യുപിയില്‍ ഗംഗ എക്‌സ്പ്രസ് വേയ്ക്കായി മുറിച്ചു മാറ്റുന്നത് രണ്ടു ലക്ഷം മരങ്ങള്‍; പദ്ധതിക്കു പ്രാഥമിക അനുമതി

പദ്ധതിക്കു ഭൂമി ഏറ്റെടുക്കാന്‍ അനുമതി ലഭിച്ചതായാണ് യുപി സര്‍ക്കാര്‍ പറയുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ നിര്‍ദിഷ്ട ഗംഗ എക്‌സ്പ്രസ് വേ പദ്ധതിക്കായി മുറിച്ചു മാറ്റേണ്ടി വരുന്നത് രണ്ടു ലക്ഷത്തോളം മരങ്ങള്‍. പന്ത്രണ്ടു ജില്ലകളിലൂടെ കടന്നുപോവുന്ന 600 കിലോമീറ്റര്‍ പാതയ്ക്ക് കേന്ദ്ര പരിസ്ഥിതി മന്ത്രാലയത്തിന്റെ പ്രാഥമിക അനുമതി ലഭിച്ചു. 36,230 കോടി രൂപയാണ് പദ്ധതിയുടെ ചെലവ് പ്രതീക്ഷിക്കുന്നത്. 

മീററ്റ് മുതല്‍ പ്രയാഗ് രാജ് വരെ ഗംഗയുടെ തീരത്തിലൂടെയാണ് പുതിയ ആറു വരി എക്‌സ്പ്രസ് വേ സ്ഥാപിക്കുന്നത്. പദ്ധതിക്കായി 1,89,793 മരങ്ങള്‍ മുറിക്കേണ്ടി വരുമെന്ന് ഉത്തര്‍പ്രദേശ് എക്‌സ്പ്രസ് വേ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഇതില്‍ 93 ശതമാനവും വനപ്രദേശത്തെ മരങ്ങളാണ്. പരിസ്ഥിതി മന്ത്രാലയത്തിന്റെ വിദഗ്ധ സമിതി ഇക്കാര്യം പരിശോധിച്ചുകൊണ്ടിരിക്കുകയാണ്.

മുറിച്ചു മാറ്റേണ്ട മരങ്ങളുടെ എണ്ണം വളരെ കൂടുതലാണെന്നാണ് സമിതിയുടെ വിലയിരുത്തല്‍. ഇത് കുറയ്‌ക്കേണ്ടതുണ്ട്. ഏതെല്ലാം തരത്തിലുള്ള മരങ്ങളാണ് മുറിക്കേണ്ടത് എന്നതിന്റെ കാര്യത്തില്‍ വ്യക്തത ലഭിച്ചിട്ടില്ല. കൊമേഴ്‌സ്യല്‍ പ്ലാന്റേഷന്‍ ആണോ സ്വാഭാവിക വനങ്ങള്‍ ആണോ എന്നതു കൂടി കണക്കിലെടുക്കണമെന്ന് സമിതി ്അംഗങ്ങള്‍ പറഞ്ഞു.

പദ്ധതിക്കു ഭൂമി ഏറ്റെടുക്കാന്‍ അനുമതി ലഭിച്ചതായാണ് യുപി സര്‍ക്കാര്‍ പറയുന്നത്. അതേസമയം പദ്ധതിക്കെതിരെ പരിസ്ഥിതി പ്രവര്‍ത്തകരുടെ എതിര്‍പ്പു ശക്തമാണ്.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com