'ഈദ് ​ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ത്ഥി ആഘോഷം വേണ്ട'; തല്‍സ്ഥിതി തുടരട്ടെയെന്ന് സുപ്രീംകോടതി

ബെംഗലൂരുവിലെ ഈദ്ഗാഹ് മൈതാനത്ത് തല്‍ക്കാലം ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ വേണ്ടെന്ന് സുപ്രീംകോടതി
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ബെംഗലൂരുവിലെ ഈദ്ഗാഹ് മൈതാനത്ത് തല്‍ക്കാലം ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ വേണ്ടെന്ന് സുപ്രീംകോടതി. ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടത്താന്‍ കര്‍ണാടക ഹൈക്കോടതി അനുവദിച്ചതിനെതിരായ ഹര്‍ജിയില്‍ തല്‍സ്ഥിതി തുടരാന്‍ സുപ്രീംകോടതി ഉത്തരവിട്ടു. ആഘോഷം മറ്റൊരിടത്ത് സംഘടിപ്പിക്കാനും കോടതി നിര്‍ദേശിച്ചു.

ഈദ്ഗാഹ് മൈതാനത്ത് ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടത്താന്‍ കര്‍ണാടക ഹൈക്കോടതി അനുവദിച്ചതിനെതിരെ കര്‍ണാടക വഖഫ് ബോര്‍ഡാണ് സുപ്രീംകോടതിയെ സമീപിച്ചത്. കഴിഞ്ഞ 200 വര്‍ഷമായി മറ്റു മതപരമായ ഉത്സവങ്ങള്‍ ഒന്നും തന്നെ അവിടെ നടന്നിട്ടില്ലെന്ന വഖഫ് ബോര്‍ഡിന്റെ വാദം അംഗീകരിച്ചാണ് സുപ്രീംകോടതി ഉത്തരവ്. 2.5 ഏക്കര്‍ മൈതാനത്ത് തല്‍സ്ഥിതി തുടരട്ടെ എന്നാണ് കോടതി നിര്‍ദേശിച്ചത്. 

വാദത്തിനിടെ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ക്കായി സര്‍ക്കാരിന്റെ നിയന്ത്രണത്തില്‍ രണ്ടുദിവസത്തേയ്ക്ക് അവിടെ താല്‍ക്കാലിക ക്ഷേത്രം അനുവദിക്കണമെന്നതായിരുന്നു സംസ്ഥാന സര്‍ക്കാരിന്റെ വാദം. സ്ഥിരം സംവിധാനം നിര്‍മ്മിക്കില്ലെന്നും സര്‍ക്കാര്‍ അഭിഭാഷകന്‍ കോടതിയെ ധരിപ്പിച്ചു. എന്നാല്‍ ബാബ്‌റി മസ്ജിദ് കേസില്‍ സമാനമായ ഉറപ്പ് അന്നത്തെ യുപി മുഖ്യമന്ത്രി നല്‍കിയതായും എന്നിട്ട് എന്തു സംഭവിച്ചു എന്നകാര്യം എല്ലാവര്‍ക്കും അറിയാവുന്നതാണെന്നും വഖഫ് ബോര്‍ഡ് മറുപടി നല്‍കി.

നേരത്തെ കര്‍ണാടക ഹൈക്കോടതി ഉത്തരവിനെതിരായ ഹര്‍ജിയില്‍ സുപ്രീംകോടതിയില്‍ നാടകീയ രംഗങ്ങളാണ് അരങ്ങേറിയത്. ഹര്‍ജി പരിഗണിച്ച രണ്ടംഗ ബെഞ്ചില്‍ അഭിപ്രായ ഭിന്നത ഉടലെടുത്തതോടെ കേസ് ചീഫ് ജസ്റ്റിസ് യു യു ലളിതിന് കൈമാറി. 

തുടര്‍ന്ന് ചീഫ് ജസ്റ്റിസ് മൂന്നംഗ ബെഞ്ചിന് രൂപം നല്‍കി. ജസ്റ്റിസുമാരായ ഇന്ദിര ബാനര്‍ജി, അഭയ് എസ് ഓഖ, എം എം സുന്ദരേഷ് എന്നിവരടങ്ങിയ ബെഞ്ചാണ് രൂപീകരിച്ചത്. കേസില്‍ അടിയന്തര വാദം കേള്‍ക്കാന്‍ ചീഫ് ജസ്റ്റിസ് നിര്‍ദേശം നല്‍കുകയും ചെയ്തു.

ഇതേത്തുടര്‍ന്ന് വൈകീട്ട് മൂന്നംഗ ബെഞ്ച് ഹര്‍ജിയില്‍ അടിയന്തരമായി വാദം കേട്ട് വിധി പ്രസ്താവിക്കുകയായിരുന്നു. രാവിലെ കേസില്‍ വാദം കേട്ട ജസ്റ്റിസുമാരായ ഹേമന്ത് ഗുപ്ത, സുധാംശു ധൂലിയ എന്നിവരടങ്ങിയ ബെഞ്ചിലാണ് അഭിപ്രായ ഭിന്നത ഉടലെടുത്തത്. തുടര്‍ന്നാണ് കേസ് ചീഫ് ജസ്റ്റിസിന് കൈമാറിയത്.

ബെംഗലൂരു ചാമരാജ്പേട്ടിലെ ഈദ്ഗാഹ് മൈതാനിയില്‍ ഗണേശ ചതുര്‍ത്ഥി ആഘോഷങ്ങള്‍ നടത്താന്‍ കഴിഞ്ഞ വെള്ളിയാഴ്ചയാണ് കര്‍ണാടക ഹൈക്കോടതി അനുമതി നല്‍കിയത്. ഗണേശ ചതുര്‍ത്ഥി നടത്താന്‍ അനുവദിക്കണമെന്ന് സര്‍ക്കാരിന് ആവശ്യപ്പെടാമെന്ന് ഹൈക്കോടതി വിധിയില്‍ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെ കര്‍ണാടക വഖഫ് ബോര്‍ഡ് സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കുകയായിരുന്നു.

ഈദ്ഗാഹ് മൈതാനം സര്‍ക്കാര്‍ വകയായതിനാല്‍ ഗണേശ ചതുര്‍ത്ഥി ആഘോഷം നടത്തണമെന്ന് ചില സംഘടനകള്‍ ആവശ്യപ്പെട്ടതിനെ തുടര്‍ന്നാണ് തര്‍ക്കം രൂക്ഷമായത്. കര്‍ണാടക വഖഫ് ബോര്‍ഡ് സ്വത്ത് തങ്ങളുടേതാണെന്ന് അവകാശപ്പെടുന്നു. ഉടമസ്ഥാവകാശവുമായി ബന്ധപ്പെട്ട് സര്‍ക്കാരുമായി തര്‍ക്കം നിലനില്‍ക്കുന്നുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com