'അല്‍ഖ്വയ്ദയുമായി ബന്ധം': അസമിലെ മദ്രസ സർക്കാർ ഇടിച്ചുനിരത്തി ( വീഡിയോ)

മര്‍ക്കസുല്‍ മാ ആരിഫ് ക്വാരിയായന മദ്രസയാണ് അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരപ്പാക്കിയത്
മദ്രസ ഇടിച്ചു നിരത്തുന്നു/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌
മദ്രസ ഇടിച്ചു നിരത്തുന്നു/ വീഡിയോ ദൃശ്യത്തില്‍ നിന്ന്‌


ഗുവാഹത്തി: ഭീകരസംഘടനയായ അല്‍ഖ്വയ്ദയുമായി ബന്ധമുണ്ടെന്ന് ആരോപണം ഉയര്‍ന്ന അസമിലെ മദ്രസ ഇടിച്ചു നിരത്തി. അസമിലെ ബൊണ്‍ഗായ്‌ഗോണ്‍ ജില്ലയിലെ മര്‍ക്കസുല്‍ മാ ആരിഫ് ക്വാരിയായന മദ്രസയാണ് അധികൃതര്‍ ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരപ്പാക്കിയത്. 

ബംഗ്ലാദേശ് ആസ്ഥാനമായുള്ള ഭീകരസംഘങ്ങളുമായി ബന്ധമുണ്ടെന്നായിരുന്നു ആരോപണം.  കഴിഞ്ഞദിവസം ഭീകരബന്ധം ആരോപിച്ച് ഗോല്‍പാറയില്‍ അറസ്റ്റിലായ ആളുമായി മദ്രസയില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. 

അസമില്‍ ഇടിച്ചു നിരത്തുന്ന മൂന്നാമത്തെ മദ്രസയാണിത്. ബംഗ്ലാദേശി ഭീകരസംഘടനയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് ഇമാം, മദ്രസ അധ്യാപകന്‍ അടക്കം 37 പേരെ അസം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു.

അതേസമയം കാലപ്പഴക്കം മൂലം കെട്ടിടം ശോചനീയമായ  അവസ്ഥയിലാണെന്നും, മനുഷ്യന്‍ താമസിക്കുന്നത് സുരക്ഷിതമല്ലെന്നും, സര്‍ക്കാരിന്റെ മാനദണ്ഡങ്ങള്‍ക്ക് അനുസരിച്ചല്ല കെട്ടിടം നിര്‍മ്മിച്ചിട്ടുള്ളതെന്നും എസ്പി സ്വപ്‌നാനീല്‍ ദേകാ പറഞ്ഞു. ജില്ലാ ഭരണകൂടത്തിന്റെ നിർദേശപ്രകാരമാണ് കെട്ടിടം പൊളിച്ചുനീക്കുന്നതെന്നും എസ്പി കൂട്ടിച്ചേർത്തു. 

അതിനിടെ, മദ്രസ ഇടിച്ചുനിരത്തിയ അസം സര്‍ക്കാരിന്റെ നടപടിയെ വിമര്‍ശിച്ച് എഐയുഡിഎഫ് പ്രസിഡന്റ് മൗലാന ബദറുദ്ദീന്‍ അജ്മല്‍ രംഗത്തെത്തി. മദ്രസയില്‍ നിരവധി പാവപ്പെട്ടവരാണ് പഠിച്ചുകൊണ്ടിരുന്നത്. 20-30 വര്‍ഷം കൊണ്ട് പണം സ്വരുക്കൂട്ടി നിര്‍മ്മിച്ച മദ്രസയാണ് ഒറ്റദിവസം കൊണ്ട് ബുള്‍ഡോസര്‍ ഉപയോഗിച്ച് ഇടിച്ചു നിരപ്പാക്കിയതെന്ന് അജ്മല്‍ പറഞ്ഞു. 

സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. സര്‍ക്കാരിന് ലക്ഷക്കണക്കിന് സ്‌കൂളുകളാണുള്ളത്. ഇതില്‍ ഒരു ക്രിമിനല്‍ ഉണ്ടെന്നു തെളിഞ്ഞാല്‍ അയാളെ അറസ്റ്റ് ചെയ്യുകയാണ് ചെയ്യുന്നത്. ഇതുതന്നെയാണ് മദ്രസയുടെ കാര്യത്തിലും. കുറ്റവാളികളാരോ അയാളെ അറസ്റ്റ് ചെയ്യുകയാണ് വേണ്ടത്. അല്ലാതെ സ്ഥാപനം മൊത്തം ഇടിച്ചു നിരപ്പാക്കുകയല്ല ചെയ്യേണ്ടതെന്നും മൗലാന ബദറുദ്ദീന്‍ അജ്മല്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com