'ക്രൈം ഷോ പ്രചോദനം', പണത്തിനായി ഏഴു വയസുകാരനെ തട്ടിക്കൊണ്ടുപോയി; പിടിക്കപ്പെടുമോ എന്ന് പരിഭ്രാന്തി, കൊലപാതകത്തില്‍ അഞ്ച് കൗമാരക്കാര്‍ പിടിയില്‍ 

ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് കൗമാരക്കാര്‍ കസ്റ്റഡിയില്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ:  ഉത്തര്‍പ്രദേശില്‍ സ്‌കൂള്‍ വിദ്യാര്‍ഥിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയ കേസില്‍ അഞ്ച് കൗമാരക്കാര്‍ കസ്റ്റഡിയില്‍. പത്താം ക്ലാസ് വിദ്യാര്‍ഥികളാണ് ഏഴുവയസുകാരനെ മോചനദ്രവ്യത്തിനായി തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയതെന്ന് പൊലീസ് പറയുന്നു. തട്ടിക്കൊണ്ടുപോയത് അറിഞ്ഞാല്‍ പിടിക്കപ്പെടുമെന്ന ഭയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്ന് പൊലീസ് പറയുന്നു. ടിവിയിലെ ക്രൈം ഷോയില്‍ നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടാണ് കുറ്റകൃത്യം നടത്തിയതെന്നും പൊലീസ് പറയുന്നു.

ബുലന്ദ്ഷഹര്‍ പൊലീസ് സ്‌റ്റേഷന്‍ പരിധിയിലാണ് സംഭവം. ജൂലൈ 9ന് സ്‌കൂളില്‍നിന്ന് കുട്ടിയെ അലിഗഡിലേക്ക് തട്ടിക്കൊണ്ടുപോയ ശേഷം അവിടെവച്ച് തൂവാല ഉപയോഗിച്ച് ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തുകയായിരുന്നു. ശേഷം നദിയിലേക്ക് വലിച്ചെറിഞ്ഞതായി പൊലീസ് പറയുന്നു. കുട്ടിയെ കാണാനില്ലെന്ന ഷേഖുപുര്‍ സ്വദേശിയായ പിതാവിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ അന്വേഷണത്തിലാണ് കൗമാരക്കാര്‍ കുടുങ്ങിയത്.

സാമ്പത്തിക ഇടപാട് നടത്തുന്നതിനിടെ പ്രതികളിലൊരാള്‍ക്ക് 40,000 രൂപ നഷ്ടപ്പെട്ടിരുന്നു. ഇക്കാര്യം സുഹൃത്തുക്കളോട് പറഞ്ഞു. ഈ സാമ്പത്തിക നഷ്ടം നികത്താന്‍ മോചനദ്രവ്യത്തിനായി ഒരു വിദ്യാര്‍ഥി പഠിക്കുന്ന സ്‌കൂളിലെ ഒരു കുട്ടിയെ സ്‌കൂളില്‍നിന്ന് തട്ടിക്കൊണ്ടുപോകാന്‍ അഞ്ചുപേരും ചേര്‍ന്ന് തീരുമാനിക്കുകയായിരുന്നു.

ക്ലാസിനു പുറത്ത് കളിച്ചുകൊണ്ടിരുന്ന കുട്ടിയെ സ്‌കൂളിന്റെ അതിര്‍ത്തിയിലേക്ക് കൊണ്ടുപോയി. അവിടെ വേറെ സ്‌കൂളില്‍ പഠിച്ചിരുന്ന മറ്റ് രണ്ടു കുട്ടികളും ഉണ്ടായിരുന്നു. ഇവരില്‍ രണ്ടുപേര്‍ ചേര്‍ന്ന് കുട്ടിയെ അവിടെനിന്ന് ബൈക്കില്‍ അലിഗഡിലേക്ക് കൊണ്ടുപോയി.  വിദ്യാര്‍ഥികളില്‍ ഒരാള്‍ക്ക് അവിടെ  വീടുണ്ട്. രണ്ടുപേര്‍ ബസില്‍ അവിടെയെത്തി. അഞ്ചുപേരിലൊരാളുടെ വീട് അലിഗഡിലായതിനാണ് അവിടേക്ക് പോയത്. പിന്നീട് പദ്ധതി വിജയിച്ചില്ലെങ്കില്‍ എന്തുചെയ്യുമെന്ന് ചിന്തിച്ച് പരിഭ്രാന്തരായി.

തുടര്‍ന്ന് കൊല്ലാന്‍ തീരുമാനിക്കുകയും മൃതദേഹം നദിയില്‍ തള്ളുകയുമായിരുന്നുവെന്നും പൊലീസ് പറയുന്നു. കൊലപ്പെടുത്താന്‍ ഉപയോഗിച്ച തൂവാല പ്രദേശത്തെ കുറ്റിക്കാട്ടില്‍ എറിഞ്ഞ ശേഷം ബുലന്ദ്ഷഹറിലേക്ക് മടങ്ങി. പിറ്റേദിവസം അലിഗഡിലെ നദിയില്‍നിന്ന് കുട്ടിയുടെ മൃതദേഹം കണ്ടെത്തുകയും ബുലന്ദ്ഷഹറില്‍നിന്ന് കാണാതായ ആണ്‍കുട്ടിയാണെന്ന് തിരിച്ചറിയുകയും ചെയ്തു. നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചും ഇരുന്നൂറിലധികം പേരെ ചോദ്യം ചെയ്തുമാണ് പ്രതികളിലേക്കെത്തിയതെന്നു പൊലീസ് പറഞ്ഞു.
 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com