മകനെ ഗ്രൈൻഡർ കല്ല് കൊണ്ട് തലയ്ക്കടിച്ചു കൊന്നു; ശരീര ഭാ​ഗങ്ങൾ ആറ് കഷ്ണമാക്കി പല സ്ഥലത്തായി വലിച്ചെറിഞ്ഞു; അച്ഛൻ അറസ്റ്റിൽ

അഹമ്മദാബാദിലെ പോഷ് മേഖലയിൽ നിന്ന് കവറുകളിലാക്കിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെടുത്തത് പരിഭ്രാന്തി പരത്തിയിരുന്നു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

അഹമ്മദാബാദ്: മകനെ ഗ്രൈൻഡർ കല്ല് കൊണ്ട് അടിച്ചു കൊന്നു പല കഷ്ണങ്ങളാക്കി ശരീര ഭാ​ഗങ്ങൾ ന​ഗര‌ത്തിലെ വിവിധയിടങ്ങളിൽ വലിച്ചെറിഞ്ഞ് പിതാവ്. മകൻ മദ്യത്തിനും മയക്കുമരുന്നിനും അടിമയായതാണ് പൊലീസുകാരൻ കൂടിയായ പിതാവിനെ ക്രൂരതയ്ക്ക് പ്രേരിപ്പിച്ചത്. സംഭവവുമായി ബന്ധപ്പെട്ട് നിലേഷ് ജോഷി (65)യെ പൊലീസ് അറസ്റ്റ് ചെയ്തു. ​

ഗുജറാത്തിലാണ് സംഭവം. കൊന്ന ശേഷം മകന്റെ ശരീര ഭാ​ഗങ്ങൾ അഹമ്മദാബാദിലെ പലയിടങ്ങളിലായാണ് ഇയാൾ വലിച്ചെറിഞ്ഞത്. പിന്നീട് സംസ്ഥാനം വിട്ട നിലേഷിനെ ശനിയാഴ്ച ഉച്ചയ്ക്കു ശേഷം രാജസ്ഥാനിലെ സവായ് മാധോപുർ ജില്ലയിലെ റെയിൽവേ സ്റ്റേഷനിൽ അവാധ് എക്സ്പ്രസിൽ നിന്നാണ് പിടികൂടിയത്. യുപിയിലെ ഗോരഖ്പുർ വഴി നേപ്പാൾ അതിർത്തിയിലേക്കു കടക്കാനായിരുന്നു ഇയാളുടെ പദ്ധതി.

ട്രാഫിക് ഇൻസ്പെക്ടറായി വിരമിച്ച നിലേഷ് ജോഷി ജൂലൈ 18ന് പുലർച്ചെ അഞ്ച് മണിക്ക് സ്വന്തം വീട്ടിൽ വച്ചാണ് 21കാരനായ സ്വയം ജോഷി എന്നു പേരുള്ള മകനെ കൊലപ്പെടുത്തിയത്. വാക്കു തർക്കത്തെ തുടർന്നായിരുന്നു കൊലപാതകം. പിന്നീട് ഇലക്ട്രോണിക് കട്ടർ ഉപയോഗിച്ച് ആറ് ഭാഗങ്ങളായി ശരീരത്തെ മുറിച്ചു. വലിയ പ്ലാസ്റ്റിക്ക് ബാഗിൽ അഹമ്മദാബാദിലെ വസ്ന, എല്ലിസ് പാലം തുടങ്ങിയ മേഖലകളിൽ നിക്ഷേപിക്കുകയായിരുന്നു.

അഹമ്മദാബാദിലെ പോഷ് മേഖലയിൽ നിന്ന് കവറുകളിലാക്കിയ നിലയിൽ ശരീരഭാഗങ്ങൾ കണ്ടെടുത്തത് പരിഭ്രാന്തി പരത്തിയിരുന്നു. ഇതേത്തുടർന്ന് അഹമ്മദാബാദ് പൊലീസിന്റെ ക്രൈം ബ്രാഞ്ച് വിഭാഗമാണ് കേസ് അന്വേഷിച്ചത്.

പണത്തെച്ചൊല്ലിയാണു പിതാവും മകനും വഴക്കുണ്ടാക്കിയതെന്ന് പൊലീസ് പറയുന്നു. ഇനി പണം നൽകാനാകില്ലെന്ന് നിലേഷ് ജോഷി നിലപാടെടുത്തു. വാക്കു തർക്കം അതിരുവിട്ടപ്പോൾ അടുക്കളയിലെ ഗ്രൈൻഡറിൽ ഉപയോഗിക്കുന്ന കല്ല് എടുത്ത് മകന്റെ തലയിൽ നിലേഷ് ജോഷി ഇടിക്കുകയായിരുന്നു. പലതവണ ഇടിച്ചതോടെ ഇയാൾ മരിച്ചു. 

പിന്നീട് പ്ലാസ്റ്റിക് ബാഗും ഇലക്ട്രോണിക് കട്ടറും കലുപുർ ചന്തയിൽ നിന്നു വാങ്ങി ശരീരം മുറിച്ച് പലയിടങ്ങളിൽ നിക്ഷേപിച്ചു. സ്വന്തം സ്കൂട്ടറിൽ യാത്ര ചെയ്താണ് ബാഗുകൾ നിക്ഷേപിച്ചത്. ജൂലൈ 20ന് ആദ്യ ബാഗ് കിട്ടിയപ്പോൾ തന്നെ വസ്ന സ്റ്റേഷനിൽ കേസ് റജിസ്റ്റർ ചെയ്തു. 

നേപ്പാളിലേക്കു രക്ഷപ്പെടാനുള്ള നീക്കത്തിനിടെ ഗോരഖ്പുർ ക്ഷേത്രത്തിൽ ദർശനത്തിനു കയറണമെന്ന ആഗ്രഹം കാരണമാണ് നിലേഷ് ജോഷി യാത്ര യുപി വഴിയാക്കിയത്. ബാഗുകൾ നിക്ഷേപിച്ച ശേഷം വീടു പൂട്ടിയിറങ്ങിയ ഇയാൾ ബസിലാണ് സൂറത്തിലേക്കു പോയത്. അവിടെ നിന്ന് പുലർച്ചെ രണ്ടുമണിക്ക് അവാധ് എക്സ്പ്രസിൽ കയറി. 

മരിച്ച മകനെ കൂടാതെ നിലേഷിന് ഒരു മകളുമുണ്ട്. ഇയാളുടെ ഭാര്യയും മകളും ആറ് വർഷമായി ജർമനിയിൽ സ്ഥിര താമസമാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com