സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രി

ഹൈക്കമാന്‍ഡിന്റെതാണ് തീരുമാനം
സുഖ്‌വീര്‍ സിങ്ങ് സുഖു/ ഫെയ്‌സ്ബുക്ക്
സുഖ്‌വീര്‍ സിങ്ങ് സുഖു/ ഫെയ്‌സ്ബുക്ക്

ഷിംല: സുഖ്‌വിന്ദര്‍ സിങ് സുഖു ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയാകും. ഹൈക്കമാന്‍ഡിന്റെതാണ് തീരുമാനം. ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ ഉണ്ടാകും.
അല്‍പ്പസമയത്തിനകം നിയമസഭാ കക്ഷി യോഗം ചേരും. നഡൗന്‍ മണ്ഡലത്തില്‍ നിന്നാണ് സുഖ് വിന്ദര്‍ സിങ് സുഖു വിജയിച്ചത്. ഠാക്കൂര്‍ വിഭാഗത്തില്‍ നിന്നുള്ള നേതാവ് കൂടിയാണ് മുന്‍ പിസിസി അധ്യക്ഷനായ സുഖു.

ഹിമാചലിലെ ഹാമിർപുരിലെ നഡൗനിൽനിന്ന് മൂന്നാം തവണ നിയമസഭയിലെത്തിയ ആളാണ് സുഖ്‌വിന്ദർ. 40ൽ 25 എംഎൽഎമാരും സുഖ്‌വിന്ദറിനാണു പിന്തുണ അറിയിച്ചത്. എൽഎൽബി ബിരുദധാരിയായ സുഖ്‌വിന്ദർ, കോൺഗ്രസ് സംഘടനയായ നാഷനൽ സ്റ്റുഡന്റ്സ് യൂണിയൻ ഓഫ് ഇന്ത്യയിലൂടെയാണ് രാഷ്ട്രീയത്തിലേക്ക് എത്തുന്നത്. 

ഹൈക്കമാന്‍ഡിന്റെ തീരുമാനത്തെക്കുറിച്ച് അറിയില്ലെന്നും നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കുന്നതിനായാണ് എത്തിയതെന്നും യോഗത്തിനെത്തിയ സുഖു മാധ്യമങ്ങളോട് പറഞ്ഞു.

മുഖ്യമന്ത്രിയെ തീരുമാനിക്കുന്നതില്‍ ഇന്നലെ ചേര്‍ന്ന നിയമസഭാ കക്ഷിയോഗത്തിന് സമവായത്തിലെത്താന്‍ കഴിഞ്ഞിരുന്നില്ല. തുടര്‍ന്ന് തീരുമാനം ഹൈക്കമാന്‍ഡിനു വിടുകയായിരുന്നു. 

മുഖ്യമന്ത്രി സ്ഥാനത്തേക്ക് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് പ്രതിഭാസിങ് അവകാശമുന്നയിച്ചതോടെ നാടകീയ രംഗങ്ങളാണ് ഇന്നലെ അരങ്ങേറിയത്. പ്രചാരണ ചുമതലയുള്ള മുന്‍ പിസിസി അധ്യക്ഷന്‍ സുഖ്വീന്ദര്‍ സിങ് സുഖു, പ്രതിപക്ഷ നേതാവ് മുകേഷ് അഗ്‌നിഹോത്രി എന്നിവരുടെ പേരുകളാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് സജീവമായി പരിഗണിച്ചിരുന്നത്. അതിനിടെയാണ് പ്രതിഭാ സിങ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് അവകാശവാദം ഉന്നയിച്ചത്.

അന്തരിച്ച മുന്‍ മുഖ്യമന്ത്രി വീരഭദ്ര സിംഗിന്റെ ഭാര്യയായ പ്രതിഭ കുടുംബ പശ്ചാത്തലം ചൂണ്ടിക്കാട്ടിയാണ് സമ്മര്‍ദ്ദം ശക്തമാക്കുന്നത്. വീരഭദ്ര സിംഗിന്റെ പേര് ഉപയോഗിച്ചുള്ള വിജയത്തിന്റെ ഫലം മാറ്റാര്‍ക്കെങ്കിലും നല്‍കാനാകില്ലെന്ന് പ്രതിഭ തുറന്നടിച്ചു.

പിന്നാലെ പ്രതിഭയുമായി ചര്‍ച്ച നടത്തി മടങ്ങവേ നിരീക്ഷകരുടെ വാഹനം ഒരുവിഭാഗം പ്രവര്‍ത്തകര്‍ തടഞ്ഞ് പ്രതിഭയ്ക്കുവേണ്ടി മുദ്രാവാക്യം വിളിച്ചു. രാത്രി യോഗം നടന്ന കോണ്‍ഗ്രസ് ആസ്ഥാനത്തും പ്രതിഭയ്ക്ക് വേണ്ടി മുദ്രാവാക്യം മുഴക്കി നൂറുകണക്കിന് പേരുണ്ടായിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com