പാനീയത്തില്‍ ലഹരിമരുന്ന് കലര്‍ത്തി; നിര്‍ബന്ധിപ്പിച്ച് കുടിപ്പിച്ചു; സൊണാലിയുടെ മരണത്തില്‍ പുതിയ കണ്ടെത്തല്‍

ലഹരിമരുന്ന് നല്‍കി മയക്കിയ സോനാലിയെ പുലര്‍ച്ചെ നാലരയോടെ പ്രതികള്‍ ടോയ്‌ലറ്റില്‍ കൊണ്ടുപോയി. രണ്ടുമണിക്കൂറിന് ശേഷമാണ് പുറത്ത് വന്നത്.
ഫോട്ടോ:  എഎൻഐ
ഫോട്ടോ: എഎൻഐ

പനാജി: ഹരിയാനയിലെ ബിജെപി നേതാവും നടിയുമായ സൊണാലി ഫോഗട്ടിന്റെ മരണത്തില്‍ പുതിയ കണ്ടെത്തലുമായി പൊലീസ്. ഗോവയില്‍ പാര്‍ട്ടിക്കിടെ സോണാലി ഫോഗട്ടിന് ലഹരിമരുന്ന് നല്‍കിയെന്ന് പൊലീസ് പറഞ്ഞു. നിര്‍ബന്ധിച്ചാണ് ലഹരി നല്‍കിയതെന്നും അറസ്റ്റിലായവര്‍ മൊഴി നല്‍കിയതായും ഗോവ ഇന്‍സ്‌പെകെടര്‍ ജനറല്‍ ഓംവിര്‍ സിങ് ബിഷ്‌ണോയി മാധ്യമങ്ങളോട് പറഞ്ഞു.

ലഹരിമരുന്ന് നല്‍കി മയക്കിയ സോനാലിയെ പുലര്‍ച്ചെ നാലരയോടെ പ്രതികള്‍ ടോയ്‌ലറ്റില്‍ കൊണ്ടുപോയി. രണ്ടുമണിക്കൂറിന് ശേഷമാണ് പുറത്ത് വന്നത്. അതിനിടയില്‍ എന്തുസംഭവിച്ചുവെന്ന് വ്യക്തമല്ലെന്നും അദ്ദേഹം പറഞ്ഞു.

സൊനാലിയുടെ മരണവുമായി ബന്ധപ്പെട്ട് ഇവരുടെ സഹായികളായ രണ്ടുപേരെ വ്യാഴാഴ്ച വൈകുന്നേരം അറസ്റ്റ് ചെയ്തിരുന്നു. ഫൊഗട്ടിന്റെ ശരീരത്തില്‍ മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ചുള്ള മുറിവുകള്‍ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കണ്ടെത്തി.  

അതേസമയം, ഇതാണോ മരണകാരണമെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നില്ല. എന്നാല്‍ സൊനാലിയുടെ മൃതദേഹം പരിശോധിച്ച വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് ഇത്തരമൊരു മുറിവു കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നു പൊലീസ് അറിയിച്ചു.

സൊനാലിയുടെ പഴ്‌സനല്‍ അസിസ്റ്റന്റ് സുധീര്‍ സാങ്വന്‍, അയാളുടെ സുഹൃത്ത് സുഖ്വിന്ദര്‍ വാസി എന്നിവരെയാണ് ഗോവ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്. തിങ്കളാഴ്ച സൊനാലിക്കൊപ്പം ഇരുവരും ഗോവയില്‍ എത്തിയിരുന്നു.

ഡല്‍ഹി എയിംസില്‍ പോസ്റ്റ്മോര്‍ട്ടം ചെയ്യണമെന്നതായിരുന്നു കുടുംബത്തിന്റെ ആവശ്യം. എന്നാല്‍ കൊലപാതകക്കേസായി റജിസ്റ്റര്‍ ചെയ്തതിനെത്തുടര്‍ന്ന് ഗോവയില്‍ പോസ്റ്റ്‌മോര്‍ട്ടത്തിന് അനുമതി നല്‍കുകയായിരുന്നു. സഹോദരി ബലാത്സംഗത്തിന് ഇരയായെന്നും സുധീറും സുഖ്വിന്ദറും ചേര്‍ന്നു കൊലപ്പെടുത്തുകയായിരുന്നുവെന്നുമാണ് സൊനാലിയുടെ സഹോദരന്‍ റിങ്കു ധാക്ക നല്‍കിയ പരാതിയില്‍ പറയുന്നത്. ഇതിന്റെ വിഡിയോ ചിത്രീകരിച്ച് അവര്‍ ഭീഷണിപ്പെടുത്തിയിരുന്നതായും പരാതിയില്‍ ഉണ്ട്.

ടിക്ടോക് വിഡിയോയിലൂടെ പ്രസിദ്ധിയാര്‍ജിച്ച സൊനാലി, 2019ല്‍ ബിജെപി സ്ഥാനാര്‍ഥിയായി ഹരിയാന തിരഞ്ഞെടുപ്പില്‍ മത്സരിച്ചിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് നേതാവ് കുല്‍ദീപ് ബിഷ്‌ണോയിയോടു പരാജയപ്പെടുകയായിരുന്നു (ഇദ്ദേഹം പിന്നീട് ബിജെപിയില്‍ ചേര്‍ന്നു). 2020ല്‍ ബിഗ് ബോസ് റിയാലിറ്റി ഷോയിലും ഇവര്‍ പങ്കെടുത്തിട്ടുണ്ട്. 2016ലാണ് സൊനാലിയുടെ ഭര്‍ത്താവ് മരിച്ചത്. പതിനഞ്ചുകാരിയായ മകള്‍ യശോദരയും അമ്മയ്ക്കു നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com