'ആദിപരാശക്തി'; ഇന്ത്യയിലെ 51 ശക്തിപീഠങ്ങളുടെ കഥ -  ഭാഗം-1

നവരാത്രിയും ദസറയും അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ ശക്തിപീഠങ്ങളുടെ പ്രാധാന്യം ഒരിക്കല്‍ കൂടി മുഴങ്ങുകയാണ്
മഹാമായ ശക്തി പീഠം, അമര്‍നാഥ്, ജമ്മു കശ്മീര്‍
മഹാമായ ശക്തി പീഠം, അമര്‍നാഥ്, ജമ്മു കശ്മീര്‍

പ്രപഞ്ചമാകുന്ന നാണയത്തിന്റെ രണ്ടു വശങ്ങളാണ് ദേവി സതിയും ഭഗവാന്‍ പരമശിവനും. ഇവരുടെ കഥയിലെ നിര്‍ണായക ഘട്ടം ആരംഭിക്കുന്നത് സതിയുടെ അച്ഛനായ ദക്ഷന്‍ സംഘടിപ്പിച്ച മഹായാഗത്തിലൂടെയാണ്. യാഗത്തിന്റെ അവസാനം ദക്ഷന്‍ ശിവനെ അപമാനിച്ചു. ഭര്‍ത്താവിനെ അപമാനിച്ചതിന്റെ മനോവിഷമത്തില്‍ അഗ്നിയില്‍ സതി പ്രാണത്യാഗം ചെയ്തു എന്നാണ് ഐതിഹ്യം. സതിയുടെ പ്രാണത്യാഗത്തില്‍ കുപിതനും ദുഃഖിതനുമായ ഭഗവാന്‍ ശിവന്‍ താണ്ഡവം നൃത്തം ആരംഭിച്ചു. ഇതിന്റെ പ്രഭാവത്താല്‍ ലോകം നശിക്കുമെന്നു ഭയപ്പെട്ട ഭഗവാന്‍ വിഷ്ണു ശിവനെ ദുഃഖത്തില്‍ നിന്ന് മോചിപ്പിക്കാന്‍ സുദര്‍ശന ചക്രം കൊണ്ട് സതിയുടെ ശരീരത്തെ ഖണ്ഡിച്ചു. സതിയുടെ ശരീരത്തിന്റെ വിവിധ ഭാഗങ്ങള്‍ ഭൂമിയുടെ പലഭാഗങ്ങളിലായി പതിച്ചു. ഇവയാണ് പിന്നീട് ശക്തിപീഠങ്ങളായി പരിവര്‍ത്തനം ചെയ്യപ്പെട്ടത്. ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിന്റെ വിവിധ ഭാഗങ്ങളിലായി 51 ശക്തിപീഠങ്ങള്‍ സ്ഥിതി ചെയ്യുന്നു. ശിവന്റെ അവതാരമായ കാലഭൈരവനും ആദിപരാശക്തിയുമാണ് ഈ ക്ഷേത്രങ്ങളിലെ പ്രതിഷ്ഠ.

പശ്ചിമബംഗാളിലാണ് ഏറ്റവുമധികം ശക്തി പീഠങ്ങള്‍. ഇന്ത്യയില്‍ മാത്രമല്ല പാകിസ്ഥാന്‍, നേപ്പാള്‍, തിബറ്റ്, ബംഗ്ലാദേശ്, ശ്രീലങ്ക എന്നി രാജ്യങ്ങളിലായി ശക്തിപീഠങ്ങള്‍ വ്യാപിച്ചു കിടക്കുന്നു. മനുഷ്യനും ദൈവവും തമ്മിലുള്ള നിഗൂഢമായ ബന്ധത്തിന് കാരണം വിശ്വാസമാണ്. ഈ പവിത്രമായ സ്ഥലങ്ങളാണ് ഇതിന് കരുത്തുപകരുന്നത്. കശ്മീര്‍ മുതല്‍ തമിഴ്‌നാട് വരെയും ഗുജറാത്ത് മുതല്‍ ബംഗാള്‍ വരെയും ത്യാഗത്തിന്റെയും സ്‌നേഹത്തിന്റെയും പ്രതീകമായി ആദിപരാശക്തിയെ ആദരിക്കുന്നു. ശിവപുരാണം , ദേവീഭാഗവതം തുടങ്ങിയ ചില ഗ്രന്ഥങ്ങളില്‍ നാല് പ്രധാനപ്പെട്ട ആദിശക്തിപീഠങ്ങളെ കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. ബിമല, താരാ തരിണി, കാമാഖ്യ, ദക്ഷിണ കാലിക എന്നിവയാണിവ.

