ശിവ പാര്‍വതിമാരായി ബുള്ളറ്റ് ഓടിച്ച്‌ ദമ്പതികള്‍ തെരുവില്‍; കേന്ദ്രത്തെ വിമര്‍ശിച്ച് നാടകം; നടന്‍ അറസ്റ്റില്‍

കേന്ദ്ര സര്‍ക്കാരിനെതിരെ ദമ്പതികളായ ബ്രിഞ്ചി ബോറ, കരിഷ്മ എന്നിവരാണ് ശിവ പാര്‍വതിമാരായി തെരുവു നാടകം കളിച്ച്  പ്രതിഷേധിച്ചത്
ഫോട്ടോ: എഎൻഐ
ഫോട്ടോ: എഎൻഐ

ഗുവാഹത്തി: ശിവനും പാര്‍വതിയുമായി വേഷം ധരിച്ച് തെരുവില്‍ നാടകം കളിച്ച് പ്രതിഷേധിച്ച സംഭവത്തില്‍ ദമ്പതികളില്‍ ഭര്‍ത്താവ് അറസ്റ്റില്‍. അസമിലെ നാഗോണിലാണ് സംഭവം. ഇതുമായി ബന്ധപ്പെട്ട് രണ്ട് പേരെ കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് പറയുന്നു.  

കേന്ദ്ര സര്‍ക്കാരിനെതിരെ ദമ്പതികളായ ബ്രിഞ്ചി ബോറ, കരിഷ്മ എന്നിവരാണ് ശിവ പാര്‍വതിമാരായി തെരുവു നാടകം കളിച്ച്  പ്രതിഷേധിച്ചത്. ഇതില്‍ ശിവന്റെ വേഷം ധരിച്ച ബ്രിഞ്ചി ബോറോക്കെതിരെ മതവികാരം വ്രണപ്പെടുത്തിയ സംഭവത്തില്‍ കേസെടുത്താണ് അറസ്റ്റ്. ഇന്ധന, ഭക്ഷണ, നിത്യോപയോഗ സാധനങ്ങളുടെ വില വര്‍ധനവിനെതിരെയായിരുന്നു ദമ്പതികളുടെ പ്രതിഷേധം.

ഇരുവരും ബുള്ളറ്റോടിച്ച് ശിവ പാര്‍വതിമാരായി തെരുവില്‍ എത്തിയാണ് നാടക കളിച്ച് പ്രതിഷേധം നടത്തിയത്. 

ബജ്‌രംഗ് ദള്‍, വിശ്വഹിന്ദു പരിഷത്ത് എന്നീ സംഘടനകളാണ് പരാതി നല്‍കിയത്. ഹിന്ദു സനാതന ധര്‍മത്തെ മുറിപ്പെടുത്തുന്നതാണ് ശിവ പാര്‍വതി വേഷം ധരിച്ചുള്ള പ്രതിഷേധമെന്ന് പരാതിയില്‍ ചൂണ്ടിക്കാട്ടുന്നു. ബൈക്കില്‍ കോളജ് ചൗക്കില്‍ എത്തിയാണ് നാടകം നടത്തിയത്. ബൈക്കില്‍ ഇന്ധനം തീരുന്നതോടെയാണ് നാടകം തുടങ്ങുന്നത്. 

വന്‍കിട മുതലാളിമാരുടെ താത്പര്യം മുന്‍ നിര്‍ത്തിയാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നതെന്നും സാധാരണക്കാരുടെ പ്രശ്‌നങ്ങളില്‍ ആശങ്കയില്ലെന്നും ശിവന്റെ വേഷം ധരിച്ച നടന്‍ പറയുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നേരെയും പരിഹാസമുണ്ട്. കുതിച്ചുയരുന്ന പണപ്പെരുപ്പത്തിനെതിരെ തെരുവിലിറങ്ങാനും പ്രതിഷേധിക്കാനും അദ്ദേഹം ചുറ്റുമുള്ള കാഴ്ചക്കാരോട് ആവശ്യപ്പെടുന്നു.

വിവിധയിടങ്ങളില്‍ ഇതിനോടകം നാടകം അവതരിപ്പിച്ച ദമ്പതികള്‍ ഹിന്ദു വികാരം വ്രണപ്പെടുത്തിയെന്ന് സംഘടനകള്‍ ആരോപിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com