ഇതു സ്വയംപര്യാപ്ത രാഷ്ട്രം, ലോകം ഇന്ത്യയെ കാണുന്ന രീതി മാറും: പ്രധാനമന്ത്രി

രാജ്യം സ്വയംപര്യാപ്തമാവുക മാത്രമല്ല, അത് സ്വാശ്രയത്തില്‍ ഉറച്ച ആധുനിക രാജ്യമായി മാറുമെന്നും മോദി
പ്രധാനമന്ത്രി നരേന്ദ്രമോദി/ഫയല്‍
പ്രധാനമന്ത്രി നരേന്ദ്രമോദി/ഫയല്‍

ന്യൂഡല്‍ഹി: പാവപ്പെട്ടവര്‍ക്കും ഇടത്തരക്കാര്‍ക്കും അടിസ്ഥാന സൗകര്യങ്ങള്‍ ഉറപ്പാക്കുകയാണ് കേന്ദ്ര ബജറ്റ് ലക്ഷ്യമിടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യ സ്വയംപര്യാപ്തതയില്‍ അടിയുറച്ച രാഷ്ട്രമാവുകയാണെന്നും മോദി പറഞ്ഞു. രാജ്യത്തെ ബിജെപി പ്രവര്‍ത്തകരെ ഓണ്‍ലൈനിലൂടെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. 

കോവിഡിനു ശേഷം പുതിയൊരു ലോകക്രമം ഉരുത്തിരിയും. അതിന്റെ സൂചനകള്‍ ഇപ്പോഴേ പ്രകടമാണ്. ലോകം ഇന്ത്യയെ കാണുന്ന രീതിയില്‍ മാറ്റം വരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം സ്വയംപര്യാപ്തമാവുക മാത്രമല്ല, അത് സ്വാശ്രയത്തില്‍ ഉറച്ച ആധുനിക രാജ്യമായി മാറുമെന്നും മോദി പറഞ്ഞു. 

ബജറ്റില്‍ പാവപ്പെട്ടവര്‍ക്കായി 80 ലക്ഷം വീടുകള്‍ നിര്‍മിക്കുന്നതിനായി 48,000 കോടി രൂപ നീക്കിവെച്ചിട്ടുണ്ട്. ജൈവ കൃഷിക്ക് ഊന്നല്‍ കൊടുത്തുകൊണ്ട് ഇന്ത്യയുടെ കാര്‍ഷിക രംഗത്തെ ആധുനികവത്കരിക്കുന്നതിന് ബജറ്റ് പ്രത്യേക പ്രാധാന്യം നല്‍കുന്നു. അതിലൂടെ കൃഷി കൂടുതല്‍ ലാഭകരമാക്കുന്നതിനുള്ള വഴിയൊരുങ്ങും. കര്‍ഷകര്‍ക്ക് ഡ്രോണുകളും മറ്റ് ഉപകരണങ്ങളും ന്യായമായ വിലയ്ക്ക് ലഭ്യമാക്കുമെന്നും മോദി പറഞ്ഞു.

ഭക്ഷ്യ എണ്ണയുടെ ഇറക്കുമതി കുറയ്ക്കുന്നതിനും സ്വയംപര്യാപ്തത കൈവരിക്കുന്നതിനും ഒരു ദേശീയ കര്‍മപദ്ധതി ആരംഭിച്ചതായി പ്രധാനമന്ത്രി പറഞ്ഞു. ഇത് നമ്മുടെ കര്‍ഷകരെയും കൂടുതല്‍ ശക്തിപ്പെടുത്തും. ഈ സീസണില്‍ കര്‍ഷകര്‍ക്ക് താങ്ങുവിലയായി 1.5 ലക്ഷം കോടി രൂപയുടെ പ്രയോജനം ലഭിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വൈദ്യുതി, വെള്ളം തുടങ്ങിയവയുടെ ലഭ്യതു ഉറപ്പുവരുത്തുന്നതിന് ബജറ്റില്‍ നിര്‍ദേശങ്ങളുണ്ട്. വൈകാതെതന്നെ എല്ലാ ഗ്രാമങ്ങളിലും ഒപ്റ്റിക്കല്‍ ഫൈബര്‍ കണക്ടിവിറ്റിയും 5ജി സാങ്കേതികതയും ലഭ്യമാക്കുമെന്ന് മോദി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com