ചില പീഠങ്ങള്‍ക്ക് നൂറുകണക്കിന് നൂറ്റാണ്ടുകള്‍ പഴക്കമുണ്ട്. ഇവയുമായി ബന്ധപ്പെട്ട പ്രാദേശിക കഥകളും ജനങ്ങളുടെ മനസില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. 15-ാം നൂറ്റാണ്ടില്‍ ആട്ടിടയനായ ബൂട്ടാ മാലിക്കിന് സന്യാസിയുടെ വേഷം ധരിച്ചെത്തിയ പരമശിവന്‍ ഒരു സഞ്ചി നിറയെ കരിക്കട്ടകള്‍ നല്‍കുകയും അത് സ്വര്‍ണമായി രൂപാന്തരം പ്രാപിക്കുകയും ചെയ്ത കഥ അമര്‍നാഥില്‍ ഇന്നും പറഞ്ഞുകേള്‍ക്കുന്നു. പരമശിവനോടുള്ള നന്ദിസൂചകമായാണ് അമര്‍നാഥില്‍ ബൂട്ടാ മാലിക് പവിത്രമായ ഗുഹാ ക്ഷേത്രം നിര്‍മ്മിച്ചത് എന്നാണ് ഐതിഹ്യം.

സതിയുടെ അവതാരമാണ് പാര്‍വതി എന്നാണ് വിശ്വാസം. സൃഷ്ടിയുടെയും സംഹാരത്തിന്റെയും രൂപമായാണ് ആദിപരാശക്തിയെ കാണുന്നത്. ശിവരാത്രി നാളുകളിലാണ് ശക്തിയുടെ പ്രാധാന്യം കൂടുതല്‍ വെളിവാകുന്നത്.

തിന്മയില്‍ നിന്ന് മനുഷ്യനെ നന്മയിലേക്ക് നയിക്കുക എന്നതാണ് ശക്തിപീഠങ്ങളുടെ ആത്യന്തിക ലക്ഷ്യം. സ്‌നേഹം, പ്രതികാരം, രൗദ്രത, സമര്‍പ്പണം എന്നിങ്ങനെ വിവിധ ഭാവങ്ങള്‍ ഓരോ ക്ഷേത്രങ്ങളിലും പ്രതിഫലിക്കുന്നുണ്ട്. സംഹാരരൂപിണിയായാണ്‌ കാളിയെ കാണുന്നത്. യഥാര്‍ഥത്തില്‍ തിന്മയില്‍ നിന്ന് നന്മയിലേക്ക് നയിക്കുന്നതിനാണ് ദേവി സംഹാരരൂപം കൈക്കൊണ്ടിരിക്കുന്നത്. ശിവനെ മനുഷ്യരൂപത്തിലേക്ക് മാറ്റുന്നതോടെയാണ് പാര്‍വതി മാതൃത്വത്തിന്റെ പ്രതീകമായി മാറുന്നത്. ശിവനെ ഗൃഹസ്ഥാശ്രമിയും ഗണപതിയുടെയും മുരുകന്റെയും പിതാവുമാക്കി മാറ്റുന്നതില്‍ പാര്‍വതിയുടെ പങ്ക് വലുതാണ്. ഇന്ത്യയില്‍ വൈഷ്ണവം, ശൈവം
എന്ന രീതിയില്‍ വിശ്വാസം രണ്ടായി വളര്‍ന്നപ്പോഴും ശക്തി സ്വതന്ത്രമായി നിലക്കൊണ്ടു.

