'ഒരു മാധ്യമപ്രവര്‍ത്തകന്‍ എഴുതരുതെന്ന് എങ്ങനെ പറയാനാവും?'

അറസ്റ്റിനുള്ള അധികാരം അവധാനതയോടെ പ്രയോഗിക്കേണ്ടതാണെന്ന് കോടതി
സുപ്രീം കോടതി/ഫയല്‍ ചിത്രം
സുപ്രീം കോടതി/ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: മാധ്യമ പ്രവര്‍ത്തകനായ മുഹമ്മദ് സുബൈറിനെ എഴുതുന്നതില്‍നിന്നോ ട്വീറ്റ് ചെയ്യുന്നതില്‍നിന്നോ വിലക്കാനാവില്ലെന്ന് സുപ്രീം കോടതി. ട്വീറ്റിലൂടെ നിയമ ലംഘനം നടത്തിയാല്‍ അതിനു നടപടിയെടുക്കാവുന്നതാണെന്ന്, സുബൈറിനു ജാമ്യം അനുവദിച്ചുകൊണ്ടുള്ള ഉത്തരവില്‍ സുപ്രീം കോടതി വ്യക്തമാക്കി.

സുബൈറിന്റെ ട്വീറ്റുകള്‍ വിലക്കണമെന്ന യുപി സര്‍ക്കാരിന്റെ ആവശ്യം നിരസിച്ചുകൊണ്ടാണ്, ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ നടപടി. ''ഒരു മാധ്യമപ്രവര്‍ത്തകന്‍ എഴുതരുതെന്നോ ട്വീറ്റ് ചെയ്യരുതെന്നോ എങ്ങനെ പറയാനാവും? ട്വീറ്റില്‍ നിയമം ലംഘിച്ചാല്‍ നിയമപ്രകാരമുള്ള നടപടിയെടുക്കാം''- കോടതി വ്യക്തമാക്കി. ജേണലിസ്റ്റിനോട് ട്വീറ്റ് ചെയ്യരുതെന്നു പറയുന്നത് അഭിഭാഷകനോട് വാദിക്കരുതെന്നു പറയുന്നതു പോലെ തന്നെയാണെന്ന് കോടതി ഓര്‍മിപ്പിച്ചു.

അറസ്റ്റിനുള്ള അധികാരം അവധാനതയോടെ പ്രയോഗിക്കേണ്ടതാണെന്ന് കോടതി പറഞ്ഞു. സുബൈറിനെ ഇനിയും കസ്റ്റഡിയില്‍ വയ്ക്കുന്നതിനു ന്യായീകരണമൊന്നുമില്ല. സുബൈറിന് ഡല്‍ഹി കോടതി ജാമ്യം നല്‍കിയിട്ടുള്ളതാണ്. ഇതേ കുറ്റത്തിനു തന്നെയാണ് യുപിയില്‍ കേസുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. ഇതേ കുറ്റത്തിന് ഇനി രജിസ്റ്റര്‍ ചെയ്യുന്ന കേസുകളിലും സുബൈറിനു ജാമ്യം നല്‍കുകയാണെന്ന് കോടതി വ്യക്തമാക്കി.

സുബൈറിനെതിരെ യുപിയില്‍ രജിസ്റ്റര്‍ ചെയ്ത എല്ലാ കേസുകളും ഡല്‍ഹിയിലേക്കു മാറ്റി. ഡല്‍ഹി പൊലീസ് ഈ കേസുകള്‍ അന്വേഷിക്കും. അന്വേഷണത്തിനായി യുപി സര്‍ക്കാര്‍ രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘം കോടതി പിരിച്ചുവിട്ടു. എഫ്‌ഐആര്‍ റദ്ദാക്കാന്‍ സുബൈറിന് ഡല്‍ഹി കോടതിയെ സമീപിക്കാവുന്നതാണെന്നും സുപ്രീം കോടതി ഉത്തരവില്‍ പറഞ്ഞു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com