെന്നും സംസ്ഥാന മുഖ്യമന്ത്രിമാര്‍ക്കും ജില്ലാ കലക്ടര്‍മാര്‍ക്കും അയച്ച കത്തില്‍ പറയുന്നു. പതിവായി ജില്ലാ റോഡ് സുരക്ഷാസമിതി ചേരുന്നുണ്ട് എന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com