പ്രാചീന കാലത്ത് പ്രകൃതിയെയാണ് ആരാധിച്ചിരുന്നത്. ഹിന്ദുമതത്തിന്റെ ആദ്യ കാലങ്ങളില്‍ പ്രകൃതിയെ ആരാധിക്കുന്ന രീതി വ്യാപകമായി നിലനിന്നിരുന്നു. അക്കാലത്ത് വനത്തിന്റെയും മലയുടെയും പുഴയുടെയും ദേവതയായി ആരാധിച്ചിരുന്നത് ദേവിയെയാണ്. ശക്തിപീഠങ്ങളില്‍ ഭൂരിഭാഗവും പ്രകൃതിയുമായി ബന്ധപ്പെട്ട് കിടക്കുന്നു. മലയുടെ മുകളിലും ഗുഹയിലും ജലാശയത്തിലുമാണ് ഇവയില്‍ ഭൂരിഭാഗവും സ്ഥിതി ചെയ്യുന്നത്.

ശിവന്റെ മുടിയില്‍ നിന്നാണ് കാല ഭൈരവന്‍ പിറവി കൊണ്ടത് എന്നാണ് ഐതിഹ്യം. ശക്തിപീഠങ്ങളെ സംരക്ഷിക്കുന്നതിന് 64 ഭൈരവന്മാരെയാണ് ശിവന്‍ നിയോഗിച്ചത്. അഹന്തയെ വെടിയുക, മനസ് ഭക്തിയിലൂടെ പവിത്രമാക്കുക എന്നതാണ് ഓരോ ശക്തിപീഠങ്ങളും നല്‍കുന്ന സന്ദേശം. നവരാത്രിയും ദസറയും അടുത്തിരിക്കുന്ന പശ്ചാത്തലത്തില്‍ ഈ ശക്തിപീഠങ്ങളുടെ പ്രാധാന്യം ഒരിക്കല്‍ കൂടി മുഴങ്ങുകയാണ്.

വടക്കേന്ത്യയിലെ ശക്തിപീഠങ്ങള്‍

1. മഹാമായ ശക്തി പീഠം

ജമ്മു കശ്മീരിലെ അമര്‍നാഥിലാണ് മഹാമായ ശക്തിപീഠം. സതിദേവിയുടെ മൃതശരീരം സുദര്‍ശനചക്രത്താല്‍ ഖണ്ഡിക്കപ്പെട്ടപ്പോള്‍ ഭൂമിയില്‍ കണ്ഠം പതിച്ച സ്ഥലമാണിത്. കണ്ഠത്തിന്റെ സംരക്ഷണത്തിന് കാലഭൈരവന്റെ അവതാരമായ ത്രിസന്ധ്യേശ്വറിനെ ശിവന്‍ നിയോഗിച്ചു എന്നതാണ് വിശ്വാസം.വര്‍ഷംതോറുമുള്ള അമര്‍നാഥ് യാത്ര കര്‍മദോഷങ്ങളില്‍ നിന്ന് മുക്തി നേടാനുള്ള തീര്‍ഥയാത്രയായാണ് ഹിന്ദുസമൂഹം കാണുന്നത്. പാര്‍വതിക്ക് അമരത്വം കല്‍പ്പിച്ച് നല്‍കുന്നതിന് ശിവന്‍ തുടക്കമിട്ടത് ഇവിടെ നിന്നാണ് എന്ന തരത്തിലും വിശ്വാസമുണ്ട്.

അമര്‍നാഥ് ഗുഹയില്‍ ഇരുന്നാണ് ശിവനെ പതിയായി ലഭിക്കുന്നതിന് പാര്‍വതി തപസ് ചെയ്തത്. പാര്‍വതിയുടെ തപസില്‍ സംപ്രീതനായ ശിവന്‍ അമരത്വത്തിന്റെ രഹസ്യം ഉപദേശിച്ച് കൊടുക്കാന്‍ തീരുമാനിച്ചു. മറ്റാരും കേള്‍ക്കാതിരിക്കാന്‍ ഗുഹയുടെ ചുറ്റിലുമുള്ള പ്രദേശം കത്തി ചാമ്പലാക്കാന്‍ ശിവന്‍ നിര്‍ദേശിച്ചു. എന്നാല്‍ ശിവന്റെ മാന്‍തോല്‍ പായയുടെ ചുവട്ടില്‍ ഇരുന്നിരുന്ന പ്രാവിന്റെ ഒരു ജോടി മുട്ടകള്‍ മാത്രം നശിച്ചില്ല. അതിനാല്‍ ഇവയ്ക്ക് അമരത്വം ലഭിച്ചു എന്നാണ് ഐതിഹ്യം. അതുകൊണ്ടാണ് തണുത്തുറഞ്ഞ് കിടക്കുമ്പോഴും അമര്‍നാഥില്‍ പ്രാവുകളെ കാണുന്നത് അതിശയിപ്പിക്കുന്നത്.

