ഹിജാബ് നിരോധനം: ഇടക്കാല വിധിയില്ല, കേസ് വിശാല ബെഞ്ചിന് വിട്ട് കര്‍ണാടക ഹൈക്കോടതി

വിദ്യാലയങ്ങളിലെ ഹിജാബ് വിലക്കിനെതിരെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കാതെ കര്‍ണാടക ഹൈക്കോടതി
കര്‍ണാടകയില്‍ നടന്ന പ്രതിഷേധം/എഎന്‍ഐ
കര്‍ണാടകയില്‍ നടന്ന പ്രതിഷേധം/എഎന്‍ഐ


ബെംഗളൂരു: വിദ്യാലയങ്ങളിലെ ഹിജാബ് വിലക്കിനെതിരെ വിദ്യാര്‍ത്ഥികള്‍ സമര്‍പ്പിച്ച ഹര്‍ജികള്‍ തീര്‍പ്പാക്കാതെ കര്‍ണാടക ഹൈക്കോടതി. വിഷയം വിശാല ബെഞ്ചിലേക്ക് വിടുകയാണെന്ന് കേസ് പരിഗണിച്ച സിംഗിള്‍ ബഞ്ച് ജഡ്ജി ജസ്റ്റിസ് കൃഷ്ണ ദീക്ഷിത് അറിയിച്ചു. ഇടക്കാല ഉത്തരവും വിശാല ബെഞ്ച് പരിഗണിക്കുമെന്ന് ജസ്റ്റിസ് ദീക്ഷിത് ഉത്തരവില്‍ വ്യക്തമാക്കി.

വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസില്‍ പങ്കെടുക്കാന്‍ സഹായകരമായ ഇടക്കാല വിധി പുറപ്പെടുവിക്കണമെന്ന് ഹര്‍ജിക്കാര്‍ക്കു വേണ്ടി ഹാജരായ അഭിഭാഷകരായ സഞ്ജയ് ഹെഗ്ഡെ, ദേവദത്ത് കാമത്ത് എന്നിവര്‍ ആവശ്യപ്പെട്ടു. എന്നാല്‍ കോടതി ഇക്കാര്യം അംഗീകരിച്ചില്ല. ഹിജാബ് യൂണിഫോമിന്റെ അവിഭാജ്യ ഘടകമല്ലെന്ന് കര്‍ണാടക സര്‍ക്കാറിന് വേണ്ടി ഹാജരായ അഡ്വക്കേറ്റ് ജനറല്‍ വാദിച്ചു. കോളജ് അധികൃതര്‍ നിര്‍ദേശിക്കുന്ന യൂണിഫോമിലാണ് വിദ്യാര്‍ത്ഥികള്‍ വരേണ്ടത് എന്നും ഇടക്കാല വിധി പുറപ്പെടുവിക്കരുത് എന്നും അദ്ദേഹം ആവശ്യപ്പെട്ടു.

വിധിക്കു പിന്നാലെ ബംഗളൂരുവിലെ കോളജുകളിലും സ്‌കൂളുകളിലും സര്‍ക്കാര്‍ പ്രതിഷേധ പ്രകടനങ്ങള്‍ നിരോധിച്ചു. വിദ്യാലയങ്ങളുടെ 200 മീറ്റര്‍ ചുറ്റളവില്‍ രണ്ടാഴ്ചത്തേക്കാണ് നിരോധനം.

ഉഡുപ്പിയിലെ സര്‍ക്കാര്‍ പ്രീ-യൂണിവേഴ്സിറ്റി കോളജിലെ അഞ്ച് പെണ്‍കുട്ടികള്‍ സമര്‍പ്പിച്ച ഹര്‍ജികളാണ് ഹൈക്കോടതി പരിഗണിച്ചത്. കേസ് കോടതിയുടെ പരിഗണനയിലുള്ളതിനാല്‍ പ്രതിഷേധ പരിപാടികള്‍ ഒഴിവാക്കണമെന്ന് ജസ്റ്റിസ് ദീക്ഷിത് കൃഷ്ണ ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കോടതി കേസില്‍ വിശദമായി വാദം കേട്ടിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com