'കക്ഷികളെ കുഴപ്പത്തിലാക്കരുത്'; വിധിന്യായം മനസ്സിലാവുന്ന ഭാഷയില്‍ വേണമെന്ന് സുപ്രീം കോടതി

വിധിന്യായങ്ങളുെട ഉദ്ദേശ്യം വായിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കുകയല്ലെന്ന് സുപ്രീം കോടതി
സുപ്രീം കോടതി /ഫയല്‍
സുപ്രീം കോടതി /ഫയല്‍

ന്യൂഡല്‍ഹി: കക്ഷികള്‍ക്കു മനസ്സിലാവുന്ന ഭാഷയില്‍ വേണം കോടതികള്‍ വിധിന്യായങ്ങള്‍ എഴുതാനെന്ന് സുപ്രീം കോടതി. വിധിന്യായങ്ങളുെട ഉദ്ദേശ്യം വായിക്കുന്നവരെ ആശയക്കുഴപ്പത്തിലാക്കുകയല്ലെന്ന് സുപ്രീം കോടതി ഓര്‍മപ്പിച്ചു. 

പല വിധികളും സങ്കീര്‍ണമായ നിയമ പ്രശ്‌നങ്ങളും വസ്തുതകളും വിശദീകരിക്കുന്നതിനാണ്. രാജ്യത്തെ പൗരന്മാരും ഗവേഷകരും മാധ്യമ പ്രവര്‍ത്തകരും കോടതികള്‍ പറയുന്നതിനെ നിരന്തരം വീക്ഷിക്കുന്നുണ്ടെന്ന് ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡും എഎസ് ബൊപ്പണ്ണയും അടങ്ങിയ ബെഞ്ച് പറഞ്ഞു.

ഹിമാചല്‍ പ്രദേശ് ഹൈക്കോടതിയുടെ വിധിയിലെ ഭാഷ ദുര്‍ഗ്രഹവും കുഴപ്പിക്കുന്നതുമാണെന്നു വിലയിരുത്തിയ സുപ്രീം കോടതി, ഭരണഘടനാ കോടതികള്‍ വിധിന്യായം എഴുതുമ്പോള്‍ പിന്തുടരേണ്ട മാര്‍ഗ നിര്‍ദേശങ്ങള്‍ പുറത്തിറക്കി.

ജീവനക്കാര്‍ക്കതിരെ അച്ചടക്ക നടപടി എടുത്തതുമായി ബന്ധപ്പെട്ട കേസില്‍ എസ്ബിഐ നല്‍കിയ അപ്പീല്‍ ഹര്‍ജിയാണ് സുപ്രീം കോടതി പരിഗണിച്ചത്. ഹൈക്കോടതി വിധി ദുര്‍ഗ്രഹമാണെന്നു ചൂണ്ടിക്കാട്ടിയ ബെഞ്ച് അതില്‍നിന്നു കാര്യങ്ങള്‍ മനസ്സിലാക്കാന്‍ പ്രയാസമാണെന്നും വിലയിരുത്തി. 

ഹര്‍ജിയുമായി കോടതിയെ സമീപിക്കുന്നയാളെ കൂടുതല്‍ ആശയക്കുഴപ്പത്തിലാക്കുന്നതാണ് ഇത്തരത്തിലുള്ള വിധികള്‍. ഹര്‍ജി നല്‍കുന്നയാള്‍ക്ക് നിയമ സംജ്ഞകളില്‍ പാണ്ഡിത്യം ഉണ്ടാവണമെന്നില്ല. ഇതുവരെ കേള്‍ക്കാത്ത ഭാഷയിലുള്ള വിധിപ്രസ്താവം കേട്ട് അവര്‍ കുഴങ്ങിപ്പോവും. ഇന്നത്തെ കാലത്ത് ആരും ഉപയോഗിക്കാത്ത ഭാഷയിലാണ് കോടതികള്‍ വിധി പറയുന്നത്- സുപ്രീം കോടതി വിമര്‍ശിച്ചു.

കേസിലെ തീര്‍പ്പ് ബാധിക്കുന്നവരെക്കൂടി മനസ്സില്‍ കണ്ടു വേണം വിധിന്യായം എഴുതാന്‍. ഈ വിധിന്യായം നിയമ രംഗത്ത് പിന്നീടു വരുന്നവര്‍ റഫറന്‍സ് ആയി ഉപയോഗിക്കും എന്നതും കണക്കിലെടുക്കണം. നിയമ പ്രശ്‌നങ്ങളെ അനായാസം മനസ്സിലാക്കാന്‍ ഉതകുന്നതാവണം വിധിയിലെ ഭാഷ- കോടതി പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com