ജൂലൈ- ഓഗസ്റ്റ് കാലയളവാണ് യാത്രയ്ക്ക് അനുയോജ്യമായ സമയം. ശ്രീനഗര്‍ വിമാനത്താവളത്തില്‍ നിന്ന് 72 കിലോമീറ്റര്‍ അകലെയാണ് അമര്‍നാഥ്. ജമ്മു താവിയാണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍. അമര്‍നാഥില്‍ നിന്ന് 176 കിലോമീറ്റര്‍ അകലെയാണിത്. ജമ്മുവില്‍ നിന്ന് എപ്പോഴും ബസുണ്ട്.

2.ഗണ്ഡകി ദേവി ശക്തി പീഠം

നേപ്പാളിലെ മുക്തിനാഥിലാണ് ക്ഷേത്രം. സതിദേവിയുടെ വലതു കവിള്‍ പതിച്ച സ്ഥലമാണിത്. ഗണ്ഡകി നദിയുടെ ഉത്ഭവസ്ഥാനത്താണ് ഈ ക്ഷേത്രം. 3800 മീറ്റര്‍ ഉയരത്തിലാണ് ശക്തിപീഠം സ്ഥിതി ചെയ്യുന്നത്. ഹിമാലയ പഗോഡ വാസ്തുശില്‍പ്പ മാതൃകയിലാണ് ക്ഷേത്രം പണിതിരിക്കുന്നത്. മുക്തിനാദ ക്ഷേത്രത്തിന് സമീപമാണ് ഈ ശക്തിപീഠം. വൈഷ്ണവര്‍ നദീതടത്തിലെ ബഹുവര്‍ണ്ണത്തിലുള്ള സാളഗ്രാമങ്ങളെ മഹാവിഷ്ണുവിന്റെ മൂര്‍ത്തീഭാവങ്ങളായി കണക്കാക്കുന്നു. 

വെള്ള കല്ല് വാസുദേവനായും കറുപ്പ് വിഷ്ണുവായും പച്ച നാരായണനായും നീല കൃഷ്ണനായും സ്വര്‍ണ്ണം, ചുവപ്പ് കലര്‍ന്ന മഞ്ഞ എന്നിവ നരസിംഹനായുമാണ് സങ്കല്‍പ്പിക്കുന്നത്.കുലശേഖര ആള്‍വാറിന്റെ നാലായിര ദിവ്യ പ്രബന്ധത്തിലെ ഒരു ശ്ലോകത്തില്‍ ഗണ്ഡകീദേവി ക്ഷേത്രത്തെ ദിവ്യദേശമായി പരാമര്‍ശിക്കുന്നുണ്ട്.

മാര്‍ച്ച്-മെയ് ,സെപ്റ്റംബര്‍- ഡിസംബര്‍ കാലയളവാണ് സന്ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയം. കാഠ്മണ്ഡു - പൊഖാറ -ജോംസണ്‍ എന്നിങ്ങനെ വിമാനമാര്‍ഗം സഞ്ചരിക്കാം. ജോംസണില്‍ നിന്ന് ക്ഷേത്രത്തിലേക്ക് വാഹനസൗകര്യമുണ്ട്. കാഠ്മണ്ഡുവില്‍ നിന്ന് മുക്തിനാഥിലേക്ക് മൗണ്ടന്‍ ഫ്‌ലൈറ്റിലും യാത്ര ചെയ്യാവുന്നതാണ്.അവിടെ നിന്ന് 30 മിനിറ്റ് നടന്നാല്‍ ക്ഷേത്രത്തില്‍ എത്താം.

3. ജ്വാലാജി ശക്തി പീഠം

ഹിമാചല്‍ പ്രദേശിലെ കാംഗ്രയിലാണ് ക്ഷേത്രം.സതിദേവിയുടെ നാക്ക് പതിച്ച സ്ഥലമാണിത്. ഉന്മത്ത ഭൈരവന്റെ രൂപത്തിലാണ് കാലഭൈരവനെ ഇവിടെ ആരാധിക്കുന്നത്. ജ്വാലാജി ക്ഷേത്രത്തില്‍ വിഗ്രഹമില്ല. ഒരു പുരോഹിതന്‍ ചെമ്പ് പൈപ്പില്‍ നിന്ന് വരുന്ന പ്രകൃതിവാതകം കത്തിക്കുമ്പോള്‍ നീല ജ്വാല ഉണ്ടാകുന്നു. ഇത് ജ്വാലമുഖിയായി കണ്ട് ആരാധിക്കുന്നു. മഹാകാളി, അന്നപൂര്‍ണ, ചാണ്ടി, ഹിംഗ്ലജ്, വിദ്യ, ബസ്‌നി, മഹാ ലക്ഷ്മി, സരസ്വതി, അംബിക, അഞ്ജി ദേവി എന്നി ഒന്‍പത് ദേവതകളുടെ പേരിലാണ് ഇവിടെ ഒന്‍പത് ജ്വാലകള്‍. വേദഗ്രന്ഥങ്ങള്‍ അനുസരിച്ച്, 'ജ്വലിക്കുന്ന ദേവിയുടെ' യഥാര്‍ത്ഥ ക്ഷേത്രം പാണ്ഡവരാണ് നിര്‍മ്മിച്ചത്. കുതിര പുറത്തേറി കൈയില്‍ ഗദയും കുന്തവുമേന്തിയാണ് ഉന്മത്ത ഭൈരവന്‍ വരുന്നത് എന്നാണ് ഐതിഹ്യം. ഗ്രഹ ദോഷമുള്ളവരും വന്ധ്യരായ സ്ത്രീകളുമാണ് ദോഷങ്ങള്‍ മാറാന്‍ അദ്ദേഹത്തെ മുഖ്യമായി ആരാധിക്കുന്നത്.

അക്ബര്‍ ചക്രവര്‍ത്തി ജ്വാലാജിയുടെ തീജ്വാലകള്‍ വെള്ളം ഒഴിച്ചു കെടുത്താന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.  ഇതോടെ അക്ബര്‍ വിശ്വാസിയായി തീര്‍ന്നെന്നും ഐതിഹ്യമുണ്ട്.

മാര്‍ച്ച് - ഏപ്രില്‍, സെപ്റ്റംബര്‍- ഒക്ടോബര്‍ കാലയളവാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ സമയം. ധര്‍മ്മശാലയാണ് അടുത്തുള്ള വിമാനത്താവളം. ഉന്നയാണ് സമീപത്തെ റെയില്‍വേ സ്റ്റേഷന്‍. 60 കിലോമീറ്ററാണ് സ്‌റ്റേഷനില്‍ നിന്ന് ക്ഷേത്രത്തിലേക്ക്.

4. ദാക്ഷായണി ദേവി ശക്തി പീഠം

തിബറ്റിലെ മാനസസരോവറിലാണ് ക്ഷേത്രം. സതിദേവിയുടെ വലതുകൈ പതിച്ച സ്ഥലമാണിത്. അമര്‍ എന്ന പേരിലാണ് കാലഭൈരവനെ ഇവിടെ ആരാധിക്കുന്നത്. മാനസസരോവര്‍ തടാകത്തിന്റെ തീരത്താണ് ക്ഷേത്രം. ശിവന്റെയും പാര്‍വ്വതിയുടെയും വാസസ്ഥലമായ കൈലാസ പര്‍വതത്തിലേക്കുള്ള കവാടമാണിത്. ശക്തി ദാക്ഷായണി ആണ് ഇവിടത്തെ പ്രതിഷ്ഠ. പ്രദേശത്ത് പ്രത്യക്ഷത്തില്‍ ക്ഷേത്രത്തിന്റെ രൂപത്തില്‍ മാതൃകകള്‍ ഒന്നുമില്ലെങ്കിലും മായയായി സങ്കല്‍പ്പിക്കുന്നു. പകരം ഭക്തര്‍ ഒരു കൂറ്റന്‍ പാറക്കല്ലില്‍ പ്രാര്‍ത്ഥന നടത്തുന്നു.

മെയ് മാസം പകുതി മുതല്‍ ഒക്ടോബര്‍ വരെയാണ് യാത്ര ചെയ്യാന്‍ ഉചിതമായ സമയം. ജമ്മുവാണ് അടുത്തുള്ള വിമാനത്താവളം. ലിപുലേഖ് ചുരം, നാഥു ലാ പാസ് എന്നിവ വഴി ക്ഷേത്രത്തിലെത്താന്‍ പൊതു/സ്വകാര്യ വാഹനങ്ങള്‍ ലഭ്യമാണ്.

5. മിഥില ശക്തി പീഠം

ബിഹാറിലെ മിഥിലയിലാണ് ക്ഷേത്രം. സതിദേവിയുടെ ഇടത് തോള്‍ പതിച്ച സ്ഥലമാണിത്. ഇവിടെ ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല കാലഭൈരവന്റെ മഹോദര്‍ അവതാരത്തിനാണ്. ദേവി ഉമയാണ് ക്ഷേത്രത്തിലെ ആരാധനാരൂപം. മധുബനി ജില്ലയിലെ വനദുര്‍ഗോ ക്ഷേത്രം, സമസ്തിപൂരിലെ ജയമംഗല ദേവി ക്ഷേത്രം, സഹര്‍സയ്ക്ക് സമീപമുള്ള ഉഗ്രതാര ക്ഷേത്രം എന്നിവ ഈ ശക്തി പീഠത്തിന്റെ പരിധിയില്‍ വരുന്നു. ഉച്ചൈത് ഭഗവതിയാണ് വനദുര്‍ഗോ ക്ഷേത്രത്തിലെ പ്രതിഷ്ഠ. രാമ നവമി, ശിവരാത്രി, ദുര്‍ഗാപൂജ, കാളിപൂജ, നവരാത്രി എന്നി ഉത്സവ സമയങ്ങളിലാണ് ക്ഷേത്രത്തില്‍ പ്രാധാന്യം.

വര്‍ഷം മുഴുവനും ഇവിടെ സന്ദര്‍ശനത്തിന് അനുയോജ്യമാണ്. ജനക്പൂര്‍ ആണ് അടുത്തുള്ള റെയില്‍വേ സ്‌റ്റേഷന്‍

6. ഗുഹ്യേശ്വരി ശക്തി പീഠം

നേപ്പാളിലെ കാഠ്മണ്ഡുവിലാണ് ക്ഷേത്രം.  സതിദേവിയുടെ ഇരുമുട്ടുകളും പതിച്ച സ്ഥലമാണിത്.കാലഭൈരവന്റെ മറ്റൊരു രൂപമായ കപാലിയെയാണ് ഇവിടെ ആരാധിക്കുന്നത്.

മറഞ്ഞിരിക്കുന്ന കാളിയാണ് ഗുഹ്യേശ്വരി ശക്തി പീഠത്തിലെ ആരാധനാമൂര്‍ത്തി. കാളി ശ്മശാനത്തിന്റെ ദേവതയായതിനാല്‍, ക്ഷേത്രത്തിന്റെ പ്രവേശന കവാടത്തില്‍ ഒരു അസ്ഥികൂട ചിത്രമാണ് ഭക്തരെ സ്വീകരിക്കുന്നത്. ഗര്‍ഭഗൃഹത്തിലെ ലോഹ വാതില്‍ ഫ്രെയിം ദേവിയുടെ വിവിധ രൂപങ്ങളുടെ  കൊത്തുപണികള്‍ പ്രതിഫലിപ്പിക്കുന്നു. മഹായാന ബുദ്ധമതത്തിന്റെയും തന്ത്ര സാധനയുടെയും പാരമ്പര്യങ്ങളില്‍ കാളിയെ വജ്രയോഗിനി രൂപത്തില്‍ ആരാധിക്കുന്നു. പ്രമുഖ ക്ഷേത്രമായ പശുപതി ക്ഷേത്രം സമീപത്താണ്.

ഒക്ടോബര്‍- മാര്‍ച്ച് കാലയളവാണ് സന്ദര്‍ശനത്തിന് ഉചിതമായ സമയം. കാഠ്മണ്ഡുവാണ് സമീപത്തെ വിമാനത്താവളം. ഡല്‍ഹിയില്‍ നിന്ന് റോഡിലൂടെ 20 മണിക്കൂര്‍ സഞ്ചരിച്ചാല്‍ ക്ഷേത്രത്തില്‍ എത്താം.

7. ദേവി വരാഹി ശക്തിപീഠം

ഉത്തര്‍പ്രദേശിലെ വാരാണസിയിലാണ് ക്ഷേത്രം. സതിദേവിയുടെ കീഴ്പ്പല്ലുകള്‍ പതിച്ച സ്ഥലമാണിത്. മഹാരുദ്രനെയാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതലയ്ക്കായി ശിവന്‍ നിയോഗിച്ചത്.  ദേവി വരാഹിയെയാണ് ഇവിടെ ആരാധിക്കുന്നത്.വിഷ്ണുവിന്റെ സുദര്‍ശന ചക്രത്തിന് സമാനമായ ചക്രധാരിണിയായാണ് ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ദേവിയെ മഹാവിഷ്ണുവിനോടൊപ്പം ആരാധിക്കുന്നതിനാല്‍ ഈ പീഠം സവിശേഷമാണ്. വരാഹി ശത്രുക്കളെ നിഗ്രഹിക്കുമെന്ന് തീര്‍ത്ഥാടകര്‍ വിശ്വസിക്കുന്നു.

സെപ്റ്റംബര്‍- ഫെബ്രുവരി കാലയളവാണ് സന്ദര്‍ശനത്തിന് അനുയോജ്യമായ സ്ഥലം. വാരാണസിയാണ് തൊട്ടടുത്തുള്ള വിമാനത്താവളം.

8. ലളിത ദേവി ശക്തി പീഠം

ഉത്തര്‍പ്രദേശിലെ സീതാപൂരിലാണ് ക്ഷേത്രം. സതിദേവിയുടെ വിരലുകള്‍ പതിച്ച സ്ഥലമാണിത്. ഭാവ രൂപത്തിലാണ് ഇവിടെ കാലഭൈരവനെ ആരാധിക്കുന്നത്. സൗന്ദര്യത്തിന്റെ ആത്യന്തിക പ്രതിരൂപമാണ് ലളിത ദേവി. മാധവേശ്വരി, രാജരാജേശ്വരി എന്നിവയാണ് പ്രതിഷ്ഠയുടെ മറ്റ് പേരുകള്‍. അറിവും പ്രബുദ്ധതയും നേടാനാണ് ഭക്തരും സാധുക്കളും ഇവിടെ സന്ദര്‍ശിക്കുന്നത്. എല്ലാ പാപങ്ങളും കഴുകിക്കളയാന്‍ സഹായിക്കുമെന്നാണ് വിശ്വാസം.

ഒക്ടോബര്‍- ഫെബ്രുവരി കാലയളവാണ് ക്ഷേത്രത്തില്‍ പോകാന്‍ അനുയോജ്യമായ സമയം.

9. സാവിത്രിദേവി ശക്തി പീഠം

ഹരിയാന കുരുക്ഷേത്ര താനേശ്വറിലാണ് ക്ഷേത്രം. സതിദേവിയുടെ കണങ്കാല്‍ പതിച്ച സ്ഥലമാണിത്. സ്താനുവാണ് ഭൈരവ അവതാരം. കുരുക്ഷേത്രയില്‍ നിന്ന് കുറച്ച് അകലെയാണ് ഈ ക്ഷേത്രം സ്ഥിതിചെയ്യുന്നത്. ദേവികൂപ് ഭദ്രകാളി ക്ഷേത്രം അല്ലെങ്കില്‍ കാളികപീഠം എന്നും ഈ ക്ഷേത്രം അറിയപ്പെടുന്നു. നാവ് നീട്ടി നില്‍ക്കുന്ന കാളിയാണ് ഇവിടത്തെ പ്രതിഷ്ഠ. പാണ്ഡവരും ശ്രീകൃഷ്ണനും യുദ്ധത്തിന് പോകുന്നതിനുമുമ്പ് ദേവിയെ ആരാധിച്ചിരുന്നതായി പ്രദേശവാസികള്‍ വിശ്വസിക്കുന്നു.

സെപ്റ്റംബര്‍- മാര്‍ച്ച് കാലയളവാണ് സന്ദര്‍ശനം നടത്താന്‍ ഉചിതമായ സമയം. ചണ്ഡീഗഡാണ് തൊട്ടടുത്തുള്ള വിമാനത്താവളം. കുരുക്ഷേത്രയാണ് അടുത്തുള്ള റെയില്‍വേ സ്റ്റേഷന്‍.

10. വിശാലാക്ഷി ശക്തി പീഠം

ഉത്തര്‍പ്രദേശില്‍ വാരാണസിയിലാണ് ക്ഷേത്രം. സതിദേവിയുടെ കര്‍ണാഭരണം പതിച്ച സ്ഥലമാണിത്. കാലഭൈരവനാണ് ക്ഷേത്രത്തിന്റെ സംരക്ഷണ ചുമതല. മീര്‍ഘട്ടിനപ്പുറമാണ് വിശാലാക്ഷിയുടെ ആരാധനാലയം. മണികര്‍ണി എന്ന പേരിലും ദേവിയെ ആരാധിക്കുന്നു.

ദേവിയുടെ പേരിലാണ് പ്രശസ്തമായ ഘട്ട് അറിയപ്പെടുന്നത്. വിശാലാക്ഷി, കാഞ്ചീപുരത്തെ കാമാക്ഷി , മധുരയിലെ മിനാക്ഷി  എന്നിവയാണ് പ്രധാന ദേവി ക്ഷേത്രങ്ങളായി ദക്ഷിണേന്ത്യക്കാര്‍ കാണുന്നത്.

നവരാത്രിയാണ് പ്രധാന വിശേഷം. ഓഗസ്റ്റ്- മാര്‍ച്ച് കാലയളവാണ് സന്ദര്‍ശനം നടത്താന്‍ ഉചിതമായ സമയം.വാരാണസിയാണ് തൊട്ടടുത്തുള്ള വിമാനത്താവളവും റെയില്‍വേ സ്‌റ്റേഷനും

11 ദേവി കാര്‍ത്യായനി ശക്തി പീഠം


ഉത്തര്‍പ്രദേശിലെ വൃന്ദാവനിലാണ് ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ദേവി ഉമയാണ് പ്രതിഷ്ഠ. സതിദേവിയുടെ മുടി വീണ സ്ഥലമാണിത്. ഭൈരവന്റെ അവതാരമായ ഭൂതേശയാണ് ഇവിടത്തെ മറ്റൊരു ഉപാസന മൂര്‍ത്തി.രാധയുടെ പൂജ ഇവിടെ കാര്‍ത്യായനി വ്രതമായി ആചരിക്കുന്നു. ക്ഷേത്രത്തില്‍ അഞ്ച് സമ്പ്രദായങ്ങളിലായി അഞ്ച് വ്യത്യസ്ത ദേവതകളെ ആരാധിക്കുന്നു  - കാര്‍ത്യായനി (ശക്തന്‍), ശിവന്‍ (ശൈവ), ലക്ഷ്മി നാരായണ്‍ (വൈഷ്ണവ), ഗണേശന്‍ (ഗണപതായ), സൂര്യ (സൂര്യ) എന്നിവരോടൊപ്പം ജഗതാത്രീദേവിയും.

1923 ല്‍ യോഗിരാജ് സ്വാമി കേശവാനന്ദ് ബ്രമാചാരിയാണ് ഇപ്പോഴത്തെ ഘടന നിര്‍മ്മിച്ചത്. വിജയദശമി, ദുര്‍ഗാപൂജ, നവരാത്രി എന്നിവയാണ് ഇവിടത്തെ വിശേഷദിവസങ്ങള്‍.

ഒക്ടോബര്‍ മുതല്‍ മാര്‍ച്ച് വരെയുള്ള കാലയളവാണ് ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്താന്‍ അനുയോജ്യമായ സമയം.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com