അഭിപ്രായ പ്രകടനം വേണ്ട; ഹിജാബ് വിഷയം ഇന്ത്യയുടെ ആഭ്യന്തര കാര്യം: വിദേശകാര്യ മന്ത്രാലയം

കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച രാജ്യങ്ങളെ തള്ളി വിദേശകാര്യ മന്ത്രാലയം
വിദേശകാര്യ മന്ത്രാലയം സ്ഥിതി ചെയ്യുന്ന സൗത്ത് ബ്ലോക്ക്/ഫയല്‍
വിദേശകാര്യ മന്ത്രാലയം സ്ഥിതി ചെയ്യുന്ന സൗത്ത് ബ്ലോക്ക്/ഫയല്‍

ന്യൂഡല്‍ഹി: കര്‍ണാടകയിലെ ഹിജാബ് വിവാദത്തില്‍ ഇന്ത്യയ്‌ക്കെതിരെ വിമര്‍ശനം ഉന്നയിച്ച രാജ്യങ്ങളെ തള്ളി വിദേശകാര്യ മന്ത്രാലയം. ഇന്ത്യയുടെ ആഭ്യന്തര കാര്യത്തില്‍ സ്ഥാപിത ലക്ഷ്യത്തോടെയുള്ള അഭിപ്രായ പ്രകടനത്തെ സ്വാഗതം ചെയ്യില്ലെന്ന് വിദേശകാര്യ മന്ത്രാലയ വക്താവ് അരിന്ദം ബാഗ്ചി പറഞ്ഞു.

കര്‍ണാടകയിലെ ചില വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ ഡ്രസ് കോഡ് സംബന്ധിച്ച വിഷയം ഹൈക്കോടതിയുടെ പരിഗണനയിലാണ്. ഇത്തരം കാര്യങ്ങള്‍ പരിഗണിക്കുന്നതിന് രാജ്യത്തിന് കൃത്യമായ ഭരണഘടനാ ചട്ടക്കൂടും സംവിധാനങ്ങളുമുണ്ട്. ജനാധിപത്യക്രമത്തില്‍ ഇവിടെ രാഷ്ട്രീയ നേതൃത്വം ഇക്കാര്യങ്ങള്‍ പരിശോധിക്കുകയും പരിഹരിക്കുകയും ചെയ്യും. ഇന്ത്യയെ നന്നായി അറിയാവുന്നവര്‍ക്ക് ഇക്കാര്യങ്ങളില്‍ നല്ല ബോധ്യമുണ്ട്- ബാഗ്ചി പറഞ്ഞു.

ഹിജാബ് വിവാദത്തില്‍ ചില രാജ്യങ്ങള്‍ അഭിപ്രായം പറഞ്ഞത് മാധ്യമ പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടിയപ്പോഴായിരുന്നു, വിദേശകാര്യ മന്ത്രാലയ വക്താവിന്റെ പ്രതികരണം.

ക്ലാസ് മുറികളില്‍ ഹിജാബും കാവി ഷാളും വേണ്ട

ക്ലാസ് മുറികളില്‍ ഹിജാബോ കാവി ഷാളോ മതത്തിന്റെ പതാകയോ വേണ്ടെന്ന് കര്‍ണാടക ഹൈക്കോടതി. ഹിജാബ് വിലക്കിയതിന് എതിരായ ഹര്‍ജിയിലെ ഇടക്കാല ഉത്തരവിലാണ് ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നിര്‍ദേശം. സംസ്ഥാനത്ത് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ തുറക്കാന്‍ കോടതി സര്‍ക്കാരിനു നിര്‍ദേശം നല്‍കി.

വിദ്യാഭ്യാസ സ്ഥപാനങ്ങളില്‍ മതവസ്ത്രങ്ങള്‍ വേണ്ടെന്ന് ബെ്ഞ്ച് ഇന്നെ വാക്കാല്‍ വ്യക്തമാക്കിയിരുന്നു. ഹര്‍ജികളില്‍ തീരുമാനമാവുന്നതുവരെ മതവസ്ത്രങ്ങളും മറ്റും ക്ലാസ് മുറികളില്‍ വേണ്ടെന്നാണ് ഉത്തരവ്. യൂണിഫോമും ഡ്രസ് കോഡും ഉള്ള സ്ഥാപനങ്ങള്‍ക്കാണ് ഉത്തരവ് ബാധകമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്.

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കുമെന്ന് സുപ്രീം കോടതി

ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കപ്പെടേണ്ടതുണ്ടെന്ന്, ഹിജാബ് കേസില്‍ സുപ്രീം കോടതിയുടെ പരാമര്‍ശം. നിലവില്‍ കേസ് ഹൈക്കോടതിയുടെ പരിഗണനയിലാണെന്നു ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് എന്‍വി രമണ ഉചിത സമയത്ത് ഹര്‍ജി കേള്‍ക്കുമെന്ന് അറിയിച്ചു. വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ മത വസ്ത്രങ്ങള്‍ വിലക്കിക്കൊണ്ടുള്ള കര്‍ണാടക ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിനെതിരായ അപ്പീല്‍ അടിയന്തരമായി കേള്‍ക്കണമെന്ന ആവശ്യത്തോടാണ് ചീഫ് ജസ്റ്റിസിന്റെ പ്രതികരണം.

ഹര്‍ജികളില്‍ തീര്‍പ്പ് ആവുന്നതു വരെ ഹിജാബ് ധരിക്കരുതെന്ന് നിര്‍ദേശിക്കുന്ന ഹൈക്കോടതി ഉത്തരവ് മുസ്ലീം വിദ്യാര്‍ഥികളുടെ മൗലിക അവകാശം ഹനിക്കുന്നതാണെന്ന് അപ്പീലില്‍ പറയുന്നു. തിങ്കളാഴ്ച ഉച്ചയ്ക്ക് ഹര്‍ജികളില്‍ തുടര്‍വാദം കേള്‍ക്കുമെന്നും അതുവരെ മതവസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിര്‍ബന്ധം പിടിക്കരുതെന്നുമാണ് ഇന്നലെ ഹൈക്കോടതിയുടെ ഫുള്‍ ബെഞ്ച് നിര്‍ദേശിച്ചത്.

മതവസ്ത്രങ്ങള്‍ ധരിക്കുന്നതില്‍ നിര്‍ബന്ധം പിടിക്കരുതെന്ന് വാക്കാല്‍ നിര്‍ദേശം നല്‍കുകയാണ്, ചീഫ് ജസ്റ്റിസ് ഋതുരാജ് അവസ്തിയുടെ നേതൃത്വത്തിലുള്ള ബെഞ്ച് ചെയതത്. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ സമാധാനത്തോടെ പ്രവര്‍ത്തിക്കണമെന്നാണ് കോടതി ആഗ്രഹിക്കുന്നത്. ഹര്‍ജികളില്‍ എത്രയും വേഗം തീര്‍പ്പാക്കുമെന്നും ബെഞ്ച് അറിയിച്ചിട്ടുണ്ട്.

സീനിയര്‍ അഭിഭാഷകന്‍ ദേവദത്ത് കാമത്താണ് വിഷയം സുപ്രീം കോടതിയില്‍ മെന്‍ഷന്‍ ചെയ്തത്. സ്‌കൂളുകളിലും കോളജുകളിലും മത ചിഹ്നങ്ങള്‍ പാടില്ലെന്നാണ് ഹൈക്കോടതിയുടെ നിര്‍ദേശം. ഇതിനു ദൂരവ്യാപക പ്രത്യാഘാതമുണ്ടെന്ന് കാമത്ത് പറഞ്ഞു. ഇതു മുസ്ലിം വിദ്യാര്‍ഥികള്‍ക്കു മാത്രം ബാധകമായ കാര്യമല്ല. സിഖുകാര്‍ തലപ്പാവു ധരിക്കുന്നുണ്ട്. ഇതെല്ലാം മാറ്റേണ്ടിവരുമെന്ന് അഭിഭാഷകന്‍ അറിയിച്ചു.

ഹൈക്കോടതി ഇക്കാര്യം കേള്‍ക്കുകയല്ലേ എന്നായിരുന്നു ചീഫ് ജസ്റ്റിസിന്റെ പ്രതികരണം. കോടതിയുടെ ഉത്തരവ് എന്തെന്നു വ്യക്തമല്ല. ഉത്തരവ് ഇതുവരെ പുറത്തുവന്നിട്ടില്ലെന്ന് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്ത കോടതിയെ അറിയിച്ചു.

കര്‍ണാടകയില്‍ എന്താണ് നടക്കുന്നതെന്ന് അറിയാമെന്നും ഉചിതമായ സമയത്ത് ഇടപെടുമെന്നും ചീഫ് ജസ്റ്റിസ് പ്രതികരിച്ചു. ഇപ്പോള്‍ ഇക്കാര്യം സുപ്രീം കോടതിയിലേക്കു കൊണ്ടുവരുന്നത് ഉചിതമാണോയെന്നു പരിശോധിക്കണം. ഭരണഘടനാ മൂല്യങ്ങള്‍ സംരക്ഷിക്കേണ്ടതുണ്ട്, ഉചിതമായ സമയത്ത് ഹര്‍ജി കേള്‍ക്കാം കോടതി പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com