സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണം; മദ്യശാലയ്ക്ക് നേരെ ചാണകമെറിഞ്ഞ് ഉമാഭാരതി; വിഡിയോ

വിശുദ്ധ നഗരത്തിന്റെ കവാടത്തില്‍ ഇത്തരത്തില്‍ മദ്യശാല അനുവദിക്കാനാവില്ല.
ഫയല്‍ ചിത്രം
ഫയല്‍ ചിത്രം

ഭോപ്പാല്‍:  മധ്യപ്രദേശിലെ നിവാരി ജില്ലയിലെ ഓര്‍ക്കയില്‍ മദ്യശാലയ്ക്ക് നേരെ ചാണകമെറിഞ്ഞ് മധ്യപ്രദേശ് മുന്‍മുഖ്യമന്ത്രിയും കേന്ദ്രമന്ത്രിയുമായ ഉമാഭാരതി. ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ സമ്പൂര്‍ണ മദ്യനിരോധനം നടപ്പാക്കണമെന്നാവശ്യപ്പെട്ടായിരുന്നു പ്രതിഷേധം. ചൊവ്വാഴ്ചയായിരുന്നു സംഭവം.

സംഭവത്തിന് പിന്നാലെ ഈ പ്രദേശത്ത് പ്രവര്‍ത്തിക്കാന്‍ മദ്യശാലയ്ക്ക് അനുമതിയില്ലെന്നും വിശുദ്ധനഗരമായ ഓര്‍ക്കയില്‍ മദ്യശാല തുറന്നത് കുറ്റമാണെന്നും ഉമാഭാരതി പറഞ്ഞു. എന്നാല്‍ അനുമതിയുളള സ്ഥലത്താണ് മദ്യശാല പ്രവര്‍ത്തിക്കുന്നതെന്ന് പൊലീസ് പറഞ്ഞു.

ഭോപ്പാലില്‍ നിന്നും 330 കിലോമീറ്റര്‍ ദൂരെയുള്ള ഓര്‍ക്കയിലാണ് പ്രശസ്തമായ രാമരാജക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഈ പ്രദേശത്തുള്ള മദ്യശാലയിലേക്ക് ഉമാ ഭാരതി ചാണകം വലിച്ചെറിയുന്നതിന്റെ വീഡിയോ വൈറലായിരുന്നു. എറിയുന്നതിനിടെ വീഡിയോ എടുക്കുന്നയാളോട് താന്‍ എറിയുന്നത് ചാണകമാണെന്നും കല്ലെറിയില്ലെന്ന് പറയുന്നതും വീഡിയോയില്‍ കേള്‍ക്കാം.

സംസ്ഥാനത്ത് മദ്യം നിരോധനം ഏര്‍പ്പെടുത്തണമെന്നാവശ്യപ്പെട്ട്  കഴിഞ്ഞ മാര്‍ച്ചില്‍ ഭോപ്പാലിലെ മദ്യശാലയ്ക്ക് നേരെ  ഉമാഭാരതി കല്ലെറിഞ്ഞിരുന്നു. വിശുദ്ധ നഗരത്തിന്റെ കവാടത്തില്‍ ഇത്തരത്തില്‍ മദ്യശാല അനുവദിക്കാനാവില്ല. ഇതിനെതിരെ ഞങ്ങളും വിവിധ സംഘടനകളും നിരവധി  പ്രതിഷേധങ്ങള്‍ നടത്തിയിരുന്നു. സര്‍ക്കാരിന് ആയിരങ്ങള്‍ ഒപ്പുവച്ച് മെമ്മോറാണ്ടവും നല്‍കിയിരുന്നതായും ഉമാഭാരതി പറഞ്ഞു.

ഈ മദ്യശാലയ്‌ക്കെതിരായ ജനങ്ങളുടെ പ്രതികരണത്തെ കുറ്റമായി കാണാനാവില്ല. വിശുദ്ധമായ ഈ ഭൂമിയില്‍ മദ്യശാല തുറന്നുവയ്ക്കുന്നതാണ് വലിയ കുറ്റം. കഴിഞ്ഞ രാമനവമി ദിനത്തില്‍ ഇവിടെ 5 ലക്ഷം ഭക്തരാണ് ദീപം തെളിയിച്ചത്. അപ്പോഴും ഈ മദ്യശാല പ്രവര്‍ത്തിച്ചിരുന്നതായി തനിക്ക് വിവരം ലഭിച്ചിരുന്നു. അയോധ്യയോളം പുണ്യമായാണ് ഈ ഭൂമിയെ കാണുന്നതെന്നും ഉമാഭാരതി പറഞ്ഞു.

എന്നാല്‍ മദ്യശാല പ്രവര്‍ത്തിക്കുന്നത് അനുമതിയോടെയാണെന്ന് ഓര്‍ക്ക എസ്എച്ച്ഒ പറഞ്ഞു. ചാണകം ഒഴിച്ചതിനെ തുടര്‍ന്ന മദ്യശാല താത്കാലികമായി പൂട്ടിയിട്ടുണ്ട്.

പുതിയ എക്‌സൈസ് നിയമത്തിന്റെ ഭാഗമായി മധ്യപ്രദേശ് സര്‍ക്കാര്‍ ഹോം ബാറുകള്‍ക്ക് അനുമതി നില്‍കിയിരുന്നു. മദ്യത്തിന്റെ എക്‌സൈസ് തീരുവ 20 ശതമാനം കുറയ്ക്കുകയും ചെയ്തിരുന്നു.

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com