വിഗ്രഹത്തിന്റെ താഴെ അറുത്തെടുത്ത നിലയില്‍ തല, നരബലിയോ എന്ന് സംശയം; പൊലീസ് അന്വേഷണം 

തെലങ്കാനയില്‍ വിഗ്രഹത്തില്‍ ദേവിയുടെ കാലിന്റെ ചുവട്ടില്‍ അറുത്തെടുത്ത നിലയില്‍ മനുഷ്യന്റെ തല കണ്ടെത്തി
നല്‍ഗോണ്ടയിലെ ദേവി ക്ഷേത്രം
നല്‍ഗോണ്ടയിലെ ദേവി ക്ഷേത്രം

ഹൈദരാബാദ്: തെലങ്കാനയില്‍ വിഗ്രഹത്തില്‍ ദേവിയുടെ കാലിന്റെ ചുവട്ടില്‍ അറുത്തെടുത്ത നിലയില്‍ മനുഷ്യന്റെ തല കണ്ടെത്തി. സംഭവത്തിന്റെ ഞെട്ടലിലാണ് നാട്. മരിച്ചത് ആരെന്നും കണ്ടെത്താനും അതിക്രൂരമായ കൊലപാതകത്തിന്റെ ചുരുളഴിക്കാനും എട്ട് പൊലീസ് സംഘത്തെയാണ് അന്വേഷണത്തിനായി നിയോഗിച്ചത്.

നല്‍ഗോണ്ട ജില്ലയില്‍ റോഡരികിലുള്ള ക്ഷേത്രത്തില്‍ ഇന്നലെയാണ് സംഭവം. ക്ഷേത്രത്തിലെ പൂജാരിയാണ് ഇത് ആദ്യം കണ്ടത്. തുടര്‍ന്ന് പൊലീസിനെ വിവരം അറിയിക്കുകയായിരുന്നു. കൊലപാതക കേസ് രജിസ്റ്റര്‍ ചെയ്ത് പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.നരബലിയാണോ എന്നതടക്കം വിവിധ വശങ്ങള്‍ പരിശോധിച്ചാണ് പൊലീസ് അന്വേഷണം നടത്തുന്നത്്. ദേവി കാളിയുടെ കാലിന്റെ ചുവട്ടിലാണ് അറുത്തെടുത്ത നിലയില്‍ തല കണ്ടെത്തിയത്.

30 വയസ് പ്രായം തോന്നിക്കുന്ന യുവാവിന്റേതാണ് മൃതദേഹമെന്നാണ് പൊലീസ് നിഗമനം. മറ്റൊരു പ്രദേശത്ത് വച്ച് കൊലപ്പെടുത്തിയ ശേഷം തല ഇവിടെ കൊണ്ടുവന്നു വച്ചതാകാമെന്നും പൊലീസ് സംശയിക്കുന്നുണ്ട്. 

പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ മൃതദേഹം തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ്. രണ്ടുവര്‍ഷം മുന്‍പ് നാടുവിട്ടു പോയ 30 വയസുകാരന്റെ മുഖത്തോട് സാദൃശ്യം തോന്നിയ പൊലീസ് സൂര്യപ്പെട്ടിലെ വീട്ടുകാരുമായി ബന്ധപ്പെട്ടിട്ടുണ്ട്. മാനസിക പ്രശ്‌നങ്ങള്‍ നേരിടുന്ന 30കാരന്‍ രണ്ടുവര്‍ഷം മുന്‍പാണ് വീട് വിട്ടിറങ്ങിയത്.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com