'ഇനിമുതല്‍ പി എം പോഷണ്‍'; സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്രസര്‍ക്കാര്‍

പദ്ധതി അടുത്ത അഞ്ചുവര്‍ഷത്തേക്കു കൂടി നീട്ടാനും ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം



ന്യൂഡല്‍ഹി: സ്‌കൂളുകളിലെ ഉച്ചഭക്ഷണ പദ്ധതിയുടെ പേരുമാറ്റി കേന്ദ്രസര്‍ക്കാര്‍. ഇനി മുതല്‍ 'നാഷണല്‍ സ്‌കീം ഫോര്‍ പിഎം പോഷണ്‍ ഇന്‍ സ്‌കൂള്‍സ്' എന്നായിരിക്കും പദ്ധതിയുടെ പേര്. പദ്ധതി അടുത്ത അഞ്ചുവര്‍ഷത്തേക്കു കൂടി നീട്ടാനും ബുധനാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭാ യോഗം തീരുമാനിച്ചു. 2026 വരെയാകും പദ്ധതി ദീര്‍ഘിപ്പിക്കുക.

സര്‍ക്കാര്‍, സര്‍ക്കാര്‍-എയ്ഡഡ് സ്‌കൂളുകളിലെ 1-8 ക്ലാസിലെ വിദ്യാര്‍ഥികളെ കൂടാതെ ബാലവാടികളിലെ കുട്ടികളെയും 'പിഎം പോഷണ്‍' പദ്ധതിയില്‍ ഉള്‍പ്പെടുത്തുമെന്ന് കേന്ദ്ര വിദ്യാഭ്യാസ വകുപ്പു മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ വ്യക്തമാക്കി. 

പദ്ധതിക്കായി കേന്ദ്രസര്‍ക്കാര്‍ 54,000 കോടിരൂപയും സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രഭരണ പ്രദേശങ്ങളും 31,733.14 കോടിരൂപയുമാണ് ചെലവഴിക്കുന്നത്. 11.20 ലക്ഷം സ്‌കൂളുകളില്‍ പഠിക്കുന്ന 11.80 കോടി കുട്ടികള്‍ക്ക് പിഎം പോഷണ്‍ പദ്ധതിയുടെ ഗുണം ലഭിക്കും.

'തിഥി ഭോജന്‍' എന്ന ആശയത്തെ പ്രോത്സാഹിപ്പിക്കാനുള്ള നടപടികള്‍ സ്വീകരിക്കാനും തീരുമാനിച്ചിട്ടുണ്ട്. പ്രത്യേക അവസരങ്ങളിലും ആഘോഷവേളകളിലും വിദ്യാര്‍ഥികള്‍ക്ക് വിശേഷപ്പെട്ട ഭക്ഷണം ലഭ്യമാക്കാന്‍ പൊതുജനങ്ങള്‍ക്ക് അവസരം നല്‍കുകയാണ് തിഥി ഭോജനിലൂടെ ചെയ്യുന്നത്. കൂടാതെ, കുട്ടികള്‍ക്ക് പ്രകൃതി-ഉദ്യാനപാലനത്തിന് അവസരമൊരുക്കാന്‍ വിദ്യാലയങ്ങളില്‍ 'സ്‌കൂള്‍ ന്യൂട്രീഷന്‍ ഗാര്‍ഡന്‍സ്' ആരംഭിക്കാനും തീരുമാനിച്ചിട്ടുണ്ട്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com