ഇരുജ്വാലകളും ഇനി ഒന്ന്; അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധ സ്മാരകത്തിൽ ലയിപ്പിച്ചു 

റിപ്പബ്ലിക്ക് ദിനത്തിനു മുന്നോടിയായാണ് ഇരുജ്വാലകളും ഒന്നാക്കിയത്
ചിത്രം : എഎൻഐ
ചിത്രം : എഎൻഐ

ന്യൂഡല്‍ഹി: ഇന്ത്യാ ഗേറ്റിലെ അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധ സ്മാരകത്തിലെ ജ്യോതിയില്‍ ലയിപ്പിച്ചു. റിപ്പബ്ലിക്ക് ദിനത്തിനു മുന്നോടിയായാണ് ഇരുജ്വാലകളും ഒന്നാക്കിയത്. ഇന്റഗ്രേറ്റഡ് ഡിഫൻസ് സ്റ്റാഫ് മേധാവി എയർ മാർഷൽ ബാലഭദ്ര രാധാകൃഷ്ണ ഇന്നലെ വൈകിട്ട് നടന്ന ചടങ്ങിൽ അമര്‍ ജവാന്‍ ജ്യോതി ദേശീയ യുദ്ധസ്മാരകത്തിലേക്ക് മാറ്റി. 

അമർ ജവാൻ ജ്യോതിയിൽ നിന്ന് ടോർച്ച് ലൈറ്റിലേക്ക് അഗ്നി പകർന്നു. ഇത് മാർച്ചായി യുദ്ധസ്മാരകത്തിലേക്ക് കൊണ്ടുവന്നശേഷം കെടാവിളക്കിനോട് ചേർക്കുകയായിരുന്നു. രാജ്യത്തിന് വേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച സൈനികരുടെ സ്മരണാര്‍ഥമുള്ള ജ്വാലകള്‍ ഒന്നിച്ചാക്കുമെന്ന്‌ കേന്ദ്ര സര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. രാജ്യത്തിന് വേണ്ടി ജീവൻ സമർപ്പിച്ച ധീരസൈനികരുടെ സ്മരണയ്ക്ക് വേണ്ടിയുള്ളതാണ് അമർ ജവാൻ ജ്യോതിയെന്നും അവരുടെയെല്ലാം പേര് കൊത്തി വച്ചിരിക്കുന്നത് ദേശീയ യുദ്ധസ്മാരകത്തിലായതിനാലാണ്  അങ്ങോട്ട് ജ്യോതി മാറ്റുന്നതെന്നുമാണ് കേന്ദ്രസർക്കാരിന്റെ വിശദീകരണം. 

ചരിത്രത്തെ ഇല്ലാതാക്കാനാണ് കേന്ദ്രത്തിന്റെ നീക്കമെന്ന് കോൺഗ്രസ് ആരോപിച്ചു. അമർ ജവാൻ ജ്യോതി അണയ്ക്കുന്നതിൽ ഏറെ ദുഃഖമുണ്ടെന്ന് രാഹുൽ ഗാന്ധി ട്വിറ്ററിൽ കുറിച്ചു. ദേശഭക്തി, ത്യാഗം തുടങ്ങിയവ എന്തെന്ന് ചിലർക്ക് അറിയില്ല. സൈനികർക്കായി അമർ ജവാൻ ജ്യോതി ഒരിക്കൽ കൂടി തെളിയിക്കും എന്ന് രാഹുൽ പറഞ്ഞു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com