'പൂര്‍വ വിദ്യാര്‍ത്ഥിയുടെ സമ്മാനം'- ഐഐടി കാണ്‍പുരിന് 100 കോടി സംഭാവന നല്‍കി ഇന്‍ഡിഗോ എയര്‍ലൈന്‍ സഹ സ്ഥാപകന്‍ 

ഐഐടി, ക്യാമ്പസില്‍ മെഡിക്കല്‍ കോളജ്, സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി എന്നിവ നിര്‍മിക്കുന്നുണ്ട്. ഈ നിര്‍മാണത്തിലേക്ക് തുക വിനിയോഗിക്കുമെന്ന് അഭയ് വ്യക്തമാക്കി
ഫോട്ടോ: ട്വിറ്റർ
ഫോട്ടോ: ട്വിറ്റർ

ലഖ്‌നൗ: ഇന്‍ഡിഗോ എയര്‍ലൈന്‍ സഹ സ്ഥാപകന്‍ രാകേഷ് ഗംഗ്‌വാള്‍ ഐഐടി കാണ്‍പുരിന് 100 കോടി രൂപ സംഭാവന നല്‍കി. ഐഐടിയിലെ പൂര്‍വ വിദ്യാര്‍ത്ഥി കൂടിയാണ് രാകേഷ്. സ്ഥാപനത്തിന് അദ്ദേഹം നല്‍കുന്ന വ്യക്തിപരമായ സംഭാവനയാണിത്. പണം സംഭവാന നല്‍കിയെന്ന് ഐഐടി കാണ്‍പുര്‍ ഡയറക്ടര്‍ ആഭയ് ക്രാന്തികര്‍ സ്ഥിരീകരിച്ചു. 

ഐഐടി, ക്യാമ്പസില്‍ മെഡിക്കല്‍ കോളജ്, സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി എന്നിവ നിര്‍മിക്കുന്നുണ്ട്. ഈ നിര്‍മാണത്തിലേക്ക് തുക വിനിയോഗിക്കുമെന്ന് അഭയ് വ്യക്തമാക്കി. സ്‌കൂള്‍ ഓഫ് മെഡിക്കല്‍ സയന്‍സസ് ആന്‍ഡ് ടെക്ക്‌നോളജി, 500 കിടക്കകളുള്ള സൂപ്പര്‍ സ്‌പെഷാലിറ്റി ആശുപത്രി എന്നിവയാണ് നിര്‍മിക്കുന്നത്. മെഡിക്കല്‍ കോളജ്, ആശുപത്രികളുടെ നിര്‍മാണം സംബന്ധിച്ച് രാകേഷ് ഗംഗ്‌വാളും ഐഐടി കാണ്‍പുരുമായി കരാര്‍ ഒപ്പിട്ടു. 

മെഡിക്കല്‍ ഗവേഷണത്തിലും സാങ്കേതിക വിദ്യയിലും ഐഐടി കാണ്‍പൂരിന്റെ നൂതനാശയങ്ങളെ മുന്നോട്ട് നയിക്കുന്നതിന് പുതിയ കാല്‍വെപ്പ് നിമിത്താമാകും. മനുഷ്യരാശിക്ക് പ്രയോജനം ചെയ്യുന്നതിനായി മെഡിക്കല്‍ സയന്‍സസും സാങ്കേതികവിദ്യയും സംയോജിപ്പിക്കുന്ന സ്ഥാപനങ്ങളുടെ ആഗോള പട്ടികയിലേക്ക് ഇന്ത്യയെ നയിക്കുന്നതിലും നിര്‍ദ്ദിഷ്ട മെഡിക്കല്‍ സ്‌കൂള്‍ ഒരു പ്രധാന പങ്ക് വഹിക്കുമെന്നും അഭയ് പ്രതീക്ഷ പ്രകടിപ്പിച്ചു. 

'പൂര്‍വ വിദ്യാലയത്തിലെ ഇത്തരമൊരു മഹത്തായ ഉദ്യമത്തില്‍ സഹകരിക്കാന്‍ സാധിച്ചത് മഹാ ഭാഗ്യമാണ്. വിവിധ മേഖലകളിലായി ആയിരക്കണക്കിന് ഉന്നത വ്യക്തികളെ സൃഷ്ടിച്ച സ്ഥാപനം ഇപ്പോള്‍ ആരോഗ്യ സംരക്ഷണ മേഖലയിലേക്കും കടക്കുന്നത് കാണാന്‍ സാധിച്ചതില്‍ അഭിമാനമുണ്ട്. ആരോഗ്യ രംഗത്തെ നവീകരണം ത്വരിതപ്പെടുത്താന്‍ ഈ സംരഭത്തിന് സാധിക്കും'- രാകേഷ് പ്രതികരിച്ചു.

രണ്ട് ഘട്ടങ്ങളായാണ് ഇതിന്റെ നിര്‍മാണം. ആദ്യ ഘട്ടത്തില്‍ 500 കിടക്കകളുള്ള സൂപ്പര്‍ സ്പഷാലിറ്റി ഹോസ്പിറ്റല്‍, അക്കാദമിക് ബ്ലോക്ക്, ഹോസ്റ്റല്‍, സര്‍വീസ് ബ്ലോക്ക് എന്നിവയാണ് നിര്‍മിക്കുക. മൂന്ന്- അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒന്നാം ഘട്ടം പൂര്‍ത്തിയാക്കും. രണ്ടാം ഘട്ടത്തില്‍ കിടക്കകളുടെ എണ്ണം ആയിരമായി ഉയര്‍ത്തും. ഏഴ് മുതല്‍ പത്ത് വര്‍ഷത്തിനിടെയായിരിക്കും രണ്ടാം ഘട്ടം പൂര്‍ത്തിയാക്കുക. ക്ലിനിക്കല്‍ കേന്ദ്രങ്ങള്‍, ഗവേഷണ മേഖലകള്‍, പാരാ മെഡിക്കല്‍ വിഭാഗങ്ങള്‍, ആശുപത്രി മാനേജ്‌മെന്റ്, സ്‌പോര്‍ട്‌സ് മെഡിസിന്‍, പബ്ലിക് ഹെല്‍ത്ത് പ്രോഗ്രാമുകള്‍ എന്നിവയും ഇതില്‍ ഉള്‍പ്പെടും.

ഈ വാർത്ത വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com