സഹകരണ മന്ത്രാലയം സംസ്ഥാനങ്ങളെ സഹായിക്കാന്‍, ദേശീയ നയം ഉടന്‍: അമിത് ഷാ

പ്രസംഗത്തില്‍ അമിത് ഷാ, ഊരാളുങ്കല്‍ സഹകരണ സംഘത്തെയും കോഴിക്കോട് സഹകരണ ആശുപത്രിയെയും പ്രശംസിച്ചു
അമിത് ഷാ/എഎന്‍ഐ
അമിത് ഷാ/എഎന്‍ഐ

ന്യൂഡല്‍ഹി: രാജ്യത്തെ പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കായി ദേശീയ നയം കൊണ്ടുവരുമെന്ന് കേന്ദ്ര മന്ത്രി അമിത് ഷാ. കേന്ദ്രം പുതിയ സഹകരണ മന്ത്രാലയം രൂപീകരിച്ചത് സംസ്ഥാനങ്ങളെ സഹായിക്കാനാണെന്ന് അമിത് ഷാ പറഞ്ഞു. ദേശീയ സഹകരണ സമ്മേളനം ഉദ്ഘാടനം ചെയ്തുകൊണ്ടുള്ള പ്രസംഗത്തില്‍ അമിത് ഷാ, ഊരാളുങ്കല്‍ സഹകരണ സംഘത്തെയും കോഴിക്കോട് സഹകരണ ആശുപത്രിയെയും പ്രശംസിച്ചു.

സഹകരണ വിഷയത്തില്‍ കേന്ദ്രം സംസ്ഥാനങ്ങളുമായി ഏറ്റുമുട്ടാനില്ല. സഹകരണം കേന്ദ്ര വിഷയമാണോ സംസ്ഥാന വിഷയമാണോ എന്ന തര്‍ക്കത്തിനില്ല. സംസ്ഥാനങ്ങളെ സഹായിക്കലാണ് പുതിയ മന്ത്രാലയത്തിന്റെ ഉദ്ദേശ്യം. പ്രാഥമിക സഹകരണ സംഘങ്ങള്‍ക്കായി പുതിയ നയം കൊണ്ടുവരും. സംസ്ഥാനാന്തര സംഘങ്ങളെ നിയമംമൂലം നിയന്ത്രിക്കുമെന്നും അമിത് ഷാ പറഞ്ഞു. 

ഗ്രാമീണ സമ്പദ് വ്യവസ്ഥയില്‍ ഉണര്‍വ് ഉണ്ടാക്കാന്‍ പര്യാപ്തമായിക്കും പുതിയ സഹകരണ നയം. നിലവില്‍ രാജ്യത്തെ 91 ശതമാനം ഗ്രാമങ്ങളിലും വലുതോ ചെറുതോ ആയ സഹകരണ സ്ഥാപനങ്ങളുണ്ടെന്ന് ഷാ ചൂണ്ടിക്കാട്ടി. 

രാജ്യത്തിന്റെ വികസനത്തില്‍ നിര്‍ണായക പങ്കു വഹിക്കാന്‍ സഹകരണ സംഘങ്ങള്‍ക്കാവും. അതിനായി മാറി ചിന്തിക്കണം. കൂടുതല്‍ സുതാര്യതയും ഈ രംഗത്തു വേണ്ടതുണ്ടെന്ന് അമിത് ഷാ പറഞ്ഞു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com