എട്ടു സംസ്ഥാനങ്ങളിലായി 17 ഭാര്യമാര്‍; പുതിയ ഭാര്യക്ക് തോന്നിയ സംശയം 'കുരുക്കായി'; വിവാഹതട്ടിപ്പു വീരനായ 66 കാരന്‍ പിടിയില്‍

ഡോക്ടര്‍ ചമഞ്ഞാണ് ഇയാള്‍ സ്ത്രീകളെ വലയില്‍ വീഴ്ത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭുവനേശ്വര്‍: വിവാഹതട്ടിപ്പു വീരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഒഡീഷയിലെ കേന്ദ്രപ്പാറ ജില്ലക്കാരനായ 66 കാരന്‍ രമേഷ് ചന്ദ്ര സ്വെയിന്‍ ആണ് പിടിയിലായത്. രാജ്യത്തെ എട്ടു സംസ്ഥാനങ്ങളിലായി 17 വിവാഹമാണ് ഇയാള്‍ കഴിച്ചത്. 

ഒഡീഷയില്‍ ഇയാള്‍ നാലു സ്ത്രീകളെയാണ് വിവാഹം കഴിച്ചത്. ഡല്‍ഹി, അസം സംസ്ഥാനങ്ങളില്‍ മൂന്ന് വീതവും മധ്യപ്രദേശ്, പഞ്ചാബ് സംസ്ഥാനങ്ങളില്‍ നിന്ന് രണ്ട് വിവാഹം വീതവും കഴിച്ചു. 

ഛത്തീസ് ഗഡ്, ജാര്‍ഖണ്ഡ്, ഉത്തര്‍പ്രദേശ് എന്നീ സംസ്ഥാനങ്ങളിലുള്ളവരാണ് ഇയാളുടെ തട്ടിപ്പിന് ഇരയായ മറ്റുള്ളവര്‍. ഡോക്ടര്‍ ചമഞ്ഞാണ് ഇയാള്‍ സ്ത്രീകളെ വലയില്‍ വീഴ്ത്തിയിരുന്നതെന്ന് പൊലീസ് പറഞ്ഞു.

ഡോ. ബിഭു പ്രകാശ് സ്വയിന്‍, ഡോ. രമണി രഞ്ജന്‍ സ്വയിന്‍ തുടങ്ങിയ വ്യാജ പേരുകളിലാണ് ഇയാള്‍ അറിയപ്പെട്ടിരുന്നത്. 1982 ലായിരുന്നു ഈദ്യ വിവാഹം. 2020 ല്‍ ഡല്‍ഹി സ്വദേശിനിയെയാണ് ഏറ്റവുമൊടുവില്‍ വിവാഹം കഴിച്ചത്. 

ഡല്‍ഹി സ്വദേശിനിയായ പുതിയ ഭാര്യയ്ക്ക് തോന്നിയ ചില സംശയങ്ങളാണ് 38 വര്‍ഷം നീണ്ട കല്യാണവീരന്റെ തട്ടിപ്പിന് അന്ത്യം കുറിച്ചത്. സ്ത്രീകളെ മയക്കുന്നതില്‍ ഇയാള്‍ അഗ്രഗണ്യനായിരുന്നെന്നും, കോളജ് അധ്യാപികമാരും അഭിഭാഷകരും പൊലീസുകാരികളും വരെ ഇയാളുടെ വലയില്‍ വീണതായി പൊലീസ് പറയുന്നു. 

ഇയാളുടെ പക്കല്‍ നിന്നും മൂന്ന് പാന്‍ കാര്‍ഡും 11 എടിഎം കാര്‍ഡുകളും പിടിച്ചെടുത്തിട്ടുണ്ട്. അതിനിടെ, ഇയാള്‍ മെഡിക്കല്‍ സീറ്റ് വാങ്ങിത്തരാമെന്ന് പറഞ്ഞ് 18 ലക്ഷം രൂപ തട്ടിയെടുത്തതായി ആരോപിച്ച് ഒഡീഷയിലെ ജഗത് സിങ്പൂര്‍ സ്വദേശിനിയായ വിദ്യാര്‍ത്ഥിനിയും രംഗത്തെത്തിയിട്ടുണ്ട്. 

മാട്രിമോണിയല്‍ വെബ്‌സൈറ്റുകളില്‍ വിവാഹ സ്റ്റാറ്റസ് മറച്ചുവെച്ചാണ് ഇയാള്‍ തട്ടിപ്പുനടത്തിയിരുന്നത്. അറസ്റ്റിലായ ഇയാളെ ജയിലിലടച്ചു. ഇയാള്‍ 2006 ല്‍ എറണാകുളത്തും 2010 ല്‍ ഹൈദരാബാദില്‍ വെച്ചും തട്ടിപ്പുകേസില്‍ അറസ്റ്റിലായിട്ടുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com