ഇതിഹാസം ഗോദാവരിയില്‍ അലിഞ്ഞു, ലതാ മങ്കേഷ്‌കറുടെ ചിതാഭസ്മ നിമജ്ജനം നടത്തി കുടുംബം

ഗോദാവരി തീരത്തെ രാംകുണ്ഡില്‍ സഹോദരി ഉഷയും സഹോദരപുത്രന്‍ ആദിനാഥ് മങ്കേഷ്‌കറും ചേര്‍ന്നാണ് ചിതാഭസ്മം ഒഴുക്കിയത്.
ലതാ മങ്കേഷ്‌കര്‍
ലതാ മങ്കേഷ്‌കര്‍

നാസിക്: ഇതിഹാസിക ഗായിക ലതാമങ്കേഷ്‌കറുടെ ചിതാഭസ്മം നിമജ്ജനം ചെയ്തു. ഗോദാവരി തീരത്തെ രാംകുണ്ഡില്‍ സഹോദരി ഉഷയും സഹോദരപുത്രന്‍ ആദിനാഥ് മങ്കേഷ്‌കറും ചേര്‍ന്നാണ് ചിതാഭസ്മം ഒഴുക്കിയത്. ചടങ്ങില്‍ സംബന്ധിക്കാന്‍ കുടുംബാംഗങ്ങളും എത്തിയിരുന്നു. കൂടാതെ പ്രിയഗായികയ്ക്ക് ആദരാഞ്ജലി അര്‍പ്പിക്കാന്‍ നിരവധി നാസിക് നിവാസികളും നദീതീരത്ത് എത്തി.

ലതാ തനിക്ക് സഹോദരി മാത്രമായിരുന്നില്ലെന്നും അമ്മയായിരുന്നെന്നും ഉഷ പറഞ്ഞു. ശുഭമുഹൂര്‍ത്തത്തിലാണ് എല്ലാ ചടങ്ങുകളും നടത്തിയതെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. ചടങ്ങുകള്‍ക്കാവശ്യമായ എല്ലാ ക്രമീകരണങ്ങളും നഗരസഭ ഒരുക്കിയിരുന്നു. പ്രദേശത്ത് വന്‍ പൊലീസ് സന്നാഹവും കുറച്ചുനേരത്തേക്ക് ഗതാഗതനിയന്ത്രണം ഏര്‍പ്പെടുത്തുകയും ചെയ്തിരുന്നു.

ഞായറാഴ്ച രാവിലെ മുംബൈയിലെ ബ്രീച്ച് കാന്‍ഡി ആശുപത്രിയില്‍ വച്ചാണ് ലതാമങ്കേഷ്‌കര്‍ അന്തരിച്ചത്. അന്ന് വൈകീട്ട് മുംബൈയിലെ ശിവാജി പാര്‍ക്കില്‍ പൂര്‍ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്്കാരം. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പടെ നിരവധി പ്രമുഖര്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു.

ഹിന്ദി, മറാഠി, ബംഗാളി തുടങ്ങി 35 ഓളം ഭാഷകളില്‍ നാല്‍പ്പതിനായിരത്തിലേറെ പാട്ടുകള്‍ പാടിയിട്ടുണ്ട്. ഭാരതരത്‌ന, പത്മവിഭൂഷണ്‍, പത്മഭൂഷണ്‍, ദാദാസാഹേബ് ഫാല്‍ക്കെ അവാര്‍ഡ് തുടങ്ങി നിരവധി പുരസ്‌കാരങ്ങളും ലതയ്ക്ക് ലഭിച്ചിട്ടുണ്ട്